കാസര്‍കോട്: കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്. കൊറോണ രോഗബാധിത രാജ്യങ്ങളില്‍ നിന്നും വന്നിട്ടുള്ളവര്‍ ജില്ലാ കണ്ട്രോള് റൂമില്‍ വിവരം അറിയിക്കണം. ജില്ലയില്‍ നിരീക്ഷണത്തില്‍ 109 പേരാണ് നിലവിലുള്ളത്. മൂന്നുപേര്‍ ആശുപത്രിയിലും 107 പേര് വീടുകളിലും നിരീക്ഷണത്തിലാണ്.
കൊറോണ രോഗലക്ഷണം കണ്ടെത്തിയതിനാല്‍ ഉംറ നിര്‍വ്വഹിച്ചെത്തിയ ദമ്പതികളെയും ഗള്‍ഫില്‍ നിന്നെത്തിയ യുവാവിന്റെ സുഹൃത്തിനെയും കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസമാണ് ദമ്പതികള്‍ ഉംറ നിര്‍വ്വഹിച്ച് സൗദിയില്‍ നിന്നും നാട്ടിലെത്തിയത്. ഇവര്‍ക്ക് പനിയുള്പെടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനാലാണ് നിരീക്ഷണത്തിലാക്കിയത്. ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പാണ് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് രോഗലക്ഷണത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. യുവാവിനെ പിന്നീട് വീട്ടില്‍ നിരീക്ഷണത്തിനായി പറഞ്ഞുവിട്ടു. യുവാവുമായി അടുത്തിടപഴകിയ സുഹൃത്തിനെയാണ് ഇപ്പോള്‍ രോഗലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.
ഗള്‍ഫ് ഉള്‍പെടെയുള്ള വിദേശ രാഷ്ട്രങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് പനി ലക്ഷണമുണ്ടായാല്‍ നേരിട്ട് ആശുപത്രിയില്‍ പരിശോധനയ്ക്ക് ചെല്ലാന്‍ കഴിയില്ല. കൊറോണ കണ്ട്രോള് സെല്‍ നമ്പറായ 9946000493 ല്‍ ബന്ധപ്പെട്ടു വേണം ചികിത്സയ്ക്കും പരിശോധനയ്ക്കും എത്താ നെന്ന് അധികൃതര്‍ പറഞ്ഞു.
വിദേശയാത്രയെക്കുറിച്ച് രോഗലക്ഷണങ്ങളെ കുറിച്ച് ശരിയായ വിവരങ്ങള്‍ മാത്രം നല്‍കുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതു വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പൊതുപരിപാടികളിലും സ്വകാര്യ ചടങ്ങുകളിലെ ബന്ധു സന്ദര്‍ശനത്തിന് ഒഴിവാക്കുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കുടുംബാംഗങ്ങളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. വീടുകളില്‍ ഐസൊലേഷനില്‍ ഉള്ളവരെ അനാവശ്യമായി സന്ദര്‍ശിക്കരുത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടിവെക്കുക. കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. വ്യക്തി ശുചിത്വം പാലിക്കുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ്ക് ധരിക്കുക. സമാന രോഗ ലക്ഷണങ്ങളുള്ളവരുമായി സംസാരിക്കുമ്പോള്‍ ചുരങ്ങിയത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം, രോഗ ലക്ഷണം ഉള്ളവര്‍ പൊതു ചടങ്ങുകളില്‍ നിന്ന് വിട്ട് നില്‍ക്കണം. ഒഴിവാക്കാവുന്ന യാത്രകളും പഠനയാത്രകളും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: