ആത്മാവിന്റെ അനശ്വരതയെക്കുറിച്ച് വിവരിക്കുന്നു.
ശ്ലോകം 134
ന ജായതേ നോ മ്രിയതേ ന വര്‍ദ്ധതേ
ന ക്ഷീയതേ നോ വികരോതി നിത്യ:
വിലീയമാളനേപി വപുഷ്യമുഷ്മിന്
ന ലീയതേ കുംഭ ഇവാംബരം സ്വയം
ആത്മാവ് ജനിക്കുന്നില്ല, മരിക്കുന്നുമില്ല. വര്‍ദ്ധിക്കുകയോ ക്ഷയിക്കുകയോയില്ല. നിത്യനായതിനാല്‍ അതിന് യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. ദേഹം നശിച്ചാലും ആത്മാവ് നശിക്കുന്നില്ല. പാത്രം ഉടഞ്ഞാലും അതിനുള്ളിലെ ആകാശം നശിക്കാത്തത് പോലെയാണിത്.
ആത്മാവിന് ജനന മരണങ്ങളോ വൃദ്ധിക്ഷയങ്ങളോ ഇല്ലെന്ന് പറഞ്ഞാല്‍ അതിന് ഒരു തരത്തിലുള്ള മാറ്റവും ഇല്ല എന്നര്‍ത്ഥം. ആത്മാവ് നിത്യന് ആയതിനാലാണിത്. അതായത് എന്നും എപ്പോഴും എല്ലായിടത്തും ഒരുപോലെയുള്ളതാണ് ആത്മാവ്.
ഉണ്ടായി, നിലനിന്ന് നശിക്കുന്നത് പല പേരുകളിലും രൂപങ്ങളിലുമായിരിക്കുന്ന ജഗത്താണ്. പല തരത്തിലുള്ള ശരീരങ്ങളെ കൊണ്ട് നിറഞ്ഞ ഈ ലോകത്തിന്റെ സ്വഭാവമാണ് മാറ്റം. എല്ലാ സ്ഥൂല ശരീരങ്ങളും ഉണ്ടായി, ജനിച്ച്, വര്‍ദ്ധിച്ച്, മാറ്റങ്ങള്‍ക്ക് വിധേയമായി, ക്ഷയം സംഭവിച്ച്, നശിക്കുന്നവയാണ്. ഈ ആറ് തരത്തിലുള്ള മാറ്റങ്ങള്‍ എല്ലാ ജീവജാലങ്ങളിലും കാണാം. മാറ്റങ്ങള്‍ എല്ലാം ഉണ്ടാകണമെങ്കില്‍ മാറ്റമില്ലാത്ത ആധാരം വേണം. അതാണ് ആത്മാവ്. അതിനെ ഒരു തരത്തിലുള്ള മാറ്റവും ബാധിക്കുന്നില്ല. ദേഹത്തിന് നാശമുണ്ടായാലും ആത്മാവിന് നാശമില്ല. ഇത് ആത്മാവിന്റെ നിത്യത്വത്തെ കുറിക്കുന്നു. ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ മൂന്ന് കാലത്തിലും നിലനില്‍ക്കുന്നതാണത് ഒരു തരത്തിലുള്ള മാറ്റമോ നാശമോ അതിനില്ല. ശൈശവം, ബാല്യം, കൗമാരം, യൗവനം, മധ്യവയസ്സ്, വാര്‍ധക്യം തുടങ്ങിയ എല്ലാ ദശകളിലും അത് മാറ്റമില്ലാതെയിരിക്കുന്നു. ശരീരം മുതലായ എല്ലാ ഉപാധികള്‍ക്കും ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളേയും പ്രകാശിപ്പിച്ച് ആത്മാവ് മാറ്റമില്ലാതെയിരിക്കുന്നു.
ജനന മരണങ്ങളും വൃദ്ധിക്ഷയങ്ങളുമില്ലാത്തതിനാലാണ് ആത്മാവിനെ നിത്യന് എന്ന് വിശേഷിപ്പിച്ചത്. മാറ്റമുള്ളതൊക്കെ അനിത്യമാണ്.ജനിക്കാത്ത ഒന്നിന് ജനനത്തിന് ശേഷമുള്ള അവസ്ഥകളോ നാശമോ ഉണ്ടാകുകയില്ല. ആത്മാവിന് ജനനമില്ലാത്തതിനാല് നാശമുള്‍പ്പടെയുള്ള ഒന്നുമില്ല.അതിന് മാറ്റമില്ല മറ്റൊന്നിലും മാറ്റത്തേയും ഉണ്ടാക്കുന്നില്ല.
ഉപനിഷത്തിലെ മന്ത്രങ്ങളും ഭഗവദ് ഗീതയിലെ ശ്ലോകങ്ങളും പറയുന്ന ആശയമാണ് ഇവിടെ അതേപടി പറഞ്ഞിരിക്കുന്നത്.ആത്മാവിന്റെ നിത്യത്വത്തെക്കുറിച്ച് ബോധിപ്പിക്കാനാണ് ദേഹം നശിച്ചാലും നശിക്കില്ല എന്ന് പറഞ്ഞത്.നീര്കുമിളപൊട്ടിയാലും അതിനകത്തെ വായുവിന് നാശമില്ല. അത് അന്തരീഷവായുവിനോട് ചേരുന്നു.
കുടത്തിന്റെ അകത്തുള്ള ആകാശം കുടം ഉടഞ്ഞാലും നശിക്കില്ല. അത് പുറത്തെ മഹാകാശവുമായി ചേരുന്നു അഥവാ മഹാകാശമായിത്തീരുന്നു. ഇതു പോലെ ചുമരുകള്‍ നീക്കിയാല്‍ മുറിയിലെ ആകാശത്തിനും മഹാകാശമായി മാറാം.സ്ഥൂല, സൂക്ഷ്മ കാരണ ശരീരങ്ങളുടെ നശിച്ചാലും ആത്മാവ് നശിക്കുന്നില്ല. അത് പരമാത്മാവായിത്തീരുന്നു.ഏങ്ങും എവിടെയും നിറഞ്ഞു നില്ക്കുന്ന അനന്ത ബോധസ്വരൂപം തന്നെയാണത്.ദേഹം മുതലായ ഉപാധികളുടെ പരിമിതികള്‍ ഇല്ലാതാകുമ്പോഴാണ് ജീവാത്മാവിന് പരമാത്മാവാകാന്‍ കഴിയുക. പരമാത്മാ സ്വരൂപികളായ നാം അജ്ഞാനം മൂലം പരിമിതരായ ജീവന്മാരായി തോന്നുകയാണ്. അറിവില്ലായ്മയുടെ ഈ വാസനാ മറനീങ്ങിയാല്‍ ശുദ്ധ ബോധസ്വരൂപമായിത്തീരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: