കല്‍പ്പറ്റ: നയാപ്പൈസയുടെ സഹായം പോലും സര്‍ക്കാരില്‍ നിന്ന് ലഭിച്ചില്ല; പ്രളയത്തില്‍ വീട് തകര്‍ന്ന യുവാവ് ജീവനൊടുക്കി. വയനാട് തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനില്‍ (42)ആണ് പുരയിടത്തിലെ താത്കാലിക ഷെഡ്ഡില്‍ തൂങ്ങിമരിച്ചത്. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞ പതിനായിരം രൂപ പോലും കിട്ടിയിരുന്നില്ല. പിണറായി സര്‍ക്കാര്‍ കൊട്ടിഗ്‌ഘോഷിക്കുന്ന ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചില്ലെന്നു മാത്രമല്ല പല പല കാരണങ്ങള്‍ നിരത്തി നഷ്ടപരിഹാരം പോലും നിഷേധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സനില്‍ ഏറെ ദുഃഖിതനായിരുന്നു.
2018 ആഗസ്തിലെ പ്രളയത്തില്‍ സനിലും കുടുംബവും താമസിച്ച വീട് ഭാഗികമായും ഇക്കഴിഞ്ഞ ആഗസ്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. സഹായം തേടി ഇയാള്‍ നിരന്തരം സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. സനിലിന്റെ നാലു സെന്റ് ഭൂമിക്ക് കൈവശരേഖയില്ലാത്തതിനാല്‍ സഹായം നല്‍കാന്‍ ആവില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ മടക്കുകയായിരുന്നു.
തിങ്കളാഴ്ചയും പഞ്ചായത്തിലെത്തി അധികൃതരോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. നിരാശനായി മടങ്ങിയ സനില്‍ വൈകിട്ട്, ഭാര്യ കടയില്‍ പോയ സമയത്ത് വീടിനോട് ചേര്‍ന്നുളള ഷെഡ്ഡില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഏഴു മണിയോടെയാണ് ബന്ധുക്കള്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ ഏറെ നേരം വാക്കേറ്റമുണ്ടാകുകയും ചെയ്തു.
അനര്‍ഹര്‍ പോലും 10,000 രൂപ വീതം നേടിയെടുക്കുകയും സിപിഎം നേതാക്കള്‍ പ്രളയഫണ്ടില്‍ നിന്ന് കോടികള്‍ വെട്ടിക്കുകയും ചെയ്യുമ്പോഴാണ് ഒരു രൂപ പോലും ലഭിക്കാതെ അവഗണന പേറി യുവാവിന് ജീവനൊടുക്കേണ്ടിവന്നത്.
സര്‍ക്കാരിന്റെയും, കല്‍പ്പറ്റ എംഎല്‍എയുടേയും അവഗണന മൂലമാണ് സനില്‍ ആത്മഹത്യ ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിച്ചു. എല്ലാം നഷ്ടപ്പെട്ട സനില്‍ മാസങ്ങളായി വീടുവയ്‌ക്കാന്‍ സഹായത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറുകയായിരുന്നു. അവര്‍ ചൂണ്ടിക്കാട്ടി. മേപ്പാടിയില്‍ വീടും സര്‍വസ്വവും നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ വേറെയുമുണ്ട്.
നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ എല്ലാം ശരിയാക്കി
സനിലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോകുന്നതിനിടെ നാട്ടുകാര്‍ രോഷാകുലരായി. തഹസില്‍ദാര്‍ സ്ഥലത്ത് എത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെത്തുടര്‍ന്ന് രണ്ട് ദിവസത്തിനകം കുടുംബത്തിന്റെ നാല് സെന്റ് സ്ഥലത്തിന് കൈവശാവകാശ രേഖയും അടിയന്തര ധനസഹായവും വീട് നിര്‍മിക്കാനാവശ്യമായ തുകയും ലഭ്യമാക്കുമെന്ന് തഹസില്‍ദാര്‍ ഉറപ്പ് നല്‍കി. സനിലിന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസ ചെലവുകള്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് വഹിക്കുമെന്ന് പ്രസിഡന്റ് കെ.കെ. സഹദും അറിയിച്ചു
















