ആരോഗ്യ മന്ത്രി കെ കെ ഷൈലജയ്ക്ക് മീഡിയ മാനിയ ആണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. പ്രസ് റീലീസിലൂടെ അറിയിക്കേണ്ട കാര്യങ്ങള്‍ക്കായി ദിവസം നാലു തവണ പത്രസമ്മേളനം നടത്തുന്നു എന്നതാണ് കുറ്റം. മന്ത്രിക്ക് മീഡിയ മാനിയ ബാധിച്ച കാര്യം ജനങ്ങളെ അറിയിക്കാന്‍ വേണ്ടി മാത്രം ചെന്നിത്തല പത്രസമ്മേളനം നടത്തുകയും ചെയ്തു.
ലോകം മുഴുവന്‍ മഹാമാരിയുടെ ഭീതിയിലിരിക്കുമ്പോള്‍ കേരളത്തിലെ സര്‍വ ജനങ്ങളുടേയും ആരോഗ്യത്തിനായി അസാധ്യമായ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന മന്ത്രിയെ ആക്ഷേപിക്കാമോ എന്നാണ് മുഖ്യമന്ത്രിയുടെ സംശയം. ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയം കാണരുതെന്ന ഉപദേശവും പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി നല്കി. കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശത്തുനിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് കേന്ദ്ര സര്‍ക്കാറിനെ ഭള്ള് പറയുകയും നിയമസഭയില്‍ കേന്ദ്ര വിരുദ്ധ പ്രമേയം കൊണ്ടു വരുകയും ചെയ്ത ആളാണ് മുഖ്യമന്ത്രി. ഇപ്പോളാണോ രാഷ്ട്രീയം പറയുന്നത് എന്ന് മുഖ്യമന്ത്രിയോട് ചോദിക്കാന്‍ പ്രതിപക്ഷ നേതാവിന് നാക്കു പൊങ്ങിയില്ല. മറിച്ച് പ്രമേയത്തെ കണ്ണടച്ച് പിന്തുണയ്ക്കുകയായിരുന്നു. പ്രവാസികളോട് പരിശോധന കൂടാതെ നാട്ടിലേക്ക് വരരുതെന്ന് നിര്‍ദ്ദേശിച്ചത് കേന്ദ്രം എന്തോ കുറ്റം ചെയ്തതു പോലെയാണ് ചിത്രീകരിച്ചത്.
ലോകാരോഗ്യസംഘടന കോവിഡ് 19 നെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ ഇന്ത്യയുടെ ഇടപെടലുകള്‍ തുടങ്ങിയിരുന്നു. ഡിസംബര്‍ 31ന് ആദ്യകേസ് വന്നതുമുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബന്ധപ്പെട്ട മന്ത്രാലയങ്ങളും സംസ്ഥാനങ്ങളുമായിച്ചേര്‍ന്ന് സ്ഥിതിഗതികള്‍ സ്ഥിരമായി വിലയിരുത്തുകയും അവലോകനം ചെയ്യുകയുമായിരുന്നു. ആരോഗ്യ മേഖലയില്‍ സംസ്ഥാനതലത്തിലുള്ള തയ്യാറെടുപ്പുകള്‍ക്ക് ജനുവരി 17നു നിര്‍ദേശം നല്കി. അതേദിവസം തന്നെ നിരീക്ഷണകേന്ദ്രങ്ങള്‍ തുടങ്ങി.
കോവിഡ് കൈകാര്യം ചെയ്യുന്നതിന് സാമൂഹിക നിരീക്ഷണം, രോഗികളെ പ്രത്യേകം നിരീക്ഷിക്കല്‍, ഒറ്റയ്ക്കു താമസിപ്പിച്ചു ചികില്‍സ, പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവര്‍ത്തകര്‍, ദ്രുതകര്‍മ സംഘം തുടങ്ങിയവ ശക്തിപ്പെടുത്തി വിവിധ നടപടികള്‍ സ്വീകരിച്ചു. വിമാനത്താവളങ്ങളില്‍ ജനുവരി 17നു സ്ക്രീനിംഗ് തുടങ്ങി. വിദേശരാജ്യങ്ങളില്‍ നിന്നു വരുന്ന മുഴുവന്‍ യാത്രക്കാരെയും 30 വിമാനത്താവളങ്ങളില്‍ നിരീക്ഷിക്കുകയും പരിശോധിക്കുകയുംചെയ്യുന്നു. 12 പ്രധാന തുറമുഖങ്ങളിലും 65 ചെറുകിടതുറമുഖങ്ങളിലും എത്തുന്ന കപ്പലുകളിലെ യാത്രക്കാരെയും പരിശോധനയ്ക്കു വിധേയരാക്കുന്നു. സ്ഥിരമായിസ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും തയ്യാറെടുപ്പുകള്‍ മെച്ചപ്പെടുത്തുന്നതിനു നടപടികള്‍ക്ക് രൂപം നല്കുന്നതിനുമായി സംഘം മന്ത്രിമാരുടെ ഉന്നതതല സമിതിരൂപീകരിച്ചു.
കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് ഫെബ്രുവരി ഒന്നു മുതല്‍ തന്നെ പൗരന്മാരെ നാട്ടിലേക്കു കൊണ്ടുവന്നുകൊണ്ടിരിക്കുന്നു. ആയിരത്തിലധികം പേരെയാണ് ഇങ്ങനെ മടക്കിക്കൊണ്ടുവന്നത്. വിമാനത്തില്‍ യാത്രചെയ്യണമെങ്കില്‍ പരിശോധന നിര്‍ബന്ധമാണെന്നു വന്നപ്പോള്‍ ഇറ്റലിയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ചാണ് കേന്ദ്രം പൗരന്മാരെ നാട്ടിലെത്തിച്ചത്.
ഇതൊക്കെ ചെയ്തു കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാറിനെ കുറ്റപ്പെടുത്തി കേരള നിയമസഭ പ്രമേയം പാസാക്കിയത് എത്ര അപഹാസ്യമാണ്. പ്രമേയത്തിന് കടലാസ്സിന്റെ വിലപോലും ഇല്ലങ്കിലും പ്രമേയം കൊണ്ടുവന്ന ഭരണകക്ഷിയുടേയും പിന്തുണച്ച പ്രതിപക്ഷത്തിന്റേയും രാഷ്ട്രീയ അല്പത്തം എത്ര വലുതാണ് എന്നത് അടിവരയിടും. വിദേശത്തു നിന്ന് പ്രത്യേക വിമാനത്തില്‍ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര തീരുമാനത്തിനു ആധാരം കേരളമാണെന്ന അവകാശവാദവും പ്രമേയത്തിലെഴുതി ചേര്‍ത്ത ഉളുപ്പില്ലായ്മയെ സമ്മതിക്കണം.
പൗരന്മാര്ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കൊട്ടിഘോഷിച്ച് മേനി നടിക്കാനോ അതിന്റെ പേരില്‍ സമ്മാനമായി ഗപ്പ് വാങ്ങാനോ കേന്ദ്ര മന്ത്രിമാര്‍ തയ്യാറായില്ല എന്നതാണ് കുഴപ്പമായത്. ചെയ്യാത്ത കാര്യങ്ങള്‍ കൂടി സ്വന്തം പേരില്‍ എഴുതി പിടിപ്പിക്കാന്‍ അസാമാന്യ കഴിവുള്ള കേരളത്തിലെ നേതാക്കളെ കണ്ടുപഠിക്കാന്‍ സമയം കിട്ടിക്കാണില്ല. ആരോഗ്യ മന്ത്രിയുടെ നെഗളിപ്പിന് ആയുസ്സ് അധികമുണ്ടായില്ല. രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് കൊറോണ ബാധിച്ചത് കേരളത്തിലായതിനു കാരണങ്ങളിലൊന്ന് ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേടാണ് എന്നതിന്റെ തെളിവുകള്‍ പുറത്തു വന്നു.
വീഴ്ച മറയ്ക്കാന്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ആകട്ടെ കൊറോണ പ്രതിരോധത്തെ പറ്റി നിയമസഭയില്‍ പറഞ്ഞ പച്ചക്കള്ളവും പൊളിഞ്ഞു. ഇറ്റലിയില്‍ നിന്ന് കേരളത്തില്‍ എത്തിയ കുടുംബത്തില്‍ നിന്നാണ് രണ്ടാമത് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. ഈ കുടുംബം കള്ളം പറഞ്ഞ് വിമാനത്താവളത്തില്‍ നിന്നു രക്ഷപെട്ടതാണ് രോഗവ്യാപനത്തിനു കാരണമായി മന്ത്രി പ്രചരിപ്പിച്ചത്. മറ്റുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെ നീരീക്ഷിക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് കിട്ടിയത് മാര്‍ച്ച് മൂന്നിന് ആയിരുന്നു എന്നും മന്ത്രി നിയമസഭയെ അറിയിച്ചു. എന്നാല്‍, ഇതു പച്ചക്കള്ളമായിരുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 26ന് തന്നെ കേന്ദ്രസര്‍ക്കാര്‍ എല്ലാം സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. സിംഗപ്പൂര്‍, കൊറിയ, ഇറാന്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ നിര്‍ബന്ധമായും ഐസൊലേഷന്‍ വിധേയമാക്കണമെന്നായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. ഈ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ 14 ദിവസം കോറന്റൈന് ചെയ്യണമെന്ന കര്‍ശന നിര്‍ദേശമാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിച്ചിരുന്നത്.
സ്വന്തം വീഴ്ച മറച്ചു വെച്ച് ആളാകാന്‍ നോക്കിയ ആരോഗ്യമന്ത്രിയുടെ നീക്കം നിഷ്കളങ്കമല്ല. നാട്ടുകാര്‍ പിരിച്ചെടുത്ത് സാധനങ്ങള്‍ ലോറിയില്‍ പ്രളയദുരന്തസ്ഥലങ്ങളിലേക്ക് അയച്ചു കൊടുത്തതിന്റെ പേരില്‍ മേയര്‍ ബ്രോ പട്ടം കിട്ടി രാഷ്ട്രീയ നേട്ടം കൊയ്ത മുന്‍ മേയറുടെ മുഖം നമുക്ക് മുന്നിലുണ്ട്. അതുപോലൊരു ബ്രാന്‍ഡിംഗിനായിരുന്നു നീക്കം. അതു വകവെച്ചുകൊടുക്കാം. അതിനായി മന്ത്രി മീഡിയാ മാനിക് ആകുന്നതും സമ്മതിച്ചു കൊടുക്കാം. പക്ഷേ മുഖ്യമന്ത്രിയുടെ കേന്ദ്രവിരുദ്ധ പ്രമേയത്തിന്റെ പൊരുള്‍ എന്ത് ? ചെയ്യുന്ന കാര്യങ്ങളുടെ ഗുണം കേന്ദ്രത്തിനു കിട്ടുമോ എന്ന ഭയമോ ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: