മനുഷ്യരുടെ കഷ്ടപ്പാടുകളില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ കമ്യൂണിസ്റ്റുകാരെ ആരും പഠിപ്പിക്കേണ്ടതില്ല. സന്മാര്ഗികതയെ കൊടിലുകൊണ്ടുപോലും തൊടാത്തവരെന്ന് ആക്ഷേപിക്കപ്പെട്ടിട്ടുള്ളവരാണ് ഇവര്‍. ഈ പാരമ്പര്യം പേറുന്നവരാണ് തങ്ങളെന്ന് തെളിയിക്കാനുള്ള അവസരങ്ങളൊന്നും സിപിഎമ്മുകാര്‍ പാഴാക്കിക്കളയാറില്ല. മൃത്യുവിന്റെ തണുത്ത ഹസ്തങ്ങള്‍കൊണ്ട് ലോകജനതയെ വരിഞ്ഞുമുറുക്കുന്ന കൊറോണ എന്ന മഹാമാരി ഓരോ മലയാളിയുടെ മനസ്സിലും ആധി വിതയ്ക്കുമ്പോള് സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുന്ന കേന്ദ്ര വിരുദ്ധ സമീപനം മനുഷ്യത്വരഹിതവും തീര്‍ത്തും അപലപനീയവുമാണ്. രോഗബാധിതര്‍ ഏറെയുള്ള ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ വൈകിക്കുന്നു എന്ന പ്രചാരണം ദൗര്‍ഭാഗ്യകരമാണ്. രോഗിയായതുകൊണ്ട് ആളുകളെ കയ്യൊഴിയാനൊക്കുമോയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ ചോദിച്ചത്. ഇത് അങ്ങേയറ്റം ദുരുപദിഷ്ടമാണ്. കൊറോണ സംശയിക്കുന്നവരുടെ പരിശോധനാഫലം വേഗത്തില്‍ ലഭിക്കാന്‍ പ്രധാനമന്ത്രി സമ്മര്‍ദ്ദം ചെലുത്തണമെന്നൊക്കെയുള്ള വിടുവായത്തവും എഴുന്നെള്ളിക്കുന്നു.
കൊറോണ പടരുന്ന രാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇറ്റലിയില്‍നിന്നും ഇറാനില്നിന്നുമൊക്കെ പ്രത്യേക വിമാനങ്ങളയച്ച് ആളുകളെ എത്തിക്കുകയുണ്ടായി. 20 മന്ത്രാലയങ്ങള്‍ ഏകോപിപ്പിച്ചാണ് ഓരോ നടപടികളും എടുക്കുന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിതല സമിതി രൂപീകരിച്ചു. വിദേശകാര്യ, ആഭ്യന്തര, വ്യോമയാന, പ്രതിരോധ മന്ത്രിമാര്‍ ഈ സമിതിയില്‍ അംഗങ്ങളാണ്. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇറ്റലിയിലെ പ്രശ്നം എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്നുമില്ല.
അവിടുത്തെ ഡോക്ടര്‍മാര്‍ ആളുകളെ പരിശോധിക്കാനും സര്‍ട്ടിഫിക്കറ്റ് നല്‍കാനും തയ്യാറാവുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഇന്ത്യ പ്രത്യേക മെഡിക്കല്‍ സംഘത്തെ അങ്ങോട്ട് അയച്ചിരിക്കുന്നത്. ഈ സംഘം പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തുന്നവരെ തിരികെയെത്തിക്കും. ചൈനയിലും ജപ്പാനിലും ഇറാനിലും കുടുങ്ങിയ ആളുകളെ തിരിച്ചെത്തിക്കുകയുണ്ടായി. രോഗബാധിതര്‍ക്ക് എല്ലാ ചികിത്സാ സൗകര്യവും ലഭ്യമാക്കും. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ഇക്കാര്യം അക്കമിട്ട് വിശദീകരിച്ചിട്ടുണ്ട്. വസ്തുത ഇതായിരിക്കെ കേന്ദ്ര സര്‍ക്കാരിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയത് നിരുത്തരവാദപരമാണ്. ജീവിതത്തിനും മരണത്തിനുമിടയില്പ്പെട്ടിരിക്കുന്ന ഹതഭാഗ്യരെ രക്ഷിക്കാനല്ല, രാഷ്ട്രീയ മുതലെടുപ്പിനാണ് എല്‍ഡിഎഫ് സര്‍ക്കാരും പ്രതിപക്ഷവും ശ്രമിക്കുന്നത്. അത്യന്തം പ്രതികൂലമായ സാഹചര്യത്തിലും പ്രശംസാര്‍ഹമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന് പ്രവാസികളുടെ പിന്തുണ ലഭിക്കുന്നത് ഒഴിവാക്കുകയാവും ഇതിന്റെ ദുഷ്ടലാക്ക്. ഐസൊലേഷന്‍ വാര്‍ഡുകളില്‍ രോഗികളെ പരിചരിക്കുന്ന നഴ്സുമാര്‍ക്ക് ആവശ്യമായ മാസ്ക്കുകള്‍ പോലും എത്തിക്കാന്‍ കഴിയാത്തവരാണ് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത്!
കഷ്ടപ്പെടുന്ന മനുഷ്യരുടെ കണ്ണീരുകൊണ്ട് രാഷ്ട്രീയാധികാരത്തിന്റെ അപ്പം കുഴച്ചെടുക്കാനാണ് സിപിഎമ്മും പിണറായി സര്‍ക്കാരും ശ്രമിക്കുന്നതെങ്കില്‍ അതിനെ എന്തു പേരിട്ട് വിളിക്കണമെന്ന് അറിയില്ല. സംസ്ഥാനത്തെ പ്രളയ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പേരില്‍ സിപിഎമ്മും സര്‍ക്കാരും നടത്തിയ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവരികയാണ്. 2018 ലെ പ്രളയം സംഭവിച്ച് ഇത്രകാലമായിട്ടും ദുരിതാശ്വാസമെത്തിക്കാത്തതിനെത്തുടര്ന്ന് ഒരാള്‍ ആത്മഹത്യ ചെയ്യുകപോലുമുണ്ടായി. ചില തൊടുന്യായങ്ങള്‍ പറഞ്ഞ് ഉത്തരവാദിത്വം കയ്യൊഴിയുകയാണ് മന്ത്രിമാര്‍. ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ ഇക്കൂട്ടര്‍ കാണിക്കുന്ന ശുഷ്കാന്തി ആരെയും ലജ്ജിപ്പിക്കുന്നതാണ്. പ്രളയകാലത്ത് ആവശ്യമുള്ള എല്ലാ സഹായവുമെത്തിക്കാന്‍ സന്നദ്ധമായിട്ടും കേന്ദ്ര വിരുദ്ധ വികാരം കുത്തിപ്പൊക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവര്‍ ഇപ്പോള്‍ കൊറോണയുടെ പേരിലും അതിന് ശ്രമിക്കുന്നത് രാഷ്ട്രീയ സദാചാരത്തിന്റെ സകലസീമകളും ലംഘിക്കുന്നതാണ്. കേന്ദ്രവും സംസ്ഥാനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കലാണ് ഇപ്പോഴത്തെ ആവശ്യം. ഇതിനു പകരം കുത്തിത്തിരിപ്പുകളുണ്ടാക്കി ജനങ്ങളെ ദ്രോഹിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: