ന്യൂദല്‍ഹി: യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ (ഇഡി) കസ്റ്റഡിയില്‍. ചില കമ്പനികള്‍ക്ക് കൈകൂലി വാങ്ങി ലോണ്‍ അനുവദിച്ചെന്ന കേസിലാണ് ഇഡി ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. ദിവാന് ഹൗസിങ് ഫിനാന്‍സ് കോര്പ്പറേഷന് ലിമിറ്റഡ് (ഡിഎച്ച്എഫ്എല്‍) എന്ന സ്ഥാപനവുമായാണ് റാണ കപൂറിന്റെ അനധികൃത ഇടപെടല്‍.
ലോണ്‍ അനുവദിക്കുന്നതിന് പിന്നാലെ വന്‍ തുക ഭാര്യയുടെ അക്കൗണ്ടിലൂടെ കൈപ്പറ്റിയെന്നാണ് ആരോപണം. ഇഡിയുടെ മുംബൈയിലെ ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. 5000 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് യെസ് ബാങ്കും ഡിഎച്ച്എഫ്എലും തമ്മിലുള്ളത്. യെസ് ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം റാണാ കപൂറിന്റെ അനധികൃത ഇടപെടലാണെന്ന് ഇഡി കരുതുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് നടക്കുന്നത്. 2004ല്‍ യെസ് ബാങ്ക് നിലവില്‍ വന്ന കാലം തൊട്ട് ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു റാണ കപൂര്‍. 2018ലാണ് അദ്ദേഹം ഈ പദവി ഒഴിഞ്ഞത്. 2018 തന്റെ കാലാവധി നീട്ടിത്തരണമെന്ന് ആര്‍ബിഐയോട് ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം നിരാകരിച്ചതോടെയാണ് റാണ കപൂര്‍ യെസ് ബാങ്കില്‍ നിന്നു വിരമിക്കുന്നത്.
റാണ കപൂറിന്റെ വീട്ടില്‍ റെയ്ഡ്
റാണ കപൂറിന്റെ മുംബൈയിലെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. ശനിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു പരിശോധന. ഡിഎച്ച്എഫ്എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ലോണ്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഇക്ബാല്‍ മിര്‍ച്ചി എന്ന മുംബൈ അധോലോക നേതാവുമായി ചേര്‍ന്ന് സ്ഥലമിടപാ
ടുകള്‍ക്കായി വലിയ തുക ഡിഎച്ച്എഫ്എല്‍ ഉടമകളായ കപില്‍ വദ്വാനും സഹോദരന് ധീരജ്ജുമായി ചേര്‍ന്ന് ലോണെടുത്തിരുന്നു. ഈ കേസില്‍ കപില്‍ വദ്വാന് ജനുവരിയില്‍ അറസ്റ്റിലായിരുന്നു.
യെസ് ബാങ്കില്‍നിന്ന് വന്‍ തുക ഡിഎച്ച്എഫ്എല്‍ വഴി ലോണെടുത്ത ശേഷം ആ തുക ഷെല്‍ കമ്പനികള്‍ വഴി ഇക്ബാല്‍ മിര്‍ച്ചിക്ക് കൈമാറി എന്നാണ് കേസ്.
ഇക്ബാല്‍ 2013ല്‍ ലണ്ടനില്‍ മരിച്ചു. ദാവുദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ളായിരുന്നു ഇക്ബാല്‍ മിര്‍ച്ചി. ലോണ്‍ അനുവദിക്കുന്നതിന് ഇവരില്‍ നിന്ന് റാണ കപൂര്‍ കൈക്കൂലി വാങ്ങിയെന്നാണ് ഇഡി കണ്ടെത്തല്‍.
പണം പിന്‍വലിക്കാന്‍ വന്‍ തിരക്ക്
യെസ് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഉപഭോക്താക്കളുടെ വന്‍ തിരക്ക്. ആര്‍ബിഐ മൊറട്ടോറിയം നിലവില്‍ വന്നതിന് പിന്നാലെയാണ് യെസ് ബാങ്കിലെ നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എടിഎമ്മുകള്‍ക്ക് മുന്നില്‍ തിരക്ക് കൂട്ടുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയോടെയാണ് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഏപ്രില്‍ മൂന്ന് വരെ 50,000 രൂപയ്ക്ക് മുകളില്‍ പണം പിന്‍വലിക്കാനാകില്ലെന്ന നിയന്ത്രണമാണ് ആര്‍ബിഐ ചുമത്തിയത്. സ്വകാര്യ മേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായിരുന്നു യെസ് ബാങ്ക്.
ഹോളി ആഘോഷങ്ങള്‍ ഉള്‍പ്പെടെ തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ യെസ് ബാങ്കില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉപഭോക്താക്കളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: