കറുത്ത കൃഷ്ണനെ എങ്ങനെയാണ് എഴുതിക്കൂടാത്തത്? അങ്ങനെയൊരു ചോദ്യമായിരിക്കും കവി ചോദിക്കുക. പ്രത്യേകിച്ച് ‘ചോദ്യങ്ങളില്ലായിരുന്നെങ്കിലില്ലുത്തരങ്ങളും’ എന്നു രചിച്ച കവിയാവുമ്പോള്‍ പറയാനുമില്ലല്ലോ. കടന്നു കാണുന്നവന്റെ ഉള്ളിലുള്ളതെന്താണോ അതാണല്ലോ പുറത്തു വരിക.
ആവിഷ്കാര സ്വാതന്ത്ര്യം എന്നൊക്കെ പറയുന്നതിനെക്കുറിച്ച് ഇത്തിരിയെങ്കിലും അറിവുണ്ടായിരുന്നെങ്കില്‍ ആരും പോരിന് വരില്ലായിരുന്നു. കാര്യം കണ്ണനെ എല്ലാവര്ക്കും ഇഷ്ടമാണ്. ആ ഇഷ്ടംകൊണ്ട് ആരാനും എന്തെങ്കിലും പറഞ്ഞാല്‍ അതൊക്കെ കേട്ടു നില്‍ക്കണമെന്ന് വാശി പിടിക്കാമോ? ആവോ ആര്‍ക്കറിയാം. പ്രഭ ചൊരിയുന്ന കവി കണ്ണനെ എങ്ങനെ കണ്ടു എന്നതാണ് പ്രശ്നം. ശ്യാമവര്ണന് അകവും പുറവും ഒരേപോലെയാണെന്ന് പ്രഭ ചൊരിയുന്ന കവി കണ്ടെത്തുകയായിരുന്നു. പുറത്തുള്ള ശ്യാമവര്‍ണത്തെ അകത്തുള്ളതുമായി കൂട്ടിച്ചേര്‍ത്ത് കാവ്യം രചിച്ചപ്പോള്‍ അത് ‘ശ്യാമ മാധവ’മായി.
പൂന്താനം കണ്ട കണ്ണന്റെ വഴികളും വ്യഥകളും ആഗോള മാനവികതയ്ക്ക് ഒപ്പം നില്ക്കുന്നില്ല എന്ന ചിന്തയില്‍ നിന്നാണ് ശ്യാമ മാധവത്തിന്റെ തീപ്പൊരി ഉണ്ടാവുന്നത്. പൂന്താനത്തിനും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനും അനുഗുണമായി കണ്ണനെ വര്‍ണ്ണിക്കാനുള്ള വഹ ഒരുക്കിക്കൊടുക്കുന്ന ജോലി എങ്ങനെ ആഗോള മാനവികതയുടെ കൂട്ടിരിപ്പുകാരായവര്‍ക്ക് ചെയ്യാനാവും? ആ ചോദ്യത്തിന് ഉത്തരം കിട്ടിയാല്‍ ശേഷിച്ചതൊക്കെ ഓകെ.
കേവലം ഭക്തിയില്‍ നിന്ന് ഭക്തരെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുകയത്രേ പ്രഭ ചൊരിയുന്ന സാമൂഹിക-സാംസ്കാരിക- കവി കോവിദന്മാരുടെ ഒരു രീതി. മാത്രവുമല്ല, മേല്‍പ്പത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിക്ക് ഇടം കൊടുത്തയാളാണ് കണ്ണന്. അത്തരം സവിശേഷമായ അന്തരീക്ഷം കൂടുതല്‍ ശക്തിയാര്‍ജിച്ചാല്‍ പ്രഭ ചൊരിയുന്ന കവികളുടെ നിലപാടുകള്‍ക്ക് ബലക്ഷയം മാത്രമല്ല നാശവുമാവും ഫലം. ഭക്തിയിലാറാടി ജനങ്ങള്‍ കഴിഞ്ഞാല്‍ സ്ഥിതിഗതികളാക്കെ എന്തെന്തൊക്കെയാവുമെന്ന് ഒരു പിടിയും കിട്ടില്ല. ആയതിനാല്‍ ശ്യാമവര്‍ണന്റെ മാനസികവും മനുഷ്യത്വപരവുമായ മുഖമാണ് പുറത്തുവരേണ്ടത്.
അത്തരമൊരന്വേഷണത്തിന്റെ ഒടുവിലാണ് മനുഷ്യനായ കണ്ണന്റെ ഗാഥയെഴുതാന്‍ പ്രഭ ചൊരിയുന്ന കവി തീരുമാനിച്ചത്. അത് എഴുതി ഒരു വാരികയില്‍ തുടര്‍ച്ചയായി വരും വേളയിലാണ് യുവത്വം പ്രസരിക്കുന്ന നേതാവ് പിടഞ്ഞു വീണത്. വിപ്ലവ വഴിയുടെ അരികില്‍ നിന്ന് മാറിയതിനെ തുടര്‍ന്നായിരുന്നു അത് സംഭവിച്ചത്. കാവ്യവും ആ സംഭവവും തമ്മില്‍ നേരിട്ട് ഒരു ബന്ധവുമില്ലാതിരുന്നിട്ടും ‘ശ്യാമ മാധവ’ത്തിന്റെ പ്രസിദ്ധീകരണം പത്രാധിപര്‍ നിര്‍ത്തിവെച്ചു. അന്നു തുടങ്ങിയ ശനിദശ ഇപ്പോള്‍ അവാര്‍ഡുസ്റ്റേയില്‍ എത്തി നില്ക്കുന്നു എന്നത് വിധിവൈപരീത്യമാവാം. എല്ലാം കണ്ണന്റെ കളിയുമാവാം. കണ്ണന് കാണുന്നവര്‍ക്ക് ആരുമാവാമെങ്കില്‍ക്കൂടി എല്ലാവര്‍ക്കുമുള്ളില്‍ തുടിക്കുന്ന ഒരു വികാരമുണ്ട്. അത് ഭക്തിയുടേത് മാത്രമല്ല സമര്‍പ്പണത്തിന്റെയും കാരുണ്യത്തിന്റെയും കൂടിയാണ്.
കണ്ണന് ഓരോരുത്തരിലും അവശേഷിപ്പിക്കുന്ന വികാരത്തിന് ഒരു താളമുണ്ട്, സംഗീതമുണ്ട്. അത് അറിയണമെങ്കില്‍ കണ്ണനായി മാറാനുള്ള മനസ്സു വേണം. ഗോപസ്ത്രീകള്‍ക്കും ഇടയ ബാലന്മാര്ക്കും നാട്ടുകാര്‍ക്കും ശത്രുക്കള്‍ക്കും മറ്റും മറ്റും പലതായി കണ്ണന് പ്രത്യക്ഷമായി എന്നാണ് വിശ്വാസം. ആ വിശ്വാസത്തിലും പക്ഷേ, ഒളിമങ്ങാത്ത ഒരു ധാരണ തുടിച്ചു നിന്നിരുന്നു. അതിനെയാണ് പ്രഭ പരത്തുന്ന കവി കീഴ്മേല്‍ മറിച്ചത്. ദൈവിക മാനമുള്ളവയെ തച്ചുതകര്‍ത്ത് അവിടെയൊക്കെ നിസ്സഹായ മനുഷ്യനെ കുടിയിരുത്തിയാല്‍ രാഷ്ട്രീയ നേട്ടത്തിന് വഴിയായി എന്ന നീച ചിന്തയാണ് ചിലരെ ‘ശ്യാമ മാധവ’ത്തിലും അതിന് ഭക്തകവിയുടെ പേരില്‍ പുരസ്കാരം നല്‍കാനുള്ള മാനസികാവസ്ഥയിലും എത്തിക്കുന്നത്.
‘കണ്ണനെപ്പറഞ്ഞാല്‍ ചോദിക്കാനാരാനുമുണ്ടോ?’ എന്ന ധിക്കാരചോദ്യത്തിന് പണ്ട് മറുപടി കിട്ടാത്തതുപോലെയല്ല ഇന്ന്. കവിയെക്കാള്‍ മ്ലേച്ഛമായി നിലപാടെടുക്കാന്‍ കഴിയുന്നവരെയും നിലയ്ക്കു നിര്‍ത്താന്‍ സാധിക്കുമെന്ന തിരിച്ചറിവിന്റെ രാജസദസ്സിലാണ് ഇന്നത്തെ സമൂഹം .വ്യാഖ്യാന ഭേദങ്ങളും വൈജാത്യങ്ങളും ഇരുകരങ്ങളും നീട്ടി സ്വാഗതം ചെയ്ത സമൂഹം തന്നെയാണ് ഇപ്പോഴുമുള്ളത്. പക്ഷേ, വിശ്വാസപ്രമാണങ്ങളുടെ കടയ്ക്കല്‍ കത്തിവെച്ചാലേ തൃപ്തരാവൂ എന്നു പറയുന്നവരോട് ‘കടക്ക് പുറത്ത് ‘ എന്നു തന്നെ പറയേണ്ടി വരും. വരിഷ്ഠകവിയായാലും വാതുവെപ്പുകാരനായാലും അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനും ഒരു സീമയുണ്ട്. മാനവികതയുടെയും ആഗോള നിലപാടുകളുടെയും വെളിച്ചത്തില്‍ എല്ലാം അട്ടിമറിക്കാമെന്ന ചിന്ത നന്നല്ല എന്നത്രേ സമൂഹം മൗനമായി പറയുന്നത്. കടന്നു കാണുന്നവരും അല്ലാത്തവരും അതൊക്കെ മനസ്സില്‍ വയ്ക്കെുന്നത് നന്നാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: