ന്യൂദല്‍ഹി: കൊറോണയെന്ന കോവിഡ് 19 അത്രനിസ്സാരനല്ല. പക്ഷെ രോഗം ബാധിച്ച എല്ലാവര്‍ക്കുമൊന്നും ഗുരുതരമാകാറുമില്ല. എന്നാല്‍, മറ്റു രോഗങ്ങളുള്ളവര്‍ക്കും പ്രായമുള്ളവര്‍ക്കും രോഗം മാരകമാകാം. ചൈനയില്‍ മരണ നിരക്ക് മൂന്നു മുതല്‍ മൂന്നര ശതമാനം വരെയായിരുന്നുവെങ്കില്‍ മറ്റു രാജ്യങ്ങളില്‍ നിരക്ക് ഇതിലും കൂടുതലാണ്.
പനിയും ചുമയും രോഗബാധയുടെ തുടക്കത്തില്‍ പനി, വരണ്ട ചുമ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍. ഈ സമയത്ത് അണുബാധ ശ്വാസനാളിയുടെ മുകള്‍ ഭാഗത്തു മാത്രമേ എത്തിയിരിക്കൂ. അതായത് മൂക്കും, തൊണ്ടയും. അണുബാധ ശ്വാസനാളിയുടെ അടിയിലേക്ക് എത്തുന്നതോടെയാണ് രോഗം സങ്കീര്ണമാകുന്നതെന്നാണ് ചൈനയില്‍ രോഗം ബാധിച്ചവരില്‍ നടത്തിയ പരീക്ഷണം തെളിയിക്കുന്നത്.
ശ്വാസനാളം (ട്രാക്കിയ), ബ്രോങ്കി (ശ്വാസകോശത്തിലേക്കുള്ള നാളി), ബ്രോങ്കിയോള്‍സ് (ശ്വാസകോശത്തിലെ ചെറു കുഴലുകള്‍), അല്‍വിയോളി (രക്തത്തില്‍ നിന്ന് ഓക്സിജന്‍ സ്വീകരിച്ച് പകരം കാര്‍ബണ്‍ ഡയോക്സൈഡ് രക്തത്തിലൂടെ കടത്തിവിടുന്ന ഭാഗം) എന്നിവയടങ്ങുന്ന ഭാഗമാണ് ശ്വാസനാളത്തിന്റെ (റസ്പിറേറ്ററി ട്രാക്ക്) കീഴ്ഭാഗം. ഇവിടേക്ക് അണുബാധ വ്യാപിപ്പിക്കുന്നതോടെ രോഗം സങ്കീര്‍ണമാകും.
രോഗം ബാധിച്ചാലും പതിനാലു ശതമാനമേ ഗുരുതരമാകൂ. വെറും ആറു ശതമാനമേ അതീവ ഗുരുതരമാകൂ (ക്രിട്ടിക്കല്‍). ഇവരുടെ ശ്വാസകോശം തകരാറിലാകും. അതോടെ കടുത്ത ശ്വാസംമുട്ടലുണ്ടാകും. മിനിറ്റില്‍ 30 തവണ ശ്വസിക്കേണ്ടതായി വരും. രക്തത്തിലെ ഓക്സിജന്റെ അളവ് ഗണ്യമായി കുറയും. അണുബാധ ശ്വാസകോശത്തിന്റെ പകുതി ഭാഗത്തെത്തിയാല്‍ രക്തത്തിലേക്ക് ഓക്സിജന്‍ പകരാനുള്ള ശേഷിയില്ലാതാകും. അതോടെ രക്തത്തില്‍ ഓക്സിജന്‍ തീരെ കുറയും. അത് തലച്ചോറിനെയും ഹൃദയത്തെയും വൃക്കയെയും മറ്റ് അവയവങ്ങളെയും ബാധിക്കും.
രോഗിയുടെ ബോധംപോകും, ശ്രീഗംഗാ രാം ആശുപത്രിയിലെ പള്‍മൊണോളജി വിദഗ്ധന്‍ ഡോ. അരൂപ ബസു പറഞ്ഞു.അറുപത് വയസ് കഴിഞ്ഞവരും, രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയ സംബന്ധിയായ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, കാന്‍സര്‍ എന്നിവയുള്ളവരിലും രോഗം മാരകമാകാം. ഇതൊന്നുമില്ലാത്തവര്‍ക്ക് രോഗം ഭേദമാകും.
ശ്വാസകോശം പൂര്‍ണമായും തകര്‍ന്നതായാണ് കോവിഡ് 19 വന്ന് മരിച്ച 50 വയസു കഴിഞ്ഞവരുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: