തിരുവനന്തപുരം: ഫയല്‍ അദാലത്തില്‍ മന്ത്രി കെ.ടി. ജലീല്‍ പങ്കെടുത്തത് ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും വാഴ്‌സിറ്റിക്കു നിര്‍ദേശം നല്‍കിയതു ചട്ടവിരുദ്ധമാണ്. തോറ്റ വിദ്യാര്‍ഥിയുടെ പുനര്‍മൂല്യനിര്‍ണയം റദ്ദാക്കുന്നില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു. ഇതു വിദ്യാര്‍ഥിയുടെ ഭാവിയെക്കരുതിയാണ്. കീഴ്‌വഴക്കമാക്കരുതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സര്‍വകലാശാലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തരുതെന്നും ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. 2003 ലെ സുപ്രീം കോടതി ഉത്തരവ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നടന്നതൊക്കെ നടന്നു കഴിഞ്ഞ സ്ഥിതിക്ക് അദാലത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ ന്യായ അന്യായങ്ങളിലേക്കു കടക്കുന്നില്ലെന്നും മേലില്‍ ചട്ടങ്ങളും നടപടിക്രമങ്ങളും യൂണിവേഴ്‌സിറ്റി അധികൃതര്‍ കൃത്യമായി പാലിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി
സാങ്കേതിക വാഴ്‌സിറ്റി ഫയല്‍ അദാലത്തിലാണ് മന്ത്രിയും പിഎയും പങ്കെടുത്തത്. മന്ത്രിയുടെ നിര്‍ദേശ പ്രകാരം സര്‍വകലാശാല അദാലത്ത് സംഘടിപ്പിച്ചതും, അദാലത്തില്‍ തോറ്റ ബിടെക് വിദ്യാര്‍ഥിയെ വീണ്ടും മൂല്യനിര്‍ണയം നടത്തി വിജയിപ്പിക്കാന്‍ തീരുമാനിച്ചതും ചോദ്യം ചെയ്ത് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു നല്‍കിയ പരാതിയില്‍ പരാതിക്കാരുടെയും സര്‍വകലാശാല അധികൃതരുടെയും വിശദീകരണങ്ങള്‍ നേരിട്ട് കേട്ടശേഷമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
സര്‍വകലാശാല അധികൃതര്‍ക്കു നിര്‍ദേശങ്ങളും ശുപാര്‍ശകളും നല്‍കാനായി അദാലത്തുകള്‍ സംഘടിപ്പിക്കാമെന്നു സര്‍വകലാശാല ചട്ടങ്ങള്‍ അനുശാസിക്കുന്നില്ല. മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിമാരെയും ഉദ്യോഗസ്ഥന്മാരെയും ഉള്‍പ്പെടുത്തി ഫയല്‍ അദാലത്ത് കമ്മിറ്റി രൂപീകരിച്ചതും തീരുമാനങ്ങള്‍ കൈക്കൊണ്ടതും യൂണിവേഴ്‌സിറ്റി ആക്ടിലെ വ്യവസ്ഥകള്‍ അനുശാസിക്കുന്നില്ലെന്നു വ്യക്തമാക്കാന്‍ തനിക്ക് ഒരു മടിയും ഇല്ലെന്ന് ഗവര്‍ണര്‍ ഉത്തരവില്‍ പറയുന്നു.
















