തിരുവനന്തപുരം: കോവിഡ് 19 ബാധ കണക്കിലെടുത്ത് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രം പൊതുജനങ്ങള്‍ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി സന്ദര്‍ശിച്ചാല്‍ മതിയെന്ന് അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
റഫറന്‍സ് വിഭാഗം, ഇന്റര്‍നെറ്റ് വിഭാഗം എന്നിവ മാര്‍ച്ച് 16 മുതല്‍ 31 വരെ അടച്ചിടും. ഒരു വിഭാഗത്തിലും ഇരുന്ന് റഫര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് മാത്രമല്ല ലൈബ്രറിയില്‍ കൂട്ടം കൂടിയിരുന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 13ന് സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ നടത്താനിരുന്ന സജീവ് പിള്ളയുടെ മാമാങ്കം നോവലിന്റെ ചര്‍ച്ച, ഏപ്രില്‍ 4ന് നടത്താനിരുന്ന പോയട്രി ഫെസ്റ്റ്, ഏപ്രില്‍ 14 മുതല്‍ നടത്താനിരുന്ന സമ്മര്‍ സ്‌കൂള്‍ എന്നീ പരിപാടികളെല്ലാം നീട്ടിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ലൈബ്രറിയിൽ വിദേശീയരായ സന്ദർശകരെ പൂർണമായും നിരോധിച്ചു. കുട്ടികളുടെ പാർക്ക് അടച്ചിടും. ലൈബ്രറി ടച്ച് സ്ക്രീനും പ്രവർത്തിക്കില്ല. പത്രവായന മുറികൾ രാവിലെ 8 മണി മുതൽ 11 മണിവരെ മാത്രമേ പ്രവർത്തിക്കൂ. മലയാളം വിഭാഗം, കുട്ടികളുടെ വിഭാഗം എന്നിവ ഉള്‍പ്പെടെ ഒരു വിഭാഗത്തിലും ഇരുന്ന് റഫർ ചെയ്യാൻ അനുവദിക്കില്ല. അതേസമയം പുസ്തകങ്ങൾ എടുക്കുകയും തിരികെ നൽകുകയും ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: