തിരുവനന്തപുരം: കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ പദ്ധതികളെ സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ലൈഫ് പദ്ധതിയുടെ ഉദ്ഘാടന മാമാങ്കത്തിന് ലക്ഷങ്ങള്‍ ചെലവഴിച്ച മുഖ്യമന്ത്രി കേരളത്തിന് കേന്ദ്രം ഒന്നും നല്‍കുന്നില്ല എന്നാണ് പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പദ്ധതികളെ സംസ്ഥാനത്തിന്റേതാക്കി മാറ്റി സര്‍ക്കാരിന്റെ നേട്ടമാക്കി മുഖ്യമന്ത്രി മാറ്റുകയാണ്. തീര്‍ഥപാദ മണ്ഡപം സര്‍ക്കാര്‍ ഏറ്റെടുത്തത് ഒരു വിഭാഗത്തിനോട് കാണിക്കുന്ന തുടര്‍ച്ചയായുള്ള വെല്ലുവിളിയാണ്. സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന നിരവധി പേരുണ്ട്. ഏക്കര്‍ കണക്കിന് ഭൂമിയാണ് അവരുടെ പക്കലുള്ളത്. പാട്ടക്കാലാവധി കഴിഞ്ഞിട്ടും തിരികെ എടുക്കാതെ അവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തീര്‍ഥപാദമണ്ഡപം ഏറ്റെടുത്തതിലൂടെ സര്‍ക്കാരിന്റെ വര്‍ഗീയ നിലപാടാണ് വ്യക്തമാകുന്നത്. ഇതിനെതിരെ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സിപിഎമ്മും പോഷക സംഘടനകളും ചേര്‍ന്ന് നടത്തുന്ന സമരം ജനങ്ങളുടെ ജീവന്‍ എടുക്കുന്നു. കെഎസ്ആര്‍ടിസി സമരത്തിലൂടെ യാത്രക്കാരന്റെ ജീവന്‍ എടുത്ത സംഭവത്തില്‍ നിയമസഭയില്‍ മറുപടി പറയാതെ മുഖ്യമന്ത്രി ചേമ്പറില്‍ പോയിരുന്നത് സഭയെ അവേളിക്കലാണ്. പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
















