കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിനുള്ള തടസങ്ങള്‍ നീങ്ങുന്നു. തെളിവുകള്‍ കൂട്ടിയിണക്കുന്നതിന്റെ അവസാന നടപടിയാണ് ലീഗിന്റെ മുഖ പത്രമായ ചന്ദ്രികയില്‍ ഇന്നലെ നടന്ന റെയ്ഡ്. പഴുതുകള്‍ പൂര്‍ണമായും അടച്ച ശേഷം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനാണ് വിജിലന്‍സിന്റെ തീരുമാനം.
പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ ഇബ്രാഹിംകുഞ്ഞ് അഴിമതി നടത്തിയെന്ന് തെളിയിക്കാന്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സിന് തുണയാകും. മേല്‍പ്പാലം കരാര്‍ നല്‍കിയതിന്റെ പേരില്‍ ലഭിച്ച അഴിമതിപ്പണം ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തില്‍ നിക്ഷേപിച്ചെന്നായിരുന്നു പരാതി. നോട്ട് നിരോധനത്തിന്റെ സമയത്ത് കള്ളപ്പണം വെളുപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 10 കോടി രൂപ ഇബ്രാഹിംകുഞ്ഞിന്റെ അക്കൗണ്ടിലെത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലുള്ള വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ചന്ദ്രികയിലും റെയ്ഡ് നടത്തിയത്. ചന്ദ്രിക പത്രത്തിലെ അക്കൗണ്ട് വഴി ഇബ്രാഹിംകുഞ്ഞ് അഴിമതിപ്പണം വെളുപ്പിച്ചതിന്റെ വ്യക്തമായ സൂചന വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഇതെതുടര്‍ന്നാണ് വിജിലന്‍സ് ചന്ദ്രികയുടെ കോഴിക്കോട് ഓഫീസില്‍ റെയ്ഡിന് മുതിര്‍ന്നത്. എന്‍ഫോഴ്‌സ്‌മെന്റും അഴിമതിപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്. മേല്‍പ്പാലം അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞ് അഞ്ചാംപ്രതിയാണ്. നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിന് ചട്ടം ലംഘിച്ച് 8.5 കോടി രൂപ മുന്‍കൂര്‍ നല്‍കിയത് ഇബ്രാഹിംകുഞ്ഞ് പറഞ്ഞിട്ടാണെന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ത്തത്. ഇബ്രാഹിംകുഞ്ഞിനെതിരെ നിരവധി തെളിവുകളും ക്രമക്കേടുകള്‍ നടത്തിയതിന്റെ രേഖകളും വിജിലന്‍സ് കണ്ടെടുത്തിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍, പ്രമാണങ്ങള്‍, പണമിടപാട് ബുക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകളുടെ ശേഖരമാണ് കണ്ടെടുത്തത്. ഇവയുടെ പരിശോധന തുടങ്ങി.
ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് വിജിലന്‍സ് മൂന്ന് വട്ടം ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തു. പാലം നിര്‍മാണ ക്രമക്കേടില്‍ മന്ത്രിയെന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്വം ഇല്ലെന്നും എല്ലാം ഉദ്യോഗസ്ഥരാണ് ചെയ്തതെന്നുമായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ മൊഴി. എന്നാല്‍ മന്ത്രിയാണ് ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂറായി 8.5 കോടി രൂപ നല്‍കുന്ന ഉത്തരവില്‍ ഒപ്പിട്ടതെന്നും അത് നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ടി.ഒ. സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. വിജിലന്‍സ് ചോദ്യം ചെയ്യലിലും ഇതാവര്‍ത്തിച്ചു. എന്നാല്‍ അറസ്റ്റിനെ ഭയക്കുന്നില്ലെന്നാണ് ഇബ്രാഹിംകുഞ്ഞ് പറഞ്ഞത്.
















