സ്വസ്ഥോ ജാഗ്രദവസ്ഥായാം
സുപ്തവദേ്യാവതിഷ്ഠതേ
നിശ്വാസോച്ഛ്വാസ ഹീനശ്ച
നിശ്ചിതം മുക്ത ഏവ സഃ 4 112
ജാഗ്രദവസ്ഥയിലും സ്വപ്നത്തിലെന്ന പോലെയിരിക്കുന്ന, ശ്വാസോച്ഛ്വാസങ്ങള്‍ നിലച്ച സ്വസ്ഥന്, മുക്തന് തന്നെ.
സ്വസ്ഥനെന്നാല് ‘പ്രസന്നേന്ദ്രിയാന്തഃകരണ’നാണ്. ഇന്ദ്രിയങ്ങളും മനസ്സും പ്രസന്നമായിരിക്കുന്നവനാണ് സ്വസ്ഥന്.
ആയുര്‍വേദ ഗ്രന്ഥമായ സുശ്രുത സംഹിതയില്‍ സ്വസ്ഥന്റെ നിര്‍വചനമുണ്ട്. അരോഗിയാവണം. ‘സമദോഷ ‘നാവണം, അതായത് വാത
പിത്ത കഫങ്ങള്‍ സമമാവണം (വിഷ (സ)മമാവരുത്). ‘സമാഗ്നി’ (ദഹനം കൃത്യമാവണം) യാവണം. ‘സമധാതുമലക്രിയ’നാവണം (രസം, രക്തം മുതലായ സപ്തധാതുക്കള്‍ സമമാവണം. മലങ്ങള്‍ വേണ്ട സമയത്ത് പുറന്തള്ളണം). ‘പ്രസന്നാത്മേന്ദ്രിയമന’നാവണം. ശരീരവും മനസ്സും ഇന്ദ്രിയങ്ങളും പ്രസന്നമായിരിക്കണം, തെളിഞ്ഞിരിക്കണം.
ജാഗ്രദവസ്ഥയെന്നാല് സ്വപ്ന സുഷുപ്തികളിലല്ലാത്ത അവസ്ഥയെന്നര്‍ഥം. ഇന്ദ്രിയങ്ങളിലും വിഷയങ്ങളിലും മുഴുകിയ അവസ്ഥ. ജ്ഞാനിയായവന് ഇവയിലെ അര്‍ഥശൂന്യത തിരിച്ചറിയും. അത് സ്വപ്ന ലോകം പോലെ തന്നെ മിഥ്യയാണെന്നറിയും. അപ്പോള്‍ പ്രതികരണമില്ലാതാവും. വന്നതു പോലെ അനുഭവിക്കാന്‍, മനസ്സില്‍ ഓളമുണ്ടാകാതിരിക്കാന് ബദ്ധശ്രദ്ധനാവും.
‘കായേന്ദ്രിയ വ്യാപാര ശൂന്യനാകും. ഇവിടെ രാജയോഗം സൂചിതമായി. നിശ്വാസം ഉള്ളിലേക്കെടുക്കുന്ന വായു. ഉച്ഛ്വാസം പുറത്തേക്കു കളയുന്ന വായു.
ഇവയുടെ നിയന്ത്രണമാണ് പ്രാണായാമം. നിശ്വാസം (പൂരകം), ഉച്ഛ്വാസം (രേചകം), ഉള്ളിലോ പുറത്തോ ശ്വാസത്തെ തടഞ്ഞു നിറുത്തല്‍ (കുംഭകം) ഇവയാണ് പ്രാണായാമക്രിയയില് വരുന്നത്. ശ്വാസത്തിന്റെ ദൈര്‍ഘ്യം കൂട്ടുകയാണ് ഇതിന്റെ ഫലം. ഇതില്‍ പ്രാവീണ്യം നേടുമ്പോള്‍ കുറച്ചു നേരത്തേക്ക് ശ്വാസം നിശ്ചലമാവുന്ന അവസ്ഥ വരും. കേവല കുംഭകം എന്നാണ് ഇതിന്റെ പേര്. ‘നിശ്വാസോച്ഛ്വാസഹീനന്’ എന്നു പറയുന്നത് ഈ അവസ്ഥയാണ്. ശ്വാസത്തിന്റെ വേഗം കുറയുന്തോറും മനസ്സും ശാന്തമാവും.
ജീവന്മുക്തന്റെ അവസ്ഥ തന്നെയാണിത്.
ദത്താത്രേയ മുനി യോഗതത്വോപനിഷത്തില് ഉന്നത സാധകന്റെ അവസ്ഥ പറയുന്നുണ്ട്. (105-106) ‘നിര്‍ഗുണ ധ്യാനയുക്തസ്യ (സഗുണ ധ്യാനത്തിനും മേലെയാണ് നിര്‍ഗുണ ധ്യാനം. അതില്‍ യുക്തനായാല്‍) സമാധിശ്ച തതോ ഭവേത് (അപ്പോള്‍ സമാധി ലഭിക്കും.) ദിന ദ്വാദശകേനൈവ (12 ദിവസം കൊണ്ട്) സമാധിം സമവാപ്നുയാത് (സമാധി നേടും) വായും നിരുധ്യ മേധാവീ (ബുദ്ധിമാന് വായുവിനെ നിരോധിച്ച്) ജീവന്മുക്തോ ഭവത്യയം. (ജീവന്മുക്തനാവും).
അവധ്യഃ സര്‍വ ശസ്ത്രാണാം
അശക്യഃ സര്‍വ ദേഹിനാം
അഗ്രാഹ്യോ മന്ത്രയന്ത്രാണാം
യോഗീ യുക്തഃ സമാധിനാ 4 113
സമാധിയുക്തനായ യോഗിയെ ആയുധങ്ങളാല്‍ വധിക്കാനാവില്ല. ആര്‍ക്കും കീഴ്പ്പെടുത്താനാവില്ല. മന്ത്ര യന്ത്ര പ്രയോഗത്താല്‍ വശീകരിക്കാനാവില്ല.
നിരന്തരമായ മനനം കൊണ്ട്, ആവര്‍ത്തനം കൊണ്ട് ത്രാണനം, മോചനം കിട്ടുന്നതാണ് മന്ത്രം. മന്ത്രവും നാമവും ഒന്നല്ല. മന്ത്രം ഒരു ശബ്ദ വിശേഷമാണ്. അതു കൊണ്ട് ചില സൂക്ഷ്മ ശക്തികളെ ഉണര്‍ത്താം. അതിനാല്‍ മനസ്സിനെ സ്വാധീനിക്കാം.
രണ്ടു തരം മന്ത്രങ്ങളുണ്ട്. ഒന്ന് ബീജ മന്ത്രങ്ങളാണ്, ഏകാക്ഷര മന്ത്രങ്ങള്‍. ഓം, ലം, വം മുതലായവ ബീജ മന്ത്രങ്ങളാണ്. ബീജമെന്നാല്‍ വിത്ത്. അത് കിളിര്‍ത്ത് വളര്‍ന്നാല്‍ വന്മരമാവും, പൂര്‍ണരൂപമാവും. ഉദാഹരണത്തിന് ലം ഭൂമിയുടെ ബീജമന്ത്രമാണ്. അതില്‍ നിന്ന് ഭൂമി എന്ന ഭൂതമുണ്ടാവും. ക്ലീം, ഹ്രീം മുതലായവയും ഇത്തരം തന്നെ. ബഹു അക്ഷര മന്ത്രങ്ങളും ഉണ്ട്, ‘ഓം നമഃശിവായ’ അത്തരമാണ്. ഗുരുവാണ് ശിഷ്യനു പറ്റിയ മന്ത്രോപദേശം ചെയ്യുന്നത്. ചില ബീജ രൂപത്തിലുള്ള സൂക്ഷ്മ ശക്തികളുടെ സങ്ക്രമണവും ഇതോടൊപ്പം നടക്കുന്നുണ്ട്. അതിന്റെ ജപത്തിലൂടെ ക്രമത്തില്‍ മനസ്സ് ഏകാഗ്രമാകും. തൃപ്തിയടയും. ഉന്നത തലങ്ങളിലെത്തിച്ചേരും. യന്ത്രം മന്ത്രത്തിന്റെ രൂപമാണ്, ആകാരം പ്രാപിച്ചതാണ്. ചില ജ്യാമിതീയ രൂപങ്ങള്‍ (ത്രികോണം, വൃത്തം മുതലയവ ) ആണ് യന്ത്രങ്ങള്‍. മന്ത്രവും യന്ത്രവും തന്ത്രത്തിലെ പദ്ധതികളാണ്. യോഗവും തന്ത്രവും ബന്ധപ്പെട്ടതുമാണ്. എന്നാല്‍ സമാധിയവസ്ഥയിലോ തുരീയാവസ്ഥയിലോ മന്ത്രയന്ത്രങ്ങള്‍ക്ക് സ്വാധീനമില്ല. മന്ത്രയന്ത്രങ്ങള്‍ക്ക് മനസ്സിനെ മാത്രമെ സ്വാധീനിക്കാനാവൂ. സമാധിയില്‍ മനസ്സിന് പ്രവര്‍ത്തനമില്ലാത്തതിനാല്‍ മന്ത്രത്തിന് പ്രസക്തിയില്ലാതാവും. ലക്ഷ്യമില്ലാത്ത വെടിയുണ്ട വ്യര്‍ഥമാവുകയേ ഉള്ളൂ. ഇത്തരം യോഗികള്‍ക്ക് തടസ്സങ്ങള്‍ ധാരാളമായി നേരിടേണ്ടിവരും എന്നും അവയെ മറികടക്കും എന്നും ഉള്ള സൂചനയും ഇതിലുണ്ട്.
(അടുത്ത ലക്കത്തില്‍ അവസാനിക്കും.)
(കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ്
റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: