റിയാദ്: ലോകത്തെ ഒന്നാമത്തെ എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യയും രണ്ടാമത്തെ രാജ്യമായ റഷ്യയും ക്രൂഡ് ഓയില്‍ കയറ്റുമതി വിപണിയില്‍ മത്സരം തുടങ്ങിയതോടെ ആഗോള വിപണിയില്‍ ക്രൂഡ്ഓയില്‍ വിലയില്‍ വന്‍ ഇടിവ്. 31 ശതമാനം വരെ വിലയിടിഞ്ഞ് ബാരലിന് 32 ഡോളറിലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ലോകത്താകെ എണ്ണ ഉപഭോഗം കുറഞ്ഞതും ഇടിവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
1991ലെ ഗള്‍ഫ് യുദ്ധത്തിനു ശേഷം ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2016 ജനുവരി 12ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയ്‌ക്കാണ് ഇന്നലെ വിറ്റത്. യുഎസ് വെസ്റ്റ് ടെക്‌സ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യൂടിഐ) ക്രൂഡ് 11.28 ഡോളര്‍ അഥവാ 27.4 ശതമാനം ഇടിഞ്ഞ് ബാരലിന് 30 ഡോളറിനാണ് വ്യാപാരം നടന്നത്. ഇന്ത്യ കൂടുതലായി ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡ് ബാരലിന് 31.02 ഡോളറിന് വിറ്റു. ഏപ്രില്‍ മാസത്തോടെ എണ്ണ ഉത്പാദനം കൂട്ടുമെന്ന സൗദിയുടെ പ്രഖ്യാപനവും ആഗോള വിപണിയില്‍ വിലത്തകര്‍ച്ചയ്‌ക്ക് കാരണമായി.
ഒപെക് നിലപാട് തുണച്ചില്ല
കൊറോണ വൈറസ് ഭീതി പടര്‍ന്നതോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില സ്ഥിരമാക്കാന്‍ ഒപെക് സ്വീകരിച്ച നടപടികളും ഫലം കണ്ടില്ല. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ചൈന ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍നിന്നു പിന്‍മാറിയത് വിലത്തകര്‍ച്ചയ്‌ക്ക് കാരണമായി.
ഇതോടെ ഒപെക് ക്രൂഡ് ഓയില്‍ ഉത്പാദനം വെട്ടിക്കുറയ്‌ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, റഷ്യ ഈ ആവശ്യം നിരസിച്ചു. ഈ നീക്കത്തിന് പിന്നാലെയാണ് സൗദി എണ്ണനിരക്ക് യുദ്ധം പ്രഖ്യാപിച്ചത്. ഇതോടെ ഒപെക് തീരുമാനം തുലാസിലായി. ഏപ്രിലില്‍ ക്രൂഡ് ഓയില്‍ ഉത്പാദനം കൂട്ടുമെന്ന സൗദിയുടെ പ്രഖ്യാപനം ഒപെക് രാജ്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് അനുസരിച്ചാകും വരുംദിവസങ്ങളിലെ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന മാറ്റങ്ങള്‍.
സൗദിയുടെ ലക്ഷ്യം
ഒപെകും റഷ്യയും തമ്മില്‍ നിലവിലുള്ള കരാര്‍ മാര്‍ച്ച് മാസത്തോടെ അവസാനിക്കും. മാസാരംഭത്തില്‍ തന്നെ ഒപെക് തീരുമാനത്തെ റഷ്യ അവഗണിച്ചത് ക്രൂഡ് ഓയില്‍ വിപണിയിലെ നിലപാടു മാറ്റമായാണ് സൗദി കണക്കാക്കുന്നത്. ഈ അവസരം മുതലെടുത്ത് വില കുറച്ച് പുതിയ ഉപഭോക്താക്കളെ കണ്ടെത്താനാണ് സൗദിയുടെ ശ്രമം. ഏപ്രിലില്‍ 10 മില്യണ്‍ ബാരലിന്റെ ഉത്പാദനം കൂട്ടാനാണ് സൗദി പദ്ധതിയിടുന്നത്.
2014നും 2016നും ഇടയിലാണ് സൗദിയും റഷ്യയും മറ്റ് എണ്ണ ഉത്പാദക രാജ്യങ്ങളും തമ്മില്‍ വിപണി പിടിക്കാനുള്ള മത്സരം ശക്തമാക്കിയത്. സൗദിയുടെ പുതിയ നീക്കത്തോടെ ഡോളറിന്റെ മൂല്യം ജാപ്പനീസ് യെന്നിനെതിരെ മൂന്ന് ശതമാനത്തിന്റെ ഇടിവുണ്ടാക്കി. കറന്‍സി മൂല്യങ്ങളിലുണ്ടായ തകര്‍ച്ച ആഗോള ഓഹരി വിപണിയിലും വലിയ തകര്‍ച്ചയ്‌ക്ക് ഇടയാക്കി. ഇന്ത്യന്‍ ഓഹരി വിപണിയെയും ഇത് ബാധിച്ചു.
















