കോട്ടയം: സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ എംഇഎസിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റതില്‍ വന്‍ ക്രമക്കേടെന്ന് ആരോപണം. എംഇഎസിന്റെ ഔദ്യോഗിക ചുമതലയില്‍ ഫസല്‍ ഗഫൂര്‍ എത്തിയ ശേഷം നടത്തിയ വസ്തു വില്പ്പനകളിലെല്ലാം വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ആരോപണം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എംഇഎസിന്റെ കൈവശമുണ്ടായിരുന്ന മുപ്പതോളം ഭൂമിവിറ്റു. ഭൂമിയുടെ ആധാരത്തില്‍ വളരെ ചെറിയ തുകയാണ് രേഖപ്പെടുത്തിയത്. ഭൂമിക്ക് നിലവില്‍ ലഭിക്കേണ്ട ന്യായവിലയേക്കാള്‍ പത്തില്‍ ഒന്ന് മാത്രം. ശേഷിക്കുന്ന തുക എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ല. മലപ്പുറം ജില്ലയില്‍ ഏഴ്, എറണാകുളത്ത് മൂന്ന്, കോട്ടയത്ത് എട്ട്, ആലപ്പുഴ ഏഴ്, പാലക്കാട് ജില്ലയില്‍ ഒന്ന് എന്നിങ്ങനെയാണ് 2006 മുതല്‍ ഭൂമി കച്ചവടം നടത്തിയത്.
അമ്പത് ഏക്കറോളം ഭൂമി ഭൂമി വിറ്റു. 52 കോടി രൂപയോളം മൂല്യമുള്ള വസ്തുക്കള്‍ക്ക് കേവലം എട്ട് കോടി മാത്രമാണ് ആധാരത്തില്‍ രേഖപ്പെടുത്തിയത്. ശേഷിക്കുന്ന 47 കോടിയോളം രൂപയുടെ കണക്കുകള്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ഈ വന്‍ തുക ഫസല്‍ ഗഫൂര്‍ സ്വന്തം നിലയില്‍ ഉപയോഗിക്കുകയാണെന്ന് എംഇഎസിലെ ഒരു വിഭാഗം ആരോപിക്കുന്നു.
ഇതിന് പുറമേ കോട്ടയം നഗരത്തില്‍ പരേതനായ തവയ്ക്കല്‍ അബ്ദുള്‍ റസാഖ് ഹാജി എംഇഎസിന് പള്ളിയും സാംസ്കാരിക കേന്ദ്രവും നിര്‍മ്മിക്കാന്‍ സംഭാവന ചെയ്ത 52 സെന്റ് ഭൂമി വില്‍പ്പന നടത്തിയതില്‍ വലിയ ക്രമക്കേടെന്നും ആരോപണമുണ്ട്. വസ്തു വില്‍പ്പന നടത്തിയത് 5.68 കോടി രൂപയ്ക്കാണ്. ആധാരത്തില്‍ 1.25 കോടി രൂപ മാത്രമാണ് രേഖപ്പെടുത്തിയത്. എസ്ബിഐ പാമ്പാടി ശാഖയില്‍ 76205420856 എന്ന അക്കൗണ്ടില്‍ ശേഷിക്കുന്ന തുക പല തവണകളായി സംഭാവന ഇനത്തില്‍ നിക്ഷേപിച്ചതായി ബാങ്കിന്റെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.
2001 ല്‍ ജനറല്‍ സെക്രട്ടറിയായാണ് ഫസല്‍ ഗഫൂര്‍ എംഇഎസില്‍ ഔദ്യോഗിക ചുമതലകള്‍ വഹിച്ച് തുടങ്ങുന്നത്. പിന്നീട് പ്രസിഡന്റായി. ഔദ്യോഗിക ചുമതലയില്‍ 19 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എംഇഎസിന്റെ പേരില്‍ ഫസല്‍ ഗഫൂര്‍ വാരിക്കൂട്ടിയത് കണക്കില്‍പ്പെടാത്ത സ്വത്തുക്കളാണെന്നാണ് ആക്ഷേപം. ഭൂമിയുടെ വില്‍പ്പനയും വാങ്ങലും നടത്തിയതിലാണ് തിരിമറി അധികവും. ഇതിനോടകം കോട്ടയം ജില്ലയിലെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണമുണ്ട്. ഈരാറ്റുപേട്ടയില്‍ വട്ടക്കയം പരീത്ഹാജി എംഇഎസിന് ആശുപത്രി നിര്‍മ്മിക്കാന്‍ സംഭാവന ചെയ്ത ഭൂമിയും ഇത്തരത്തില്‍ ക്രമവിരുദ്ധമായി വിറ്റു. ഇതില്‍ സാമ്പത്തിക ക്രമക്കേട് നടന്നതിനെ തുടര്‍ന്ന് വഖഫ് ബോര്‍ഡില്‍ കേസുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: