2002ല്‍ വിനയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍’ ബോക്സോഫീസില്‍ വന്‍വിജയം കരസ്ഥമാക്കിയ ചലച്ചിത്രമാണ്. സൂപ്പര്‍താരങ്ങള്‍ വെള്ളിത്തിരയെ അടക്കിവാണ അക്കാലത്ത് അവരില്ലാതെ ഒരു സിനിമ വിജയിപ്പിച്ചെടുക്കുക എന്നത് പ്രവചിക്കാന്‍ കഴിയാത്തതായിരുന്നു. എങ്കിലും അത്തരമൊരു പരീക്ഷണത്തിന് വിനയന് തയ്യാറായി. അതിനൊരു കാരണവും വിനയനുണ്ടായിരുന്നു. ജയസൂര്യ എന്ന ചെറുപ്പക്കാരനും കാവ്യാമാധവന് എന്ന നടിയുമായിരുന്നു വിനയന്റെ കയ്യിലെ തുറുപ്പു ചീട്ട്. രണ്ടുപേരുടെയും തകര്‍ത്തഭിനയം സിനിമയെ വിജയത്തിലെത്തിച്ചു.
മിമിക്രിതാരങ്ങള്‍ സിനിമാ നടന്മാരാകുന്ന കാലമായിരുന്നു അത്. വെള്ളിത്തിരയിലും മിമിക്രി കാട്ടി പ്രേക്ഷകരെ ചിലപ്പോഴെല്ലാം ചിരിപ്പിച്ച്, വളരെ വേഗത്തില്‍ രംഗമൊഴിയുന്നവരായിരുന്നു അവരില്‍ കൂടുതല്‍ പേരും. സിനിമയില്‍ അഭിനയിക്കാന്‍ ഇടംകിട്ടുമോ എന്ന് പലരോടും മിമിക്രി താരമായിരുന്ന ജയസൂര്യയും തിരക്കി. അവസരത്തിനായി അലഞ്ഞു. നടനാകാനുള്ള മോഹമായിരുന്നു അദ്ദേഹത്തിനും.
ഒരു പ്രമുഖ ചാനലിന്റെ അവതാരകനായിരുന്നു ജയസൂര്യ. അവതാരകനായി മിമിക്രി കാട്ടുന്ന ജയസൂര്യയെ ചാനല്‍ പ്രേക്ഷകര്‍ക്കിഷ്ടമായിരുന്നു. ചാനലിലെ പരിപാടി അവതരണത്തിനിടയില്‍ ഊമയായി അഭിനയിക്കുന്ന ജയസൂര്യയുടെ പ്രകടനമാണ് വിനയന്റെ സിനിയിലേക്കുള്ള വഴി തുറന്നത്. വിനയന് അന്നേ തിരിച്ചറിഞ്ഞു, ഉത്സാഹിയായ ഒരു ചെറുപ്പക്കാരന്റെ വിജയത്തിലേക്കുള്ള വഴികള്‍. പിന്നീട് മറ്റ് പല സംവിധായകര്‍ക്കും ആ തിരിച്ചറിവുണ്ടായി.
മലയാള സിനിമയില്‍ ജയസൂര്യയെത്തുന്നത് പ്രത്യേകിച്ച് മേല്വിലാസങ്ങളൊന്നുമില്ലാതെയാണ്. മിമിക്രിക്കാരനായി നടന്ന് പലരോടും വേഷത്തിനായി കെഞ്ചി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയുടെ പിന്നാമ്പുറത്ത് അലഞ്ഞു. ഉയരത്തിലെത്തിക്കാന്‍ ഗോഡ്ഫാദര്മാരുമുണ്ടായിരുന്നില്ല. സിനിമയില്‍ സ്വാധീനമുള്ളവരാരും ബന്ധുക്കളുമായിരുന്നില്ല. ‘ദാ, ഇവനെ നടനാക്കി വളര്‍ത്തിക്കളയാം…’ എന്നു പറഞ്ഞ് കൈപിടിച്ചുയര്‍ത്താന്‍ ബന്ധുക്കളാരും ഉണ്ടായിരുന്നുമില്ല. ക്ലിക്കുകളുടെയും ഉപജാപകസംഘത്തിന്റെയും ഭാഗമാകാന്‍ ജയസൂര്യ നിന്നുകൊടുത്തിട്ടുമില്ല. സമകാലികരായപലരെയും വാഴ്ത്താനും പ്രചരിപ്പിക്കാനും പലരുമുണ്ടായപ്പോഴും ജയസൂര്യ അവിടെയെല്ലാം വേറിട്ടു നടന്നു. പത്രത്താളുകളില്‍ വലിയ അഭിമുഖങ്ങള്‍ അച്ചടിച്ചുവന്നതേയില്ല. സൂപ്പര്‍സ്റ്റാറാക്കി പാലഭിഷേകം നടത്താനും ആളുണ്ടായില്ല. സിനിമാ നിരൂപകരാരും വാഴ്ത്തിപ്പാടാന് രംഗപ്രവേശം ചെയ്തില്ല.
എന്നിട്ടും ജയസൂര്യ ‘ഊമപ്പെണ്ണും ഉരിയാടാപ്പയ്യനും’ എന്ന ചിത്രത്തിലെ ബേബിഉമ്മന് എന്ന ഊമച്ചെക്കനില് നിന്ന് ഫുട്ബോള്‍ ഇതിഹാസം സത്യനായും മഹാനടന് സത്യനായും മെട്രോമാന് ഇ.ശ്രീധരനായും വേഷപ്പകര്‍ച്ച ചെയ്യുന്നതില്‍ വരെ എത്തി നില്ക്കുന്നു. വി.പി.സത്യനായി ജയസൂര്യ വെള്ളിത്തിരയില്തിളങ്ങിയപ്പോള് സത്യനെ സ്നേഹിക്കുന്നവര്‍ ജയസൂര്യയെ സത്യനായിതന്നെയാണ് കണ്ടത്. മേരിക്കുട്ടിയായും അങ്കുര്‍ റാവുത്തരായും സുധീന്ദ്രനായും ജോയിതാക്കോല്ക്കാരനായും അബ്ദുവായും….വേഷപ്പകര്‍ച്ചകളെല്ലാം മലയാളിയെ അദ്ഭുതപ്പെടുത്തുന്നതായി.
ആദ്യകാലത്തൊന്നും നടനെന്ന നിലയില്‍ പ്രക്ഷകരുടെ മതിപ്പുനേടാന്‍ ജയസൂര്യക്കായില്ല. നായകനായി വന്നപ്പോള്‍ ചിലരെങ്കിലും പരിഹസിച്ചു. ഈ ചെറുക്കന് നായകനോ എന്ന് സിനിമയിലുള്ളവര്‍ തന്നെ മൂക്കത്ത് വിരല്‍ വച്ചു. ഒരു യുവതാരത്തിന് ലഭിച്ചിരുന്ന പരിഗണനകളൊന്നും ലഭിച്ചില്ല. അവഗണനയുടെയും എഴുതിത്തള്ളലിന്റെയും കയ്പ്പില്‍ നിന്നാണ് ഇന്നിപ്പോള്‍ സംസ്ഥാനത്തെ മികച്ച നടനായും മൂല്യമുള്ള സിനിമകളിലെ നായകനായും മലയാളി സിനിമാസ്വാദകരുടെ അടുത്തവീട്ടിലെ പയ്യനായുമൊക്കെ സന്തോഷത്തിന്റെ മധുരമുള്ള കാലത്തിലേക്ക് ജയസൂര്യ എത്തിയിരിക്കുന്നത്. സാധാരണ പ്രേക്ഷകന്റെ സാധാരണ നായകനാണ് ജയസൂര്യ. അദ്ദേഹത്തിന്റെ സിനിമകള്‍ കാണാന്‍ പോകുന്ന പ്രേക്ഷകന് വിശ്വസിക്കാം, ഇത് തങ്ങളുടെ സിനിമയാണെന്ന്. കുടുംബത്തിന്റെ സിനിമയാണെന്ന്!
നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നടന് എന്ന് ചിലര്‍ ജയസൂര്യയെ കുറിച്ചു പറയാറുണ്ട്. അതത്രയും ശരിയുമാണ്. വീഴ്ചകളില്‍ നിന്ന് പാഠം പഠിച്ച്, കഠിനാധ്വാനത്തിലൂടെയാണ് വലിയ നടനിലേക്കും അംഗീകാരങ്ങളിലേക്കും ജയസൂര്യയെത്തിയത്. ഓരോ നല്ലസിനിമയുടെയും ഭാഗമാകണമെന്ന മോഹം അദ്ദേഹത്തിലുണ്ട്. ചില സിനിമകള്‍ പരാജയത്തിന്റെ രുചിയറിഞ്ഞപ്പോള്‍ സ്വയം തിരിച്ചറിഞ്ഞു, താന്‍ എങ്ങനെയാകണമെന്ന്. തെറ്റു തിരുത്തി മുന്നോട്ടു പോയി. ചില വര്‍ഷങ്ങളില്‍ പത്തും പന്ത്രണ്ടും സിനിമകള്‍ ജയസൂര്യയുടേതായി വന്നു. 2009ല്‍ പതിമൂന്ന് സിനിമകളില്അഭിനയിച്ചു. എന്നാല്‍ എല്ലാത്തിലും നായകനായിരുന്നില്ല. സഹനടനും വില്ലനും നായകന്റെ സഹായിയും ചിലതില്‍ നായകനുമായി. ജയസൂര്യയുടെ പ്രത്യേകതയും അതു തന്നെയായിരുന്നു. സൂപ്പര്‍സ്റ്റാറും നായകനുമാകുകയല്ല തന്റെ ലക്ഷ്യമെന്ന് ജയസൂര്യ പറയുന്നു. നല്ല നടനായി നിലനില്ക്കുക. എല്ലാ സിനിമയിലും നായകന് തന്നെയാകണമെന്ന് വാശിപിടിക്കാനാകില്ല. ഒരു സിനിമയില്‍ വില്ലന്‍ കഥാപാത്രത്തിനാകും കൂടുതല്‍ നന്നായി അഭിനയിക്കാനാകുക. അപ്പോള്‍ വില്ലന്‍ വേഷം ചെയ്യുന്നതല്ലെ നല്ലതെന്നാണ് ജയസൂര്യയുടെ പക്ഷം. വര്‍ഷം പതിമൂന്ന് സിനിമകള്‍ ചെയ്തിരുന്ന നടനില്‍ നിന്ന് ഇപ്പോള്‍ കുറച്ചു സിനിമകള്‍ മാത്രം ചെയ്യുന്നയാളായി മാറുകയാണ് ജയസൂര്യ.
”നടനെന്ന നിലയില്‍ എവിടെ എത്തി എന്നു നോക്കിയപ്പോഴാണ് എണ്ണം കുറയ്ക്കാനും കൂടുതല്‍ ശ്രദ്ധിച്ച് വേഷങ്ങള്‍ ചെയ്യാനും തീരുമാനിച്ചത്. എന്റെ ഒരു മോശം സിനിമ ആരെങ്കിലും കാണണമെന്ന് വാശിപിടിക്കാന്‍ എനിക്കാകില്ല. എന്നേക്കാണാനായി ആരും തീയറ്ററിലേക്ക് വരികയും വേണ്ട. ഷാജിപാപ്പനെയും സുധീന്ദ്രനെയും മേരിക്കുട്ടിയെയുമൊക്കെ കാണാനായി പ്രേക്ഷകര്‍ തീയറ്ററിലേക്കെത്തണമെന്നാണ് എന്റെ ആഗ്രഹം. അപ്പോഴാണ് എന്നിലെ നടന് വിജയിയാകുന്നത്.” ജയസൂര്യ പറയുന്നു.
കഴിഞ്ഞ പത്തുവര്ഷങ്ങത്തിനിടയില് ജയസൂര്യ ചെയ്ത സിനിമകളും കഥാപാത്രങ്ങളും പരിശോധിച്ചാല്‍ മനസ്സിലാകും എങ്ങനെയാണ് അദ്ദേഹത്തില്‍ ഒരു നടന് രൂപപ്പെട്ടതെന്നും എങ്ങനെയാണ് നല്ല നടനില്‍ എത്തപ്പെടുകയും മഹാനടനിലേക്ക് യാത്ര തുടങ്ങിയതെങ്ങനെയെന്നും. മേരിക്കുട്ടി(ഞാന്‍ മേരിക്കുട്ടി), വി.പി. സത്യന്( ക്യാപ്റ്റന്‍), ഷാജി പാപ്പന്(ആട്), ജോയി താക്കോല്ക്കാരന് (പുണ്യാളന് അഗര്‍ബത്തീസ്), സുധീന്ദ്രന്‍ (സു..സു..സുധി വാത്മീകം), രഘുറാം (ലുക്ക ചുപ്പി), അങ്കൂര്‍ റാവുത്തര്‍ (ഇയ്യോബിന്റെ പുസ്തകം), സുബി ജോസഫ് (അപ്പോത്തിക്കരി), റോയി ഫിലിപ്പ് (ഫിലിപ്പ്സ് ആന്‍ഡ് മങ്കി പെന്‍), അബ്ദു (ട്രിവാന്‍ഡ്രം ലോഡ്ജ്), വെങ്കിടേഷ് (കോക്ക്ടെയ്ല്), സ്റ്റീഫന്‍ ലൂയിസ് (ബ്യൂട്ടിഫുള്‍), ഇനിവരാനിരിക്കുന്ന ഇ ശ്രീധരന്റെയും മഹാനടന് സത്യന്റെയും വേഷങ്ങള്‍…
ഒരിക്കലും സിനിമയുടെ വാണിജ്യ വിജയം നോക്കിയല്ല ജയസൂര്യ സിനിമ തെരഞ്ഞെടുത്തിട്ടുള്ളത്. തട്ടുപൊളിപ്പന്‍ വാണിജ്യ സിനിമയുടെ ഭാഗമായിട്ടുണ്ടെങ്കിലും ആ സനിമകളും സാധാരണക്കാരനു വേണ്ടിയുള്ളതായിരുന്നു. കോടിക്ലബ്ബുകളുടെ മണിക്കിലുക്കത്തില്‍ ഒരിക്കലും ജയസൂര്യയുണ്ടായിട്ടില്ല. സാധാരണ സംവിധായകരുടെ, സാധാരണ നിര്‍മ്മാതാക്കളുടെ, സാധാരണ പ്രേക്ഷകന്റെ അഭിനേതാവായി നില്‍ക്കുകയായിരുന്നു ജയസൂര്യ. അതിനാലാകാം ഒരു ഘട്ടത്തില്‍ ചിലരെങ്കിലും ജയസൂര്യയെ അംഗീകരിക്കാന്‍ തയ്യാറായില്ല. നല്ല വില്പനയുള്ള പ്രൊഡക്ടായി ജയസൂര്യയെ സിനിമാകമ്പോളം നിയന്ത്രിക്കുന്നവര്‍ കണ്ടതേയില്ല. ആദ്യ ദിന കളക്ഷനില്‍ സിനിമ വിജയിക്കണമെന്നാഗ്രഹിക്കുന്ന നിര്‍മ്മാതാക്കളും സംവിധായകരുമൊക്കെ ജയസൂര്യയെ നല്ല പ്രൊഡക്ടായി പരിഗണിച്ചില്ല. ഒറ്റ ദിവസം കൊണ്ട് സിനിമ വിജയിപ്പിക്കുന്ന ഗിമ്മിക്കുകള്‍ക്ക് കൂട്ടുനില്ക്കാനാകില്ലെന്നതാണ് ജയസൂര്യയുടെ നിലപാട്. ഇങ്ങനെയൊക്കെയാണെങ്കിലും മാസ്ഹീറോ കഥാപാത്രമായി തിളങ്ങാനും തനിക്ക് കഴിയുമെന്ന് ഈ നടന് തെളിയിച്ചു. ആട് പരമ്പര സിനിമയിലെ ഷാജിപാപ്പന് എന്ന കഥാപാത്രം അതിനുദാഹരണമാണ്.
നാല് വര്‍ഷം മുമ്പാണ് ‘സു…സു…സുധി വാത്മീകം’ എന്ന സിനിമ പ്രേക്ഷകനിലേക്കെത്തുന്നത്. ആദ്യ ദിവസങ്ങളില്‍ തീയറ്ററില്‍ തണുത്തപ്രതികരണമാണ് ഉണ്ടായത്. എന്നാല്‍ വളരെ പെട്ടന്ന് ആ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു. ജയസൂര്യയുടെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രമാണ് സു..സു..സുധി വാത്മീകത്തിലെ സുധീന്ദ്രനെന്ന് പലരും വാഴ്ത്തി. സുധി എന്ന വിക്കുള്ള കഥാപാത്രത്തിന്റെ 25 വയസ്സുമുതല്‍ 45 വയസ്സുവരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ വിഷയം. വിദ്യാസമ്പന്നനാണെങ്കിലും ആത്മവിശ്വാസമില്ലാത്തവന്റെ ജീവിതത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്. വിക്ക് കൂടി ആത്മവിശ്വാസമില്ലാതായ സുധിയെന്ന കഥാപാത്രമായി ജയസൂര്യ എത്തിയപ്പോള്‍ വെള്ളിത്തിരയില്‍ പ്രേക്ഷകന് ജയസൂര്യയെന്ന നടനെ കണ്ടതേയില്ല. സുധിയെന്ന വിദ്യാസമ്പന്നനായ വിക്കന്‍ പലപ്പോഴും തന്റെ പേരുപോലും മറ്റുള്ളവര്‍ക്കു മുമ്പില്‍ പറയാന്‍ കഴിയുന്നില്ല. പരാജയപ്പെട്ടു പോകാന്‍ തയ്യാറെടുത്ത ഒരു ജീവിതത്തെ തിരികെ പിടിക്കുകയാണ് സിനിമയിലെ നായകന്. ജീവിതത്തില്‍ ജയസൂര്യ എന്ന നടന് ചെയ്തതും അതു തന്നെയാണ്. 25 വയസ്സുള്ള, വിക്കുമൂലം ആത്മവിശ്വാസം നഷ്ടപ്പെട്ട ചെറുപ്പക്കാരനെയും ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന, ജീവിക്കുന്ന, വിക്കുള്ള അതേ ചെറുപ്പക്കാരനെയും വെള്ളിത്തിരയില്‍ അവതരിപ്പിച്ചു.
‘സു…സു…സുധി വാത്മീകം’ കണ്ട് പലരും ജയസൂര്യയെ അഭിനന്ദിച്ചു. അവരില്‍ കൈവിട്ടുപോകുമെന്ന ഘട്ടത്തില്‍ നിന്ന് ജീവിതത്തെ ആത്മവിശ്വാസത്തോടെ തിരികെ പിടിച്ചവരുമുണ്ടായിരുന്നു. ചിത്രം കണ്ട് ഒരു ചെറുപ്പക്കാരന് കത്തയച്ചു. വിക്കുള്ള ഒരു സുഹൃത്ത് അയാള്‍ക്കുണ്ടായിരുന്നു. കൂട്ടുകാരുടെ കൡയാക്കലുകള് സഹിക്കവയ്യാതെ ആയാള്‍ ആത്മഹത്യ ചെയ്തു. സിനിമ കണ്ട സുഹൃത്ത് കുറ്റബോധത്താല്‍ പൊട്ടിക്കരഞ്ഞു. കളിയാക്കിയവരുടെ കൂട്ടത്തില്‍ ആ സുഹൃത്തും ഉണ്ടായിരുന്നു.
”കേരളത്തിലെ ചെറുപ്പക്കാര്‍ കണ്ടിരിക്കേണ്ട മോട്ടിവേഷണല്‍ ഫിലിം’ എന്നാണ് കോഴിക്കോട് കളക്ടര്‍ ഫേസ്ബുക്കില്‍ ‘സു…സു…സുധി വാത്മീക’ത്തെ കുറിച്ചെഴുതിയത്. അത് നല്ല കാര്യമാണ്. സിനിമ കണ്ട് ദുഷിച്ച സമൂഹത്തെപ്പറ്റി എല്ലാവരും പറയും. പക്ഷേ സിനിമ കണ്ട് നന്നായവരെക്കുറിച്ച് പലരും പറയാറില്ല. അത് പറയിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് വലിയകാര്യം.”
ഫുട്ബോള്‍ പ്രേമികളുടെ ആരാധനാകഥാപാത്രമായിരുന്ന വി.പി സത്യന്റെ ജീവിതകഥ പറഞ്ഞ ‘ക്യാപ്റ്റന്‍’ എന്ന സിനിമയില്‍ മറ്റൊരു വേഷപ്പകര്‍ച്ചയിലാണ് ജയസൂര്യ എത്തിയത്. സത്യനെ അടുത്തറിയാവുന്നവര്‍ക്ക് ആ ഓര്‍മ്മകളിലേക്ക് തിരിച്ചുപോക്ക് വലിയ വേദനയുണ്ടാക്കി. കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുന്ന കളിക്കാരന്റെ ആത്മസംഘര്‍ഷങ്ങള്‍ മുഴുവന്‍ ആവാഹിച്ച് വി.പി.സത്യനായി മാറാന്‍ ജയസൂര്യക്കായി. വെറുമൊരു കളിക്കാരന്റെ കളിയുടെ കഥ മാത്രമല്ല ക്യാപ്റ്റന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും കൂടെയാണ്. ഇന്ത്യന്‍ ഫുട്ബോളിന്റെ അഭിമാനമായ വി.പി.സത്യന്റെ വളര്‍ച്ചയും പതനവും എല്ലാം. നിറഞ്ഞ കണ്ണുകളോടെയല്ലാതെ ഒരാളും സിനിമ കണ്ടശേഷം തീയറ്റര്‍ വിട്ടുപോയില്ല. ജയസൂര്യ എന്ന നടന്റെ ഏറ്റവും മികച്ച കഥാപാത്രം ഇനി മുതല്‍ വി.പി.സത്യനായിരിക്കുമെന്ന് നിരൂപകരെഴുതി. അതിനു മുമ്പുവരെ അവര്‍ ‘സു…സു…സുധി വാത്മീക’ത്തിലെ സുധിക്കായിരുന്നു ആ സ്ഥാനം നല്‍കിയത്. കളിക്കളത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട വി.പി.സത്യനെന്ന വലിയ കളിക്കാരന്റെ ആത്മസംഘര്‍ഷങ്ങളെ അതേ വികാരത്തോടെ പ്രതിഫലിപ്പിക്കാന്‍ ജയസൂര്യയിലെ നടന് കഴിഞ്ഞു എന്നത് നിസ്സംശയം പറയാം. വി.പി.സത്യന്റെ ജീവിതം എത്രത്തോളം കഷ്ടതകള്‍ നിറഞ്ഞതായിരുന്നെന്ന് അറിയുമ്പോഴാണ് തീയറ്ററിലെത്തിയ പ്രക്ഷകരുടെ കണ്ണു നനയുന്നത്. അങ്ങനെ സംഭവിക്കുന്നത് സത്യനായി മാറിയ ജയസൂര്യ എന്ന നടന്റെ വിജയം തന്നെയാണ്.
‘ഞാന്‍ മേരിക്കുട്ടി’ എന്ന ചലച്ചിത്രം വന്നപ്പോഴും പ്രേക്ഷകര്‍ പറഞ്ഞു, ജയസൂര്യയുടെ മുമ്പുണ്ടായിട്ടില്ലാത്ത കഥാപാത്രമെന്ന്. അഭിനയ ജീവിതത്തിലെ മികച്ച പ്രകടനമെന്ന്. മേരിക്കുട്ടി അത്രത്തോളം ആസ്വാദക മനസ്സിലേക്ക് കയറിക്കൂടി. മുമ്പും പെണ്‍വേഷം കെട്ടിയ നടന്മാര് നമുക്കുണ്ടായിട്ടുണ്ട്. പക്ഷേ, അവരൊക്കെ വേഷപ്രച്ഛന്നരാകുക മാത്രമായിരുന്നു. ഒരു തരം ഫാന്‍സി ഡ്രസ്സ്. ഒടുവില്‍ ആണാണെന്ന് വിളിച്ചു പറയുന്ന വേഷങ്ങള്‍. എന്നാല്‍ ‘ഞാന്‍ മേരിക്കുട്ടി’യിലെ ജയസൂര്യയുടെകഥാപാത്രം വേഷം കെട്ടായിരുന്നില്ല.
ജീവിതം ആസ്വദിച്ചു തുടങ്ങുന്ന കൗമാരത്തിന്റെ ഒരു ഘട്ടത്തില്‍ താന്‍ ആണല്ല പെണ്ണാണെന്ന് തിരിച്ചറിയപ്പെടുകയും പെണ്ണായി ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളെയാണ് ജയസൂര്യ അവതരിപ്പിച്ചത്. ആണ് ശരീരത്തിനുള്ളിലുള്ള ചിന്തകളും മനസ്സും പെണ്ണിന്റേതാണെന്ന് മനസ്സിലാകുമ്പോള്‍ ഉണ്ടാകുന്ന മനസ്സിന്റെ ചലനങ്ങള്‍. അത് പൊതു സമൂഹം തിരിച്ചറിയുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍.
ഭിന്നലിംഗക്കാരോട് സമൂഹം വച്ചു പുലര്‍ത്തുന്ന അയിത്ത മനോഭാവത്തെ തുറന്നുകാട്ടിയചിത്രമായിരുന്നു ‘ഞാന്‍ മേരിക്കുട്ടി’. ട്രാന്‍സ്ജെന്‍ഡറെന്ന് സമൂഹം ഭ്രഷ്ട് കല്പ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഒരു വിഭാഗത്തിന്റെ സത്വബോധത്തെയാണ് ചലച്ചിത്രം ചര്‍ച്ചയ്ക്ക് വച്ചത്. ക്രൂരമായ ഒറ്റപ്പെടലും അപമാനവും അവഗണനയും അനുഭവിക്കുന്നവരാണ് ഇവരിലെല്ലാവരുമെന്ന സത്യം മനസ്സിലാക്കിത്തരുകയായിരുന്നു. ജയസൂര്യ എന്ന നടന് അസാധാരണമാം വിധം ആ കഥാപാത്രമായി ജീവിച്ചു. മാനറിസങ്ങള്‍ എത്ര ഭംഗിയായി അവതരിപ്പിക്കപ്പെട്ടു. എത്ര പക്വതയോടെയാണ് ജയസൂര്യയിലെ സ്ത്രീ വെള്ളിത്തിര വത്കരിക്കപ്പെട്ടത്. ഷാജി പാപ്പനില്‍ നിന്ന് മേരിക്കുട്ടിയിലേക്ക് സംഭവിച്ചത് മഹാദ്ഭുതമാണ്. ജയസൂര്യ എന്ന നടന്റെ വിജയവും അതു തന്നെയാണ്.
വി.പി.സത്യനില്‍ നിന്നും മേരിക്കുട്ടിയിലെത്തുമ്പോള്‍ ഗെറ്റപ്പുകളിലെ വ്യത്യസ്തത മാത്രം മതി ജയസൂര്യയെന്ന നടന് എത്രമാത്രം തന്റെ അഭിനയത്തില്‍ മുന്നേറുന്നുവെന്ന് തിരിച്ചറിയാന്‍. മലയാള സിനിമയില്‍ നേരത്തെ കണ്ടതോ സമൂഹത്തില്‍ നാം കാണുന്നതോ ആയ ട്രാന്സ്ജെന്ഡറുകളെയല്ല ‘ഞാന്‍ മേരിക്കുട്ടി’യിലൂടെ കാണുന്നത്.… ഉള്ളില്‍ തട്ടുന്ന എന്തോ ഒരു നൊമ്പരം മേരിക്കുട്ടിയില്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. നോട്ടത്തിലും നില്‍പ്പിലും ഇരിപ്പിലും ചിരിയിലും വരെ ജയസൂര്യ അത് പ്രകടിപ്പിക്കുന്നുമുണ്ട്. അത് തന്നെയാണ് ആ കഥാപാത്രത്തിന് ജയസൂര്യ നല്കുന്ന പരിപൂര്‍ണ്ണതയും.
‘ചാന്തുപൊട്ട്’ പോലെയുള്ള സിനിമകളില്‍ പുരുഷനിലെ സ്ത്രീത്വം എന്നത് മാനസിക രോഗമാണെന്നും വളര്‍ത്തു ദോഷമാണെന്നും പറഞ്ഞു വച്ചിടത്തു നിന്നാണ് കാലം മാറിയപ്പോള്‍ ട്രാന്സ്ജെന്ഡറുകള് ഞാന്‍ മേരിക്കുട്ടിയിലൂടെ ഉയിര്ത്തെഴുന്നേല്ക്കുന്നതെന്നായിരുന്നു നിരൂപക പക്ഷം. എന്തുകൊണ്ടാണ് ഇത്തരം ചിത്രങ്ങളുടെ ഭാഗമാകുന്നതെന്ന ചോദ്യത്തിന് ജയസൂര്യക്ക് ഒറ്റ ഉത്തരമേയുള്ളൂ.
”ആക്ഷനും കട്ടിനുമിടയില്‍ അഭിനയതൊഴിലാളിയായി ജീവിക്കുക എന്നത് വലിയ മടുപ്പുണ്ടാക്കുന്നു. അതിനുമപ്പുറം എന്തെങ്കിലും ചെയ്യണമെന്ന് തോന്നുമ്പോഴാണ് ഇത്തരം സിനിമകളുടെ ഭാഗമായി മാറുന്നത്. ഏതു ജോലിയായാലും സമര്‍പ്പണ മനോഭാവത്തോടെ ചെയ്യണമെന്നാണ് എന്റെ പോളിസി. ഞാനത് ചെയ്യുന്നു. അങ്ങനെ ചെയ്താല്‍ വിജയം ഉണ്ടാകുമെന്നതിന് തെളിവാണ് എന്നിലെ നടന്.”
ജീവിതകഥകള്‍ പറയുന്ന ചിത്രങ്ങളില്‍ വലിയ വിജയം നേടാന്‍ ജയസൂര്യയ്ക്കായി. ‘ക്യാപ്റ്റന്‍’ തന്നെ അതിനുദാഹരണമാണ്. ഇപ്പോള്‍ അത്തരം രണ്ട് ചിത്രങ്ങളില്‍ കൂടി ജയസൂര്യ നായകനാകുന്നു. ജിവിച്ച് ഫലിപ്പിച്ച ജീവിതത്തെ അഭിനയിച്ച് ഫലിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജയസൂര്യ.
അനശ്വര നടന് സത്യന്റെ ജീവിതമാണ് അതിലൊന്ന്. പട്ടാളക്കാരനായും പോലീസുകാരനായും സിനിമാ നടനായും ജീവിച്ച സത്യന്റെ യഥാര്‍ത്ഥ ജീവിതം സംഭവബഹുലമാണ്. വെള്ളിത്തിരയ്ക്ക് ഏറ്റവും അനുയോജ്യമായ ജീവിത കഥ. അനശ്വര നടന് സത്യനായി മാറാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ ജയസൂര്യ.
മെട്രോമാന് ഇ ശ്രീധരന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് മറ്റൊന്ന്. ഇ.ശ്രീധരന്റെ വിവിധ കാലഘട്ടങ്ങള്‍ ജയസൂര്യ അവതരിപ്പിക്കും. 1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന ഇ. ശ്രീധരന്റെ ഔദ്യോഗിക ജീവിതമാണ് സിനിമയുടെ പ്രമേയം. 30 വയസുകാരനായ ഇ. ശ്രീധരനായും 87കാരനായ ഇ ശ്രീധരനായും ജയസൂര്യ വേഷമിടും. ‘തൃശ്ശൂര്‍ പൂരം’ എന്ന സിനിമയുടെ 65 ദിവസം നീളു ന്ന ചിത്രീകരണം കഴിഞ്ഞാല്‍ നടന് സത്യനെക്കുറിച്ചുള്ള ചിത്രത്തിന്റെ ചിത്രീകരണത്തിലേക്കാണ് ജയസൂര്യ പോകുക. അടുത്ത വര്‍ഷമാണ് ഇ.ശ്രീധരനെകുറിച്ചുള്ള ‘രാമസേതു’ തുടങ്ങുന്നത്. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ചരിത്രമായി മാറിയേക്കാവുന്ന രണ്ട് വലിയ ചിത്രങ്ങള്‍…
യുവതാരങ്ങള്‍ പലരും കളം വിട്ടു പോകുമ്പോള്‍ അഭിനയം തുടങ്ങിയ 2002മുതല്‍ ഇപ്പോള്‍ വരെ, 17 വര്‍ഷക്കാലവും സിനിമയില്‍ പിടിച്ചു നില്‍ക്കാനും പടിപടിയായി ഉയര്‍ന്ന് നല്ല നടനെന്ന് പേരുകേള്‍പ്പിക്കാനും അദ്ദേഹത്തിനായി. കഠിനാധ്വാനമാണ് തന്നെ ഇവിടെയെത്തിച്ചതെന്ന് ജയസൂര്യ പറയുമ്പോള്‍ അതിലൊട്ടും അതിശയോക്തിയില്ല. കഴിഞ്ഞുപോയ 17 വര്‍ഷക്കാലത്തെ ജയസൂര്യയുടെ ജീവിതമാണ് അതിന് തെളിവ് നല്‍കുന്നത്. സിനിമയിലെ ക്ലിക്കുകളുടെ ഭാഗമാകാന്‍ ഈ നടനുണ്ടായില്ല. സിനിമയ്ക്കകത്തും പുറത്തും എല്ലാപേരോടും നല്ല രീതിയില്‍ ഇടപെടുകയും ജാഡകളെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു.
സിനിമയ്ക്ക് പുറത്ത് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ജയസൂര്യക്ക് ആഗ്രഹം. കുടുംബത്തെ ഒപ്പം നിര്‍ത്തിയാണ് അദ്ദേഹം പടവുകള്‍ ചവിട്ടിക്കയറുന്നത്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ മണി-തങ്കം ദമ്പതികളുടെ മകനായി 1978 ആഗസ്റ്റ് 31നാണ് ജയസൂര്യ ജനിച്ചത്. ഭാര്യ സരിത. മക്കള്‍ അദൈ്വത്, വേദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: