ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തിലേറ്റ പരാജയത്തിന് പകരം വീട്ടി ക്വാര്‍ട്ടറിലെത്താമെന്ന നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന്റെ മോഹം വീണുടഞ്ഞു. സ്വന്തം ഗ്രൗണ്ടായണ്ടആന്‍ഫീല്‍ഡില്‍ അത്യന്തം ആവേശകരമായ മത്സരത്തിനൊടുവില്‍ സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡാണ് ലിവര്‍പൂളിനെ തകര്‍ത്ത് ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു അത്‌ലറ്റികോയുടെ ജയം.
മാര്‍ക്കോസ് ലോറന്റെയുടെ ഇരട്ടഗോളും (97, 105+1), അല്‍വാരോ മൊറാട്ടയുടെ അവസാന മിനിറ്റ് ഗോളുമാണ് അത്ലറ്റിക്കോക്ക് വിജയം സമ്മാനിച്ചത്. ലിവര്‍പൂളിന്റെ ഗോളുകള്‍ 43-ാം മിനിറ്റില്‍ ജോര്‍ജിനോ വിനാല്‍ഡം, 94-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോ) എന്നിവര്‍ നേടി. അത്ലറ്റിക്കോയുടെ തട്ടകത്തില്‍ നടന്ന ഒന്നാം പാദം ഏകപക്ഷീയമായ ഒരു ഗോളിന് അത്‌ലറ്റിക്കോ ജയിച്ചിരുന്നു. ഇതോടെ, ഇരുപാദങ്ങളിലുമായി 4-2ന്റെ ആധികാരിക വിജയത്തോടെയാണ് സ്പാനിഷ് കരുത്തന്മാരുടെ മുന്നേറ്റം. സ്വന്തം മൈതാനത്ത് തോല്‍വിയറിയാതെ 42 മത്സരങ്ങള്‍ പിന്നിട്ടശേഷം ലിവര്‍പൂളിന്റെ ആദ്യതോല്‍വിയായി ഇത്.
ആദ്യപാദത്തില്‍ ഒരു ഗോളിന് തോറ്റ ലിവര്‍പൂളിന് രണ്ടാം പാദത്തില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ 2-0ന് ജയിച്ചാല്‍ ക്വാര്‍ട്ടറിലെത്താമായിരുന്നു. എന്നാല്‍ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബക്കറിനേറ്റ പരിക്കാണ് ലിവര്‍പൂളിന് തിരിച്ചടിയായത്. പകരം വല കാത്ത അഡ്രിയാന്റെ പിഴവുകള്‍ക്ക് കനത്ത വില ലിവര്‍പൂള്‍ നല്‍കേണ്ടിവരികയായിരുന്നു. മറുവശത്ത് അത്ലറ്റിക്കോ ഗോള്‍കീപ്പര്‍ യാന്‍ഒബ്ലാക് തകര്‍പ്പന്‍ സേവുകളുമായി കളം നിറയുകയും ചെയ്തു.
പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ലിവര്‍പൂളിന്റെ എഴയലത്തെത്താന്‍ അത്‌ലറ്റികോക്കായില്ല. 71 ശതമാനവും പന്ത് കൈവശം വച്ച ലിവര്‍പൂള്‍ കൡയില്‍ ആകെ പായിച്ചത് 34 ഷോട്ടുകള്‍. ഇതില്‍ 11 എണ്ണവും ഓണ്‍ ടാര്‍ഗറ്റായിരുന്നു. എന്നാല്‍ അത്‌ലറ്റികോ ഗോളിയുടെ മിന്നുന്ന പ്രകടനം അവയെല്ലാം നിഷ്പ്രഭമാക്കി. രണ്ട് തവണ മാത്രമേ സല, മാനെ എന്നിവരടങ്ങിയ താരനിരക്ക് വലയിലെത്തിക്കാനയുള്ളൂ.
തുടര്‍ച്ചയായ ആക്രമണ തിരമാലകള്‍ക്കൊടുവില്‍ കളിയുടെ ആദ്യ പകുതിയില്‍ തന്നെ ലിവര്‍പൂള്‍ മുന്നിലെത്തി. 43-ാം മിനിറ്റില്‍ ഓക്സ്ലെയ്ഡ് ചേംബര്‍ലെയ്ന്‍ കോര്‍ണറില്‍നിന്ന് ഉയര്‍ത്തിവിട്ട പന്ത് തകര്‍പ്പന്‍ ഹെഡറിലൂടെ വിനാല്‍ഡം വലയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നും തകര്‍ത്തു കളിച്ചെങ്കിലും കൂടുതല്‍ ഗോള്‍ പിറക്കാതെ പോയതോടെ നിശ്ചിത സമയം അവസാനിക്കുമ്പോള്‍ ഗോള്‍ നില 1-1. ഇതോടെ കളി അധികസമയത്തേക്ക്.
എക്‌സ്ട്രാ ടൈമിന്റെ നാലാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളുമായി ബ്രസീല്‍ താരം റോബര്‍ട്ടോ ഫിര്‍മിനോ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. ആദ്യ ഗോള്‍ നേടിയ വിനാല്‍ഡത്തിന്റെ പാസില്‍നിന്നായിരുന്നു ഫിര്‍മിനോയുടെ ഗോള്‍. വലതുവിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ വിനാല്‍ഡം ഉയര്‍ത്തി വിട്ട പന്ത് ബോക്‌സിനുള്ളില്‍ ഫിര്‍മിനോ ഹെഡ് ചെയ്തു. നിലത്തുകുത്തി ഉയര്‍ന്ന പന്ത് ക്രോസ് ബാറില്‍ത്തട്ടി മടങ്ങിയത് വീണ്ടും ഫിര്‍മിനോയുടെ കാലുകളിലേക്ക്. ആദ്യ ശ്രമം തടയുന്നതിനിടെ വീണുപോയ ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി താരം പന്ത് വലയിലേക്കു തട്ടിയിട്ടു. ലിവര്‍പൂള്‍ 2-1ന് മുന്നില്‍. എന്നാല്‍ ഈ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. മൂന്നു മിനിറ്റിനുശേഷം ലിവര്‍പൂള്‍ ഗോളി അഡ്രിയാന്റെ പിഴവില്‍നിന്ന് അത്‌ലറ്റികോ സമനില പിടിച്ചു. സ്വന്തം ഗോള്‍മുഖത്തെത്തിയ പന്ത് അഡ്രിയാന്‍ ക്ലിയര്‍ ചെയ്തത് നേരെ കിട്ടിയത് അത്ലറ്റിക്കോ താരം ജാവോ ഫെലിക്‌സിന്. പന്തു പിടിച്ചെടുത്ത് ഫെലിക്‌സ് നീട്ടിനല്‍കിയ പാസ് ലോറന്റോയ്‌ക്ക്. ബോക്‌സിന് പുറത്തുവച്ച് പന്ത് സ്വീകരിച്ചശേഷം ലോറന്റോ പായിച്ച ഷോട്ട് അഡ്രിയാനെ കീഴടക്കി വലയില്‍. (2-2).കളി സമനിലയില്‍ എത്തിയതിന്റെ ആവേശത്തില്‍ ഇരമ്പിക്കയറിയ അത്‌ലറ്റികോ അധിക സമയത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലീഡും സ്വന്തമാക്കി. ഇത്തവണയും ലക്ഷ്യം കണ്ടത് ലോറന്റോ. അപ്രതീക്ഷിത തിരിച്ചടിയില്‍ ലിവര്‍പൂള്‍ തളര്‍ന്നതോടെ അത്‌ലറ്റിക്കോയ്‌ക്ക് ഇരട്ടി ആവേശം. എക്‌സ്ട്രാ ടൈമിന്റെ അവസാന മിനിറ്റില്‍ അത്‌ലറ്റിക്കോ നടത്തിയ മുന്നേറ്റം അല്‍വാരോ മൊറാട്ടയുടെ ബൂട്ടിലൂടെ വീണ്ടും ഗോളില്‍. അത്‌ലറ്റിക്കോയ്‌ക്ക് 3-2ന്റെ വിജയം.
















