തിരുവനന്തപുരം:കേരളത്തില്‍ 19 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയതായി രണ്ടു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ദുബായില്‍ നിന്ന് വന്നയാള്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലും ഖത്തറില്‍ നിന്ന് വന്നയാള്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. ഇറ്റലിയില്‍ നിന്ന് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്തെത്തിയ വ്യക്തിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥിരീകരണത്തിനായി സാമ്പിള്‍ ആലപ്പുഴ ലാബില്‍ അയച്ചിരിക്കുകയാണ്. ഈ വ്യക്തി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ കണ്ടെത്തി വീട്ടില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. കുളിക്കുമ്പോള്‍ പനി ലക്ഷണം തോന്നിയതോടെ ദിശ നമ്പറില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കേരളത്തില്‍ 4180 പേര് നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 3910 പേര് വീടുകളിലും 270 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വ്യാഴാഴ്ച 65 പേരെ ആശുപത്രിയില്‍ പുതിയതായി നിരീക്ഷണത്തിലാക്കി. 33 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിരോധ കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്. സ്ഥിതി നിയന്ത്രണത്തിലാണെങ്കിലും ഗൗരവത്തോടെ കാര്യങ്ങള്‍ ശ്രദ്ധിച്ചു പോകേണ്ടതുണ്ട്. ലീവിലുള്ള സെക്രട്ടറിമാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈറസ് വ്യാപനം ഫലപ്രദമായി തടയാനായിട്ടുണ്ട്. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് തെറ്റായ ഇടപെടല്‍ നടക്കുന്നു. ആലപ്പുഴയില്‍ ഒരു റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന വിദേശ ടൂറിസ്റ്റുകളെ ഇറക്കി വിടാന്‍ ശ്രമമുണ്ടായി. ഇത്തരം ദുരനുഭവം ടൂറിസ്റ്റുകള്‍ക്ക് ഉണ്ടാകരുത്. നാടിന് ദുഷ്പ്പേരുണ്ടാക്കുന്ന നിലപാട് ചിലര്‍ സ്വീകരിക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണും.
പ്രായമായവരില്‍ രോഗം പടരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, മറ്റു വോളണ്ടിയര്‍മാര്‍ എന്നിവരെ ഉപയോഗിച്ച് വയോജന സംരക്ഷണത്തിന് പ്രത്യേക പരിപാടികള്‍ നടത്തും. വയോജന കേന്ദ്രങ്ങളില്‍ സന്ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 14ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ യോഗം നടത്തും. ഗള്‍ഫ് രാജ്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ജോലിക്ക് പോകാനാവാത്ത സ്ഥിതിയുണ്ട്. ഇക്കാര്യം വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. നോര്‍ക്കയുടെ നേതൃത്വത്തില്‍ എംബസിയുമായി സംസാരിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ട്. യാത്രാടിക്കറ്റ് റദ്ദ് ചെയ്യുമ്പോഴുള്ള സാമ്പത്തിക നഷ്ടം ഉണ്ടാവാതെ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന് വിമാനക്കമ്പനികളും സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായി ചര്‍ച്ച നടത്തും. വിദേശത്ത് ജോലിയുള്ള മലയാളികള്‍ക്ക് സഹായം ലഭ്യമാക്കാന്‍ നോര്‍ക്ക കാള്‍ സെന്റര്‍ ആരംഭിക്കും.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം കൃത്യമായി പാലിക്കണമെന്നത് സംബന്ധിച്ച് ബോധവത്ക്കരണം നടത്തും. രോഗലക്ഷണം തോന്നിയാല്‍ സ്വമേധയാ ആശുപത്രിയില്‍ പോകാതെ കണ്ട്രോള് റൂമില്‍ വിവരം അറിയിച്ച് അവരുടെ വാഹനത്തില്‍ വേണം പോകേണ്ടത്. കമ്മ്യൂണിറ്റി വോളണ്ടിയര്‍ സേനയ്ക്ക് പ്രാദേശിക പരിശീലനം നല്കി കോവിഡ് 19 നിയന്ത്രണത്തിന് ഉപയോഗിക്കുന്നത് ആലോചനയിലാണ്.
വിമാനത്താവളത്തില്‍ എത്തുന്നവരുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിക്കും. ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ഇവരെ പോലീസ് കണ്ടെത്തി ചികിത്സയുള്‍പ്പെടെയുള്ള കാര്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തും. പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്ക് രോഗത്തെക്കുറിച്ച് അവബോധം നല്‍കും. വിമാനത്താവളങ്ങള്‍ക്ക് പുറമെ സീപോര്‍ട്ടുകളിലും നിരീക്ഷണം ശക്തമാക്കും. റെയില്‍വേ സ്റ്റേഷനുകളിലും അതിര്‍ത്തികളിലും ശക്തമായ നിരീക്ഷണമുണ്ടാവും. റെയില്‍വേ സ്റ്റേഷനുകളില്‍ അനൗണ്‍സ്മെന്റ് നടത്തും. ട്രെയിനുകളില്‍ അറിയിപ്പ് നല്‍കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: