ന്യൂദല്‍ഹി : കോണ്‍ഗ്രസ്സില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചൊഴിഞ്ഞതിലും മധ്യപ്രദേശ് കോണ്‍ഗ്രസ്സിലെ പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഴിചാരി രാഹുല്‍ ഗാന്ധി. സിന്ധ്യയുടെ രാജിയെ തുടര്‍ന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ്സില്‍ നിന്നും കൂട്ടത്തോടെ പ്രവര്‍ത്തകര്‍ രാജിവെയ്ക്കുകയാണ്. ഇതിനിടയിലാണ് രാഹുല്‍ മോദിക്കെതിരെ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തില്‍ എണ്ണവില ഇടിഞ്ഞത് മോദി അറിഞ്ഞിട്ടുണ്ടാവില്ലെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. അതും ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാഹുലിന്റെ ഏറ്റവും അടുത്ത അനുയായികളില്‍ ഒരാളായിരുന്നു സിന്ധ്യ. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സില്‍ നിന്നും സിന്ധ്യ പുറത്ത് പോകുന്നത് സംബന്ധിച്ച് രാഹുല്‍ മറുപടി നല്‍കുമെന്നാണ് പ്രതിക്ഷിച്ചത്. എന്നാല്‍ വിഷയത്തില്‍ മാധ്യമങ്ങളെ കാണാനോ പ്രതികരിക്കാനോ രാഹുല്‍ ഇതുവരെ തയ്യാറായിട്ടില്ല. മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മോദിക്കെതിരെ പ്രസ്താവന നടത്തിയതല്ലാതെ പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറികള്‍ സംബന്ധിച്ച് രാഹുല്‍ മറുപടി നല്‍കിയിട്ടില്ല.
അതേസമയം സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ 22 എംഎല്‍എമാരും രാജിവെച്ചൊഴിഞ്ഞിട്ടുണ്ട്. കൂടാതെ സിന്ധ്യയ്ക്ക് സ്വാധീനം കൂടുതലുള്ള ഗ്വാളിയോര്‍, ചമ്പാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൂട്ടത്തോടെ പാര്‍ട്ടി വിട്ടൊഴിയുകയാണ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സെന്നാല്‍ സിന്ധ്യയാണ്. അദ്ദേഹമില്ലെങ്കില്‍ പാര്‍ട്ടി ഇല്ല. അതിനാല്‍ സിന്ധ്യയ്ക്കൊപ്പം പാര്‍ട്ടി വിടുകയാണെന്നും പ്രവര്‍ത്തകരില്‍ ചിലര്‍ അറിയിച്ചു.
രാജ കുടുംബാംഗമായ സിന്ധ്യക്ക് ഗ്വാളിയോര്മേഖലയില് വന്‍ സ്വാധീനമാണ്. ഇവിടെ നിന്നുള്ള നേതാക്കളുടെ രാജി വലിയ തിരിച്ചടിയാകും കോണ്‍ഗ്രസിനുണ്ടാക്കുക. 22 എംഎല്‍എമാര്‍ രാജിവച്ചതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ അംഗബലം 92 ആയി. ഭരണം നിലനിര്‍ത്തുന്നതിനുള്ള കേവല ഭൂരിപക്ഷത്തിന് 104 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. അതുകൊണ്ട് തന്നെ മധ്യപ്രദേശ് സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുന്നതും സംശയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: