കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയീമഠം 270 ശിഷ്യര്‍ക്ക് ദീക്ഷ നല്കി. ബ്രഹ്മചാരിണികളും, ബ്രഹ്മചാരികളുമായ ശിഷ്യര്‍ക്ക് സന്ന്യാസ ദീക്ഷയും സേവക-സേവികമാര്‍ക്ക് ബ്രഹ്മചര്യ ദീക്ഷയുമാണ് നല്‍കിയത്. അമൃതപുരിയില്‍ ഇന്നലെ രാവിലെ 11ന് വൈദിക ചടങ്ങുകളോടെയാണ് ബ്രഹ്മചര്യ, സന്ന്യാസദീക്ഷകള് നടന്നത്. ദീക്ഷാ ചടങ്ങുകള്‍ക്ക് മുതിര്‍ന്ന സന്ന്യാസി ശിഷ്യരോടൊപ്പം മാതാ അമൃതാനന്ദമയി ദേവി നേതൃത്വം നല്കി.
ചടങ്ങില്‍ ശിഷ്യര്‍ക്ക് പുതിയ ദീക്ഷാനാമങ്ങള്‍ അമ്മ നല്കി. ഇരുനൂറിലധികം പേര്‍ക്ക് ബ്രഹ്മചര്യ ദീക്ഷയും, അന്‍പതിലധികം പേര്‍ക്ക് സന്ന്യാസ ദീക്ഷയും നല്കി. വര്‍ഷങ്ങള്‍ നീണ്ട ആധ്യാത്മിക പരിശീലനത്തിന് ശേഷമാണ് സന്ന്യാസ ദീക്ഷ നല്‍കുന്നത്.
അമ്മയുടെ ഉപദേശങ്ങളോടൊപ്പം, വിവിധ ഭാരതീയ ദര്‍ശനങ്ങളിലും ശാസ്ത്രങ്ങളും അവഗാഹം നേടിയതിനു ശേഷമാണിത്. ഭാരതീയരും, വിദേശികളുമായ ബ്രഹ്മചാരി, ബ്രഹ്മചാരിണി ശിഷ്യര്‍ക്ക് ദീക്ഷ ലഭിച്ചു. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഠത്തില്‍ ദീക്ഷാ ചടങ്ങുകള്‍ നടക്കുന്നത്.
കൊറോണയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെയും, ലോകാരോഗ്യ സംഘടനയുടെയും പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍,പൊതുജനാരോഗ്യം മുന്‍നിര്‍ത്തി സന്ദര്‍ശക നിയന്ത്രണം തുടരാന്‍ ആശ്രമം നിര്‍ബന്ധിതമായിരിക്കുകയാണെന്ന് മഠം അറിയിച്ചു. അതുകൊണ്ടു പൊതുപരിപാടിയായല്ല ആശ്രമ അന്തേവാസികള്‍ക്ക് മാത്രം പങ്കെടുക്കാന്‍ കഴിയുന്ന രീതിയിലാണ് ദീക്ഷാചടങ്ങുകള് ക്രമീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: