ഇതിനു സദൃശമായ യുക്തിപ്രക്രിയ തന്നെയാണ് ഇതരദര്‍ശനങ്ങളിലും പൂര്‍വപക്ഷനിരാകരണത്തിനും സിദ്ധാന്തസ്ഥാപനത്തിനും വേണ്ടി പ്രയോഗിക്കുന്നത്. നാഗാര്‍ജുനന്റെ മാധ്യമികകാരിക, ലങ്കാവതാരസൂത്രം മുതലായവയിലെ ചില പ്രയോഗങ്ങള്‍ അക്ഷപാദന്റെ ന്യായസൂത്രത്തില്‍ കാണാം. അതിനാല്‍ ന്യായസൂത്രം എഴുതപ്പെട്ട കാലം 23 ഇ. ഋ ആണെന്നു കരുതപ്പെടുന്നു. ഈ ഗ്രന്ഥത്തില്‍, ചരകസംഹിതയിലേപ്പോലെ, അനുമാനം മൂന്നു തരത്തിലാണെന്നു പറയുന്നു പൂര്വവത് (from cause to effect), ശേഷവത് (from effect to cause), സാമാന്യതോ ദൃഷ്ടഃ (inference from similarities). ഇത്തരം നിരവധി സാദൃശ്യങ്ങള്‍ ചരകവും ന്യായസൂത്രവും തമ്മില്‍ കാണാന്‍ കഴിയും. തന്മൂലം ന്യായസൂത്രത്തിന്റെ മൂലം ചരകസംഹിത ആകാനുള്ള സാധ്യത വളരെയേറെയാണെന്നു ദാസ്ഗുപ്ത പറയുന്നു. ചരകസംഹിതയാകട്ടെ അഗ്നിവേശന്റെ ഗ്രന്ഥത്തിന്റെ പുനഃസൃഷ്ടിയാണ്. അതാകട്ടെ അത്രിയുടെ ഉപദേശപ്രകാരമുള്ളതാണ്. അതിന്റെ മൂലം ഭരദ്വാജനിര്ദ്ദേശങ്ങളാണ്. ചരകസംഹിതയ്ക്കും മുമ്പ് വൈദികം, ബൗദ്ധം, ജൈനം തുടങ്ങിയ ഒരു ഗ്രന്ഥത്തിലും യുക്തിചിന്തയെ ഇത്രയും വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു കാണുന്നില്ല. അതായത് ഗൗതമന്റെ ന്യായസൂത്രത്തിനും വളരെ മുമ്പുതന്നെ യുക്തിചിന്ത ആയുര്‍വേദത്തിലൂടെ നിലവില്‍ വന്നു കഴിഞ്ഞിരുന്നു എന്നു കാണാം.
ആയുര്വേദദര്ശനത്തിന്റെ ലഘുപരിചയം ഇവിടെ അവസാനിക്കുകയാണ്. ഭാരതത്തിന്റെ ഏകാത്മഭാവത്തിന് അടിസ്ഥാനമായ ഭൂപരമായ ഏകത, പൊതുജീവിതവീക്ഷണം, സംസ്കാരം, സംസ്കൃതം തുടങ്ങിയ നിരവധി ഘടകങ്ങളില്‍ ആയുര്‍വേദവും പെടുന്നു. ഈ ദര്‍ശനത്തിന്റെ സംഭാവനകളായ ത്രിദോഷസിദ്ധാന്തം, രസസിദ്ധാന്തം, ദോഷധാതു മലാത്മകം ആയ ശരീരഘടനാകല്പ്പന, തനതായ കര്‍മ്മസിദ്ധാന്തം എന്നിവ തുടര്‍ന്നും പഠനഗവേഷണങ്ങളിലൂടെ ആധുനികകാലത്ത് പ്രസക്തവും പ്രയോഗക്ഷമവും ആക്കേണ്ടതാണ്. ചരകാചാര്യരുടെ യുക്തിചിന്തയുടെ തുടര്‍ച്ച, തെളിവുകളുടെ,അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള (evidence based) നിഗമനരീതിയുടെ തുടര്‍ച്ച ആവശ്യമാണ്. ചരകസംഹിതയില്‍ പറയുന്ന അതിപ്രാചീനസാംഖ്യസിദ്ധാന്തത്തെക്കുറിച്ചും പഠനങ്ങള്‍ നടത്തേണ്ടതാണ്.കൂടാതെ ഹഠയോഗതന്ത്രധാരയുടെ ഒരു ഉല്‍പ്പന്നമായ കുണ്ഡലിനീയോഗത്തില്‍ വിവരിക്കുന്ന ശരീരഘടനാകല്പ്പനയെ ആയുര്വേദവിവരണവുമായി താരതമ്യംചെയ്തുകൊണ്ടുള്ള പഠനവും പ്രയോജനപ്രദമാകും. ആധുനികചികിത്സാസമ്പ്രദായങ്ങളെ അപേക്ഷിച്ച് ആയുര്‍വേദം ഒരു ജീവിതവീക്ഷണവുംഅതിനനുസൃതമായ ജീവിതക്രമവും മുന്നോട്ടു വെക്കുന്നു. ജീവിതശൈലീരോഗങ്ങള്‍ പെരുകുന്ന ഈ കാലഘട്ടത്തില്‍ ആയുര്‍വേദത്തിന്റെ ഈ സവിശേഷതയും പ്രാധാന്യമര്‍ഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: