ന്യൂദല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം. ജ്യോതിരാദിത്യ സിന്ധ്യയെയും സിന്ധ്യയെ പിന്തുണയ്ക്കുന്ന 17 എംഎല്‍എമാരെയും കാണാനില്ല. ഇവരെ സിന്ധ്യ ബെംഗളൂരുവിലേക്ക് മാറ്റിയെന്നാണ് സൂചന. ഇതോടെ കമല്‍നാഥ് സര്‍ക്കാര്‍ വെട്ടിലായി.
മുങ്ങിയ എട്ട് എംഎല്‍എമാരെ മുഖ്യമന്ത്രി കമല്‍നാഥിനു പുറമേ ദ്വിഗ്വിജയ് സിങ് കൂടി ഇടപെട്ട് ഒരു തരത്തില്‍ മടക്കിയെത്തിച്ചതിനു പിന്നാലെയാണ് 18 പേരെ കാണാതായത്. ഇവരില്‍ അഞ്ചു മന്ത്രിമാരും ഉണ്ടെന്നാണ് സൂചന. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫാണ്.
കമല്‍നാഥും സിന്ധ്യയും തമ്മിലുള്ള പോര് പുതിയ തലത്തിലെത്തിയെന്നാണ് എംഎല്‍എമാരുടെ മുങ്ങല്‍ സൂചിപ്പിക്കുന്നത്. മന്ത്രിസഭ വികസിപ്പിക്കാനും രാജ്യസഭാ തെരഞ്ഞെടുപ്പിനും പാര്‍ട്ടി ഒരുങ്ങുന്നതിനിടെയാണ് പുതിയ വെല്ലുവിളി. കഴിഞ്ഞ ദിവസം കമല്‍നാഥ് ദല്‍ഹിയിലെത്തി സോണിയയെ കണ്ടിരുന്നു.
എട്ട് എംഎല്‍എമാരെ ബിജെപി മുക്കിയതാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. ഇപ്പോള്‍18 എംഎല്‍എമാരെ കാണാതായതോടെ കോണ്‍ഗ്രസിന് മിണ്ടാട്ടമില്ലാതായി. പാര്‍ട്ടിയില്‍ പിളര്‍പ്പിന് ബിജെപി ശ്രമിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് ഇറങ്ങിയിട്ടുണ്ടെങ്കിലും വാദങ്ങള്‍ ദുര്‍ബലമാണ്. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 114 എംഎല്‍എമാരുണ്ട്. ഒരു സ്വതന്ത്രനെക്കൂടി കൂട്ടിയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ട 115 എംഎല്‍എമാരെ ഒപ്പിച്ചെടുത്തത്. ബിജെപിക്ക് 107 എംഎല്‍എമാരുണ്ട്. അതിനിടെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ശിവരാജ്സിങ് ചൗഹാന് ദല്‍ഹിയിലെത്തി മുതിര്‍ന്ന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി. ചൗഹാനോട് ദല്‍ഹിയില്‍ തുടരാന്‍ അമിത്ഷാ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: