കളമശേരി: മെഡിക്കല്‍ കോളേജില്‍ കൊറോണാ രോഗബാധ സംശയിച്ച് നിരീക്ഷണത്തിലായിരിക്കെ ഒളിച്ചോടിയ രോഗി മടങ്ങിയെത്തി. കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന മുഹമ്മദ് ഷാഫി (25) യാണ് രാത്രി വൈകിയാണ് കളമശേരിയില്‍ എത്തിയത്. ഇയാള്‍ തിങ്കളാഴ്ച്ച രാവിലെയോടെ ഐസോലേഷന് വാര്‍ഡില്‍ നിന്നും കടന്നു കളയുകയായിരുന്നു.
ആലുവ മുപ്പത്തടം സ്വദേശിയാണ് മുഹമ്മദ് ഷാഫി. തായ്ലന്ഡില് നിന്നെത്തിയ ഇയാള്‍ക്ക് കൊറോണ സംശയത്തെ തുടര്‍ന്ന് കളമശ്ശേരി ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
ഇതിനിടെ ഇയാള്‍ ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തേയ്ക്ക് കടക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഷാഫി രക്ഷപ്പെട്ടെന്നും മറ്റാളുകളുമായി സമ്പര്‍ക്കം ഉണ്ടാകുന്നത് അപകടമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിപ്പ് ഇറക്കിയിരുന്നു. ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന് മെഡിക്കല്‍ ഓഫീസര്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിരുന്നു.
രോഗലക്ഷണം കാണിച്ചിരുന്ന ഇയാള്‍ ആളുകള്‍ക്കിടയില്‍ സമ്പര്‍ക്കം ചെയ്യുന്നത് അപകടമാണെന്നും കരുതല്‍ നടപടി എടുക്കണമെന്നും അവശ്യപ്പെട്ട് എറണാകുളം ജില്ലാ കളക്ടര്‍ക്കാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കത്തെഴുതിയിരിക്കുന്നത്. പോലീസ് അന്വേഷണം വ്യാപകമാക്കിയതോടെയാണ് യുവാവ് തിരികെ വന്നത്.
ഇതോടെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ ആശുപത്രിയില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷാ വിധാനങ്ങള്‍ ശക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: