വളച്ചു. പക്ഷേ ഒടിച്ചില്ല. വളയാന്‍ പിടിച്ച പിടി മുറുകും മുമ്പേ അയയ്ക്കുകയും ചെയ്തു. വിഷം നിറഞ്ഞ ഫലം വീഴ്ത്തി നാലു ചുറ്റും ഉണക്കുന്ന മരങ്ങളാണ് രണ്ടും എന്നുള്ളതുകൊണ്ടാണ് അവ വേരോടെ പിഴുതു മാറ്റണമെന്ന് ആഗ്രഹിച്ചവര്‍ വളയ്ക്കാന്‍ പിടിച്ച പിടി കണ്ടതോടെ ആഹഌദത്തിന്റെ ആരവം മുഴക്കിയത്. 48 മണിക്കൂര്‍ എങ്കില്‍ അത്രയും നേരം മലയാള ദൃശ്യ മാധ്യമ രംഗത്ത് ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും വികൃത മുഖവും വിധ്വംസക ശബ്ദവും കാണാതിരിക്കുവാനും കേള്‍ക്കാതിരിക്കുവാനും ഇടവരുമെന്നതുമായിരുന്നു അവരുടെ പ്രതീക്ഷ. ഭൂരിപക്ഷത്തിന്റെ വികാരങ്ങളെ കരുതിക്കൂട്ടി വ്രണപ്പെടുത്തുന്നതും ഹിന്ദുവിനെ പാര്‍ശ്വവത്കരിക്കുന്നതും അതിരുവത്കരിക്കുന്നതും ഇനിയും ഞങ്ങള്‍ പൊറുക്കില്ലയെന്ന് നിശ്ചയിച്ചു കഴിഞ്ഞവരുടെ പിഴവില്ലാത്ത പ്രതികരണമാണവിടെ കണ്ടത്.
അതുകൊണ്ടാണ് അപ്രതീക്ഷിതമായി പിടി അയച്ചപ്പോള്‍ ദേശീയതയുടെ പക്ഷത്ത് സ്വയം സമര്‍പ്പിച്ചവരുടെ മനം ചൊടിച്ചതും. വഴിതെറ്റിയ മാധ്യമങ്ങള്‍ക്കെതിരെയുള്ള പൊതുവികാരം ജനകീയ ഭരണകൂടത്തിന്റെ ഇടപെടലുകളിലൂടെ വായിച്ചെടുത്തപ്പോള്‍ പൊതുജനം ആവേശഭരിതരായി. പക്ഷേ, വികാരത്തിനും അപ്പുറം വിചാരത്തിന് വിലകൊടുക്കുന്നതുകൊണ്ടാകാം പ്രധാനമന്ത്രി നരേന്ദ്രമോദി, സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലത്തിലെടുത്ത തീരുമാനം ഉചിതവും നീതിയുക്തവും ദേശഹിതത്തിന് ഉതകുന്നതും ആണെന്ന് ബോധ്യം ഉണ്ടായിട്ടും, ഏഷ്യാനെറ്റിനോടും മീഡിയ വണ്ണിനോടും വിട്ടുവീഴ്ച സമീപനം സ്വീകരിച്ചത്.
അവിടെ പ്രകടമായത് നരേന്ദ്രമോദിയെന്ന രാഷ്ട്രനേതാവിന് സ്വന്തം ജനങ്ങളെ കൂടെകൂട്ടി, ഭാരതത്തിന്റെ വികസനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്ന പാക്കിസ്ഥാന്റെയും ചൈനയുടെയും പടിഞ്ഞാറന്‍ ശക്തികളുടെയും അച്ചാരം വാങ്ങി പണിയെടുക്കുന്ന രാജ്യത്തിനകത്തുള്ള മാധ്യമ രംഗത്തുള്‍പ്പടെയുള്ള ചാരന്മാരെ നിലയ്ക്കു നിര്‍ത്താനും വേണ്ടി വന്നാല്‍ ജനാധിപത്യ രീതിയിലൂടെ പൊരുതി ഒതുക്കാനും കഴിയുമെന്നുള്ള ആത്മവിശ്വാസമാണ്.
ആ ശക്തിയിലാണ് കപടമാധ്യമങ്ങള്‍ അദ്ദേഹത്തിനെതിരെ ഇന്നോളം നടത്തിയിട്ടുള്ള കടന്നാക്രമണങ്ങളെ ചെറുക്കാന്‍ കഴിഞ്ഞതും. ചില മാധ്യമ സ്ഥാപനങ്ങള്‍ ദേശവിരുദ്ധ, ഹിന്ദുവിരുദ്ധ, സംഘവിരുദ്ധ, മോദിവിരുദ്ധ കൂട്ടായ്മയുടെ കൂലിപ്പടയായി മാറി. ജനങ്ങളുമായി നേരിട്ടു സംവദിച്ചും വികസന രാഷ്ട്രീയത്തിന്റെ സമാന്തര പാത വെട്ടിത്തുറന്നും എല്ലാവരോടുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മോദിക്ക് അഞ്ഞൂറോളം ദൃശ്യമാദ്ധ്യമ വാര്‍ത്താ ചാനലുകള്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ രണ്ടു മലയാള ചാനലുകളുടെയും വെല്ലുവിളി അതിജീവിച്ച് ശരിയുടേതായ വഴിയിലൂടെ ബഹുദൂരം മുന്നോട്ട് പോകാന്‍ കഴിയുമെന്നതില്‍ ശത്രുക്കള്‍ക്കു പോലും സംശയമുണ്ടാകില്ല.
ഇവിടെ ഇപ്പോള്‍ എന്താണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്? യാതൊരു സംശയവുമില്ല; ഏഷ്യാനെറ്റും മീഡിയാ വണ്ണും അരുതാത്തത് ചെയ്തപ്പോള്‍ സംപ്രേക്ഷണ വിലക്കേര്‍പ്പെടുത്തിയ ഭരണകൂട ഇടപെലിനും, ആ ഇടപെടല്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ തല്കാലം ക്ഷമിക്കാന്‍ നിര്‍ദ്ദേശം നല്കിയ പ്രധാനമന്ത്രിയുടെ സമീപനത്തിനുമപ്പുറം ആ രണ്ടു വാര്‍ത്താ ചാനലുകളും നടത്തിയ നേരും നെറിയും കെട്ട മാധ്യമ അപഥസഞ്ചാരം തന്നെയാണ് ചര്‍ച്ചയ്ക്ക് വിഷയമാക്കേണ്ടത്. പൗരത്വ നിയമ ഭേദഗതി മൂലം ഒരവകാശവും നഷ്ടപ്പെടുവാനില്ലാത്ത സമൂഹത്തെ കള്ളം പ്രചരിപ്പിച്ച് ഭീതി പരത്തി നാട്ടില്‍ ചിലയിടങ്ങളില്‍ വര്‍ഗീയതയുടെ വെടിമരുന്നുശാലയ്ക്ക് തീ കൊളുത്തുകയായിരുന്നു ഈ ചാനലുകള്‍. കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ്-ജിഹാദി കൂട്ടുകെട്ടിന്റെ സ്വാധീനമുള്ള സര്‍വ്വകലാശാലകളിലും മറ്റും അക്രമം അഴിച്ചു വിട്ടു. ഭൂരിപക്ഷം പേരും അവരോടു മുഖം തിരിച്ചു നില്‍ക്കുകയും ഭരണകൂടം പക്വതയോടെ കലാപകാരികള്‍ക്ക് കടിഞ്ഞാണിടുകയും ചെയ്തപ്പോള്‍ ഷാഹിന്‍ബാഗിലെ ‘ബിരിയാണി’ സമരം!
അതും പൊളിയുമെന്നായപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ കലാപാന്തരീക്ഷം സൃഷ്ടിച്ച് ലോകശ്രദ്ധ നേടാന്‍ നടത്തിയ ശ്രമമാണ് വടക്ക് കിഴക്കന്‍ ദില്ലിയില്‍ ഹിന്ദുസമൂഹത്തിനു നേരെയുള്ള കടന്നാക്രമണത്തിലൂടെ ജിഹാദികള്‍ നടത്തിയത്. സ്വാഭാവികമായും അവര്‍ ലക്ഷ്യമിട്ട ഇരകളും ആത്മരക്ഷയ്ക്ക് ചെറുത്തുനിന്നിട്ടുണ്ടാവും. രണ്ടു ഭാഗത്തും ജീവനും സ്വത്തും നഷ്ടമായി. വേദനാജനകമായ അനുഭവങ്ങള്‍ക്ക് സമാജം സാക്ഷിയായി. ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന അങ്കിത് ശര്‍മ്മയെ ആം ആദ്മി പാര്‍ട്ടി നേതാവിന്റെ വസതിയിലിട്ട് നാനൂറോളം മുറിവുകള്‍ ഏല്‍പ്പിച്ചു കൊന്നുതള്ളി. ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലുള്‍പ്പടെ നിരവധി പേര്‍ക്ക് കലാപത്തില്‍ ജീവന് നഷ്ടപ്പെട്ടു. അനവധിയാളുകള്‍ക്ക് സ്വന്തമായിട്ടുള്ളതൊക്കെ നഷ്ടപ്പെട്ടു. അങ്ങനെയൊരു പശ്ചാത്തലത്തിലും ഭരണകൂടം കഴിയുന്നത്ര സംയമനം പാലിച്ചു. ചുരുങ്ങിയ സമയം കൊണ്ടു തന്നെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി.
ജിഹാദികള്‍ ഭാരതത്തെ കഷണങ്ങളാക്കാനുള്ള അജണ്ടയുമായി മുന്നോട്ടു പോയപ്പോള്‍ പുറംപിന്തുണയുമായി നഗര/കാടന്‍ നക്സലുകളും ഇടതുവലത് കമ്യൂണിസ്റ്റുകളും കപടബുദ്ധിജീവികളും ചില മാധ്യമപ്രവര്‍ത്തകരും അവരുടെ കൂടെയുണ്ടായി. കള്ള വാര്‍ത്തകളും ഉണ്ടാക്കിയെടുത്ത ദൃശ്യങ്ങളും നിരന്തരം സംപ്രേക്ഷണം ചെയ്ത് എല്ലാ സന്ദര്‍ഭങ്ങളിലും അക്രമകാരികള്‍ ഹിന്ദുക്കളും ഇരകള്‍ മുസ്ലീങ്ങളുമാണെന്ന കള്ളം പ്രചരിച്ചിച്ച് കുപ്രസിദ്ധി നിലനിര്‍ത്തിയ രണ്ടു ദൃശ്യമാധ്യമങ്ങളാണ് ഏഷ്യാനെറ്റും മീഡിയാ വണ്ണും. പക്ഷേ അതിനൊക്കെ അപ്പുറം ഈ വക ചാനലുകള്‍ മത്സരബുദ്ധ്യാ തുടര്‍ന്നു പോരുന്ന സത്യത്തോടും മാധ്യമ ധര്‍മത്തോടുമുള്ള ‘അലര്‍ജി’ മലയാള മാധ്യമങ്ങളുടെ വിശ്വസനീയത ഇല്ലാതാക്കിയെന്നതും ശ്രദ്ധേയമാണ്. അവര്‍ക്കൊക്കെ ഒരു പക്ഷേ അറിയാന്‍ കഴിഞ്ഞിട്ടുള്ളതിലും അപ്പുറമുള്ള ഒരു തലത്തിലാണ് മലയാളി ചിന്തിക്കുന്നത്. അമ്പതോ അറുപതോ വര്‍ഷങ്ങള്‍ക്കു മുമ്പു പോലും തങ്ങള്‍ വീട്ടില്‍ വരുത്തുന്ന പത്രത്തിന് ജാതി-മത-രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഉണ്ടെന്നത് ഉള്‍ക്കൊണ്ടുകൊണ്ട് വായനശാലകളിലും, ബാര്‍ബര്‍ഷാപ്പുകളിലും, ചായക്കടകളിലും കള്ളുഷാപ്പുകളിലുമൊക്കെ ചെന്നിട്ടാണെങ്കില്‍ പോലും മറ്റു പത്രങ്ങളും വായിച്ച് താരതമ്യം ചെയ്ത് നേരറിയുവാന്‍ ശ്രമിച്ചു പോന്നിട്ടുള്ള ഒരു പൊതു സമൂഹമാണ് ഇവിടെയുള്ളതെന്ന് പുതിയ കാലത്ത് കണ്ണടച്ചിരുന്ന് പാലുകുടിക്കുന്ന മാധ്യമ പൂച്ചകള്‍ മനസ്സിലാക്കുന്നത് നന്ന്. മാത്രമല്ല, സാമ്പത്തിക നേട്ടത്തിനുവേണ്ടി ചായാനും ചെരിയാനും തയാറാകുന്ന പത്രം ഉടമകളെയും സ്ഥാപിത താല്‍പ്പര്യക്കാരുടെ സൗഹൃദത്തണലില്‍ കഴിഞ്ഞ പത്രപ്രവര്‍ത്തക ‘കുലപതികളെയും’ തിരിച്ചറിഞ്ഞ പൊതുസമൂഹം അവര്‍ നല്കുന്ന വാര്‍ത്തകളാലും വിശകലനങ്ങളാലും സ്വാധീനിക്കപ്പെടുവാന്‍ അനുവദിക്കാതെ സ്വതന്ത്ര തീരുമാനങ്ങളെടുക്കുന്ന വ്യക്തികളെയും സമൂഹങ്ങളെയും കേരളം പലപ്പോഴും കണ്ടുകഴിഞ്ഞു.
അങ്ങനെയല്ലെങ്കില്‍ മാധ്യമങ്ങള്‍ എന്നും വളഞ്ഞിട്ടാക്രമിച്ചിട്ടുള്ള കെ.കരുണാകരന് ഇടവേളകള്‍ കഴിഞ്ഞാണെങ്കിലും കേരളത്തില്‍ പലപ്പോഴും എങ്ങനെ മുഖ്യമന്ത്രിയായി? അവരുടെ പ്രിയങ്കരരായ ഇഎംഎസും നായനാരും അച്ചുതാനന്ദനും ആന്റണിയും സുധീരനുമൊക്കെ പലപ്പോഴും തിരസ്കരിക്കപ്പെട്ടതെന്തുകൊണ്ട്? കലാ-സാഹിത്യ-ബുദ്ധിജീവി-മാധ്യമ രംഗങ്ങളിലെ സ്വാധീനം കണക്കിലെടുത്താല്‍ 1957നു ശേഷം നടന്ന ഒരു തിരഞ്ഞെടുപ്പിലും ഇടതുപക്ഷം കേരളത്തില്‍ പരാജയപ്പെടാന്‍ പാടില്ലായിരുന്നുവെന്ന അവസ്ഥയുണ്ടായിരുന്നിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വളര്‍ച്ച താഴോട്ടാണെന്ന് മാത്രം മനസ്സിലാക്കിയാല്‍ ഇന്ന് ദൃശ്യമാധ്യമങ്ങളിലുള്ളവര്‍ക്കും അവരുടെ സ്വാധീനത്തിന്റെ പരിമിതി ബോദ്ധ്യപ്പെടും. ബിജെപി തെരഞ്ഞെടുപ്പില്‍ ജയിച്ചുവെന്ന് കേട്ടാല്‍ ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് വിലപിക്കുന്ന ഷാനിമാരും ചര്‍ച്ചയിലേക്കു ക്ഷണിച്ചുവരുത്തിയ അതിഥിയൊട് അഹങ്കാരത്തോടെ പെരുമാറിയിട്ട് മാപ്പ് പറയേണ്ടിവരുന്ന വേണുമാരും ഭാരതത്തിലെ ബഹുഭൂരിപക്ഷത്തിന്റെ ജനാധിപത്യ സങ്കല്പങ്ങളെയും ബോദ്ധ്യങ്ങളെയും അധിക്ഷേപിക്കുകയും വളച്ചൊടിക്കയും ചെയ്യുന്നത് തുടരുന്നു. അവര്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമയിടങ്ങളുടെ വിശ്വസനീയത വീണ്ടും ഇല്ലാതാക്കിയെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാകണം. ഹിന്ദു ജനവിഭാഗം ഉള്‍പ്പടെയുള്ള ദേശീയപക്ഷത്തിന് ഭാരതത്തിലുള്ള ഇടം ഉള്‍ക്കൊള്ളാനുള്ള മാന്യത മാധ്യമധര്‍മ്മത്തിന്റെ ഭാഗമാണെന്ന് അവര്‍ പഠിച്ചെടുക്കണം.
വഴിതെറ്റിയ രണ്ടു ചാനലുകളെയും സമൂഹം ഇടപെട്ട് നേര്‍വഴി കാട്ടേണ്ട സന്ദര്‍ഭത്തിലാണ് രമേശ് ചെന്നിത്തലയും പിണറായി വിജയനുംഅവരോട് കൂറു പ്രഖ്യാപിച്ചത്. ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ ആന്റണിയും കൂട്ടരും വിമത ശബ്ദമുയര്‍ത്തി. ബഹുഭൂരിപക്ഷം യുവജനങ്ങളും വിദ്യാര്‍ത്ഥികളും ആന്റണി പക്ഷത്തായിരുന്നപ്പോള്‍ ഇന്ദിരയ്ക്കും അടിയന്തിരാവസ്ഥയ്ക്കും കുടപിടിച്ച കരുണാകരന്റെ ആശ്രിതനായാണ് രമേശ്, തിരുവഞ്ചൂരിനും കെ.സി. ജോസഫിനും ജി രാമന് നായര്‍ക്കുമൊക്കെ മുകളില്‍, നേതാവാകുന്നതിനുള്ള വഴി കണ്ടെത്തിയത്. മാധ്യമങ്ങളെ ഞെക്കിക്കൊന്ന അടിയന്തരാവസ്ഥയുടെ രാഷ്ട്രീയ സൃഷ്ടിയായ ചെന്നിത്തല മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞാല്‍ ചെകുത്താന്റെ കാര്യക്കാരന്‍ വേദമോതുന്ന പോലെ തോന്നും ശബരിമല വിഷയത്തിലുള്‍പ്പടെ മാധ്യമങ്ങളോട് ‘കടക്കൂ പുറത്ത്’ എന്ന സമീപനം തുടര്‍ന്നു പോന്ന പിണറായിയുടെ പാര്‍ട്ടി ലോകത്തിലെവിടെയാണ് മാധ്യമ സ്വാതന്ത്ര്യത്തിനു വിലകൊടുത്തിട്ടുള്ളത്? അങ്ങനെയുള്ളവരാണ് ജനാധിപത്യബോധമുള്ള മോദി ഭരണത്തെ വിമര്‍ശിക്കുന്നത്.
(ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം
ജില്ലാ അദ്ധ്യക്ഷനാണ് ലേഖകന്‍)
9497450866
പ്രതികരിക്കാൻ ഇവിടെ എഴുതുക: