വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇലക്ട്രിക്ക് കരുത്തില്‍ വാഹനവിപണിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ബജാജ് ചേതക്ക് സ്കൂട്ടര്‍. ആദ്യഘട്ടമെന്ന നിലയില്‍ പുണെയിലെയും ബെംഗളൂരുവിലെയും ഉപയോക്താക്കള്‍ക്കാണ് കച്ചവടം നടന്നത്. കെടിഎം ഔട്ട്ലെറ്റുകളിലൂടെയാണ് വില്‍പ്പന നടക്കുന്നത്.
നിരവധി പുതിയ ഫീച്ചറുകളോടെയാണ് ബജാജ് ചേതക്ക് പുറത്തിറക്കിയിരിക്കുന്നത്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറന്റി കമ്പനി നല്ക്കുന്ന ഈ വാഹനം ഘട്ടംഘട്ടമായി രാജ്യത്തെ മറ്റ് നഗരങ്ങളിലും എത്തിക്കും. അര്‍ബന്‍, പ്രീമിയം എന്നീ രണ്ടു വകഭേദങ്ങളിലാണ് നിലവില്‍ ബജാജിന്റെ ഇ-സ്ക്കൂട്ടര്‍ എത്തുന്നത്. ബജാജിന്റെ ആദ്യ ഇ-സ്ക്കൂട്ടര്കൂടിയാണ് ചേതക്ക്. ബജാജിന്റെ തന്നെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ അര്‍ബണൈറ്റ് ആണ് ചേതക്കിനെ വീണ്ടും നിരത്തുകളിലെത്തിച്ചത്.
ഐപി67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിന്റെ എനര്‍ജി. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. 3.8kW/ 4.1kW ഇലക്ട്രിക് മോട്ടറുള്ള സ്കൂട്ടറിന് സ്പോര്‍ട്, ഇക്കോ എന്നിങ്ങനെ രണ്ടു ഡ്രൈവ് മോഡുകളുണ്ട്. സ്പോര്‍ട് മോഡില്‍ ഒരു പൂര്‍ണ ചാര്‍ജിംഗില്‍ 85 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമ്പോള്‍, ഊര്‍ജക്ഷമതയേറിയ ഇക്കോ മോഡില്‍ സ്കൂട്ടറിന്റെ മൈലേജ് 95 കിലോമീറ്ററായി ഉയരും. റിവേഴ്സ് ഗിയറുള്ള ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ എന്ന പ്രത്യേകതയും പുതിയ ചേതക്കിനുണ്ട്.
എല്‍ഇഡി ഹെഡ്ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, സ്പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവയും പുതിയ ചേതക്കിനുണ്ട്. അര്‍ബന്‍ വേരിയന്റിന് ഒരു ലക്ഷം രൂപയും പ്രീമിയം വേരിയന്റിന് 1.15 ലക്ഷം രൂപയുമാണ് ചേതക് ഇ-സ്കൂട്ടറിന്റെ എക്സ് ഷോറൂം വില. പേരിലല്ലാതെ പഴയ ചേതക്കിനോട് രൂപത്തില്‍ സമാനതകളൊന്നും ഇലക്ട്രിക് ചേതക്കിനില്ല. റെട്രോ ഡിസൈന്‍ പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ ഓവറോള്‍ രൂപകല്പന.
സ്റ്റാന്റേര്‍ഡ്, ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും സ്കൂട്ടറില്‍ ലഭ്യമാണ്. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. അഞ്ച് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജാകും. 25 ശതമാനം ചാര്‍ജാകാന്‍ ഒരു മണിക്കൂര്‍ മാത്രം മതി. ബാറ്ററിക്ക് മൂന്നു വര്‍ഷം അല്ലെങ്കില്‍ 50,000 കിലോ മീറ്റര്‍ വാറണ്ടി ബജാജ് വാഗ്ദാനം ചെയ്യുന്നു. 1972ലാണ് മഹാരാജാ റാണാ പ്രതാപ് സിംഗിന്റെ പടക്കുതിരയുടെ പേരോടുകൂടിയ ചേതക്ക് സ്ക്കൂട്ടര്‍ ഹമാരാ ബജാജ് എന്ന മുദ്രാവാക്യത്തോടെ ബജാജ് ആദ്യമായി അവതരിപ്പിക്കുന്നത്. ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ വെസ്പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കിയായിരുന്നു ചേതക്കിന്റെ അവതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: