ഇടുക്കി: ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ 19 അംഗ സംഘത്തിലെ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളും സംഘവും കേരളത്തിലെത്തിയത് കഴിഞ്ഞ നാലിനാണ്. പിന്നീട് സംസ്ഥാനം ചുറ്റിയ ശേഷം ഏഴ് മുതല്‍ മൂന്നാറില്‍ താമസിച്ച് വരികയായിരുന്നു.
സംശയത്തെ തുടര്‍ന്ന് ഇവരെ 10 മുതല്‍ ജില്ലാ ഭരണകൂടം നിരീക്ഷിച്ച് വരികയായിരുന്നു. ആദ്യം പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. പിന്നീട് വീണ്ടും സാമ്പിളുകള്‍ ശേഖരിച്ചു. ഈ പരിശോധനയുടെ ഫലം വന്ന ശേഷം മാത്രമെ റിസോര്‍ട്ടില്‍ നിന്ന് പുറത്ത് കടക്കാവൂ എന്ന് കര്‍ശനമായി അറിയിച്ചിരുന്നു. ഇത് ലംഘിച്ചായിരുന്നു സംഘം ബഹളമുണ്ടാക്കി പുറത്ത് കടന്നത്.
ഇന്നലെ രാവിലെ രോഗം സ്ഥിരീകരിച്ചതോടെ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഫലം ലഭിച്ചതോടെ ജില്ലാ ഭരണകൂടം പോലീസിന്റെ സഹായം തേടുകയായിരുന്നു. ഈ സമയം ഇവര്‍ പുറത്തേക്ക് പോയതായുള്ള വിവരം ലഭിച്ചു. റിസോര്‍ട്ട് ഉടമകള്‍ പറഞ്ഞത് ഇവര്‍ മൂന്നാര്‍ കാണാന്‍ പുറത്ത് പോയി എന്നാണ്.
എന്നാല്‍ സംഘം നെടുമ്പാശ്ശേരി വഴി ദുബായ്ക്ക് പോകാനുള്ള വിമാനത്തില്‍ കയറിയിരുന്നു. പേരുകള്‍ പരിശോധിച്ചപ്പോഴാണ് സംഘം വിമാനത്തിലുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഇതോടെ വിമാനം പറന്നിറങ്ങുന്നതിന് മുമ്പ് സംഘത്തെ പിടികൂടുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 270 പേരെയും പുറത്തിറക്കി. ഇവര്‍ക്കും നിരീക്ഷണം ഏര്‍പ്പെടുത്തും. രോഗം സ്ഥിരീകരിച്ചതോടെ ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരും റിസോര്‍ട്ടിലെ ജീവനക്കാരും ഭീതിയിലാണ്. വിദേശികള്‍ താമസിച്ച റിസോര്‍ട്ടിലെ എല്ലാവരെയും നിരീക്ഷിക്കുന്നു. മൂന്നാര്‍ കര്‍ശന നിരീക്ഷണത്തില്‍.
വിദേശിയുടെ പരിശോധന ഫലം പോസിറ്റാവാണെന്ന് ജില്ലാ കളക്ടറും വ്യക്തമാക്കി. കളക്ട്രേറ്റിലും മൂന്നാറിലും അടിയന്തര യോഗം ചേരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നെയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: