ഇടുക്കി: അന്യജില്ലക്കാരുടെ പേരില്‍ പട്ടയത്തിന് അപേക്ഷ നല്കി ചിന്നക്കനാലില്‍ 35 ഏക്കറിലധികം വരുന്ന സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ റവന്യൂ-ഭൂമാഫിയ സംഘത്തിന്റെ ആസൂത്രിത ശ്രമം. കോടതി ഇടപെടലിനെ തുടര്‍ന്ന് ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ (എല്‍ആര്‍) എം.പി. വിനോദ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് ഉദ്യോഗസ്ഥരുടെ ഗുരുതരവീഴ്ചകള്‍.
ആനയിറങ്കല്‍ ഡാമില്‍ നിന്ന് ഏറെ അകലെയല്ലാത്ത സ്ഥലം ടൂറിസം ലക്ഷ്യംവച്ചാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്. ചിന്നക്കനാല്‍ വില്ലേജില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ ഇവിടത്തെ പട്ടയ വിതരണ നടപടികള്‍ നിര്‍ത്തി. ഇതിനിടെയാണ് ഈ സ്ഥലത്തിന് വേണ്ടി രാജകുമാരി ഭൂമി പതിവ് കാര്യാലയത്തില്‍ അപേക്ഷ നല്‍കിയത്. അപേക്ഷ തങ്ങളുടെ പരിധിയിലല്ലെന്ന് പറഞ്ഞ് സ്പെഷ്യല്‍ തഹസില്‍ദാര്‍ തള്ളിയതോടെ അപേക്ഷകരായ എട്ട് പേരും ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷയില്‍ ചേര്‍ത്തിരിക്കുന്ന വിവരങ്ങളില്‍ സംശയം തോന്നിയ അഡീഷണല്‍ അഡ്വ. ജനറല്‍ രഞ്ജിത്ത് തമ്പാനാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം കോടതിയും ശരിവച്ചു. ഇതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
ചിന്നക്കനാല്‍ വില്ലേജിലെ സര്‍വ്വെ നമ്പര്‍ 20/1ല്‍പ്പെട്ട ഭൂമിക്കാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഏഴിന് എട്ട് പേരുടെ പേരില്‍ ഒരുമിച്ച് അപേക്ഷ സമര്‍പ്പിച്ചത്. കരിമണ്ണൂര്‍ ഭൂമി പതിവ് കാര്യാലയത്തിലെ മുന്‍ റവന്യൂ ഇന്‍സ്പെക്ടറും സിപിഐ സംഘടനാ നേതാവുമായ സുരേഷ്കുമാറും മറ്റൊരാളുമാണ് അപേക്ഷയുമായെത്തിയത്. അപേക്ഷ നല്‍കുന്നവരെ കാണേണ്ട ആവശ്യമില്ലെങ്കിലും അപേക്ഷ നിരസിച്ചുള്ള മറുപടി സ്പെഷ്യല്‍ തഹസില്‍ദാറായിരുന്ന ഷാഹിന രാമകൃഷ്ണന് പിറ്റേന്ന് തന്നെ കൈമാറി. വിശദമായി പരിശോധിക്കുന്നതിന് ക്ലര്‍ക്കിന് കൈമാറിയപ്പോള്‍ ഒപ്പോ തീയതിയോ സെക്ഷനോ അപേക്ഷയില്‍ രേഖപ്പെടുത്തിയിരുന്നില്ല. ചിന്നക്കനാല്‍ വില്ലേജായതിനാല്‍ അപേക്ഷ നിരസിച്ചുള്ള മറുപടി മാത്രം നല്കി.
അപേക്ഷകരുടെ വിലാസം ഉണ്ടെന്നിരിക്കെ മറുപടി കൃത്യമായി തപാലില്‍ അയയ്ക്കാതെ മേല്‍പറഞ്ഞയാള്‍ക്ക് ഒരുമിച്ച് നല്‍കിയത് ഗുരുതര കൃത്യവിലോപമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയൊന്നും അയപ്പു പതിവ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ല.
അപേക്ഷകരില്‍ ആറ് പേര് കോട്ടയം ജില്ലക്കാരും ഒരാള്‍ എറണാകുളം സ്വദേശിയും ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. എല്ലാവരും കൃത്യം നാല് ഏക്കര്‍ ഭൂമിക്കായിരുന്നു അപേക്ഷ നല്‍കിയത്. ഓരോരുത്തര്‍ക്കും കൃത്യമായ അതിര്‍ത്തിയും രേഖപ്പെടുത്തിയിരുന്നു. ഈ ഭൂമിയില്‍ യൂക്കാലിപ്റ്റസ്, ഗ്രാന്റീസ്, അക്കേഷ്യ, കാപ്പി, തൈലപ്പുല്ല് എന്നിവ കൃഷി ചെയ്യുന്നുണ്ടെന്നാണ് അപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ നേരിട്ട് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ എച്ച്എംഎല്ലിന്റെ യൂക്കാലിപ്റ്റസ് തോട്ടത്തിന് കിഴക്കായി അതിര്‍ത്തി തിരിക്കാതെ കാട് പിടിച്ച് പുല്ലുവളര്‍ന്ന് കിടക്കുന്ന ഭൂമിയാണിതെന്ന് കണ്ടെത്തി. ഈ സര്‍ക്കാര്‍ ഭൂമി ആരും കൈവശം വച്ച് കൃഷി ചെയ്തിട്ടില്ലെന്നും പരിശോധനയില്‍ ബോധ്യപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.
ഇവിടെ അപേക്ഷ നല്കിയാല് പട്ടയം നല്‍കില്ലെന്ന് അറിയാം, എങ്കിലും അപേക്ഷ നിരസിച്ചുള്ള അറിയിപ്പ് ഉടനടി കിട്ടുകയായിരുന്നു ലക്ഷ്യം. സംഭവത്തില്‍ രാജകുമാരി ഭൂമി പതിവ് ഉദ്യോഗസ്ഥര്‍ക്കും വീഴ്ചപറ്റി. അപേക്ഷകള്‍ പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചാല്‍ 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം പട്ടയം കൊടുക്കുന്നതിന് കോടതി നിര്‍ദേശിച്ചു എന്നു വ്യാഖ്യാനിച്ച് പട്ടയം അനുവദിക്കാമെന്ന തരത്തില്‍ റവന്യൂ/സര്‍വെ ജീവനക്കാരോ വിരമിച്ചവരോ നല്കിയ ഉപദേശമാണ് ഈ തട്ടിപ്പിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: