വിചാരത്തിനു ഭാഷയും ഭാഷയ്ക്ക് വിചാരവും വേണമെന്നതുപോലെ ഉത്കൃഷ്ടജീവിതത്തിന് സദ്വിചാരവും സദ്വിചാരത്തിനു ഉത്കൃഷ്ടജീവിതവും വേണമെന്നു മലയാളികളെ ബോധ്യപ്പെടുത്തിയ അപൂര്‍വ്വ വ്യക്തിത്വത്തിനുടമയായിരുന്നു പി. പരമേശ്വരന് എന്ന പരമേശ്വര്‍ജി. വിചാരത്തെ ജീവിതമാക്കിയ ജീവിതത്തെ വിചാരമാക്കിയ മംഗളപുരുഷനായിരുന്നു അദ്ദേഹം.
തികഞ്ഞ വേദാന്തി, ത്യാഗിയായ പരിവ്രാജകന്, തത്ത്വബോധമുള്ള ഒരാചാര്യന്, ഹൈന്ദവദര്‍ശനത്തിന്റെ ലക്ഷണമൊത്ത സൈദ്ധാന്തികന്‍, ഉള്‍ക്കാഴ്ചയുള്ള എഴുത്തുകാരന്, ഗുരുദേവദര്‍ശനത്തിന്റെ അകമറിഞ്ഞ ദാര്ശനികന്, ഇങ്ങനെ ഏത് വ്യക്തിത്വവും അദ്ദേഹത്തിനു നന്നായി ഇണങ്ങുമായിരുന്നു. ഇത്തരം ബഹുമുഖ വ്യക്തിത്വങ്ങള്‍ നമ്മുടെ സമൂഹത്തില്‍ അനേകമില്ല. ഈ അപൂര്‍വ്വരില്‍ മുന്‍പനായിരുന്നു പി. പരമേശ്വരന്.
എളിയ ജീവിതത്തിലൂടെ സനാതനമായ സത്യത്തിന്റെയും ഉത്കൃഷ്ടമായ ഉപനിഷദ്ദര്ശനത്തിന്റെയും ഹൈന്ദവധര്‍മ്മത്തിന്റെയും മൗലികമായ വഴികള്‍ തേടുകയും കണ്ടെത്തുകയും അതു സുമനസ്സുകള്‍ക്കായി പങ്കുവെയ്ക്കുകയും ചെയ്ത താത്ത്വികാചാര്യന്‍ എന്ന പദവിയാണു അദ്ദേഹത്തിനു കൂടുതല്‍ ഇണങ്ങുക. നിഷ്കാമിയായിരുന്നുകൊണ്ട് കര്‍മ്മമണ്ഡലത്തെ എങ്ങനെ വികസ്വരമാക്കാമെന്നും വികസിതമാക്കാമെന്നും അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു. അധികാരത്തിന്റെ പരിധിയില്‍ നിന്ന് ഒഴിഞ്ഞുനിന്നുകൊണ്ട് അതിരില്ലാത്ത ആശയത്തിന്റെ ആകാശത്തിലേക്ക് സമൂഹത്തിനു വഴികാട്ടുവാന്‍ അദ്ദേഹം എന്നും എപ്പോഴും ശ്രദ്ധിച്ചിരുന്നു. സ്ഥാനമാനങ്ങള്‍ തേടിയും അതിനായി തന്ത്രങ്ങള്‍ മെനഞ്ഞും സമൂഹത്തെ ദുഷിപ്പിക്കുന്നവര്‍ കാണാതെ പോകരുതാത്ത ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നു രാഷ്ട്രീയക്കാര്‍ പോലും ഭിന്നത മറന്നു പറയും.
വാക്കും വിചാരവും പ്രവര്‍ത്തിയും തെറ്റുപറ്റാതെ ഒന്നിപ്പിക്കണമെന്നാണു ഗുരുദേവതൃപ്പാദങ്ങള്‍ അരുളിച്ചെയ്തിട്ടുള്ളത്. ഇതിലേതെങ്കിലും ഒന്നില്‍ തെറ്റുപറ്റിയിട്ട് ഹൊ! തെറ്റിപ്പോയല്ലോ എന്നു കരുതാനിടവരാത്തവിധം ശരിയുടെ ശരിയായി ജീവിതം നയിക്കുന്ന വനാണ് യഥാര്‍ത്ഥ ജീവന്മുക്തന്. ഈയര്‍ത്ഥത്തില്‍ ഒരു ജീവന്മുക്തന്റെ പ്രകരണഭാവങ്ങള് അപൂര്ണതയില്ലാതെ അദ്ദേഹത്തില്‍ പ്രത്യക്ഷമായിരുന്നുവെന്നു കാണാം.
അറിവ് കൊണ്ടു വിനയത്തെയും വിനയം കൊണ്ട് സ്നേഹത്തെയും വിളയിപ്പിച്ചെടുത്ത അദ്ദേഹം ഹൈന്ദവധര്‍മ്മത്തിന്റെ ശുദ്ധീകരണത്തിനു ചേരാത്തതിനോടൊന്നും യോജിച്ചിരുന്നില്ല. ദുഷ്ടത നിറഞ്ഞ പ്രവൃത്തിയേക്കാള്‍ ഭീകരമാണ് ദുഷ്ടത നിറഞ്ഞ വിചാരമെന്നു തിരിച്ചറിഞ്ഞിരുന്ന ഒരു ഋഷിമനസ്സ് എല്ലായ്പ്പോഴും അദ്ദേഹത്തില്‍ തെളിഞ്ഞുകാണാമായിരുന്നു. ഗുരുക്കന്മാര്ക്ക് വിചാരം കൊണ്ട് പൂജയും സേവയും ചെയ്തിരുന്ന അദ്ദേഹം ഗുരുക്കന്മാരുടെ ജീവിതത്തില്‍ നിന്നുമാണ് സ്വന്തം ജീവിതത്തിന്റെ ദിക്കും ധാമവും തേടിപ്പിടിച്ചത്. പുരാണ ഋഷിമാര്‍ മുതല്‍ ശ്രീനാരായണഗുരുദേവന്‍ വരെയുള്ള ഗുരുപരമ്പരയെ അദ്ദേഹം തന്റെ ജീവിതത്തിന്റെ വഴിയും വെളിച്ചവുമാക്കി.
ഗുരുദേവദര്‍ശനത്തിന്റെ നല്ലൊരു പഠിതാവും പിന്‍ഗാമിയുമായിരുന്നു പി. പരമേശ്വരന്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ അമരത്തിരിക്കുമ്പോഴും ഗുരുമൊഴികളുടെ സാരമന്വേഷിക്കുന്നതില് അദ്ദേഹം വലിയൊരു ജിജ്ഞാസുവായിരുന്നു. ശിവഗിരി മഠത്തോട് എക്കാലവും സ്നേഹാദരം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ രചനകളിലൊന്നാണ് ഗുരുദേവന്റെ ജീവിതചരിത്രം. ‘ശ്രീനാരായണഗുരുദേവന്‍ നവോത്ഥാനത്തിന്റെ പ്രവാചകന്’ എന്ന ആ ഗ്രന്ഥത്തില്‍ നിന്നുമാണ് പലര്‍ക്കും നവോത്ഥാനത്തിന്റെ പ്രവാചകനായും പിതാവായും ഗുരുദേവനെ വിലയിരുത്തുന്നതിനുള്ള വിചാരത്തെളിവു വന്നത്. ഒരേ സമയം ഗുരുദേവന്റെ ദര്‍ശനത്തെയും സാമൂഹ്യനവോത്ഥാനത്തെയും മറ കൂടാതെ കാണുവാന്‍ അദ്ദേഹത്തിന്റെ മനസ്സിനും ബുദ്ധിക്കും കഴിഞ്ഞിരുന്നുവെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് ആ ഉത്തമഗ്രന്ഥം. എഴുത്തുപോലെ തന്നെ, വിചാരം പോലെ തന്നെ വാങ്മിതയുടെ തലത്തിലും ഉജ്ജ്വലമായി തിളങ്ങിയിരുന്ന പി. പരമേശ്വരന് പലപ്പോഴും ശിവഗിരി മഠത്തിന്റെ വേദികളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്തുകളിലും ശിവഗിരി തീര്‍ത്ഥാടന സമ്മേളനങ്ങളിലും ഉദ്ഘാടകനായും അതിഥിയായും പ്രഭാഷകനായും ഒക്കെ എത്തി ശ്രീനാരായണ സമൂഹത്തിന്റെയാകെ സ്നേഹത്തിനും വിശ്വാസത്തിനും അദ്ദേഹം പാത്രീഭൂതനായിട്ടുണ്ട്. അറിവിന്റെ തിളക്കമുള്ള വാക്കുകള്‍ കൊണ്ടാണ് അദ്ദേഹം എപ്പോഴും തന്റെ ധിഷണയെ പ്രകാശിപ്പിച്ചിരുന്നതും സംവദിച്ചിരുന്നതും .
ശിവഗിരിയില്‍ വരുമ്പോഴൊക്കെ മഹാസമാധിയിലെത്തി നിര്‍മ്മമനായി പ്രണാമമര്‍പ്പിച്ചു മടങ്ങാറുള്ള പരമേശ്വരന്റെ ഗുരുഭക്തിയും ഗുരുപൂജയും ഭാഷയ്ക്കു വിധേയമാക്കാവുന്നതല്ല. ഹൃദിസ്ഥമായ അറിവിന്റെ വിചാരമാധുര്യം കൊണ്ട് യുക്തിയും ഭക്തിയും ഒന്നിപ്പിച്ചുകൊണ്ട് ഭാരതീയ ദര്‍ശനത്തിന്റെ അന്തഃസത്ത അനുഭവിച്ചവര്‍ നമുക്ക് ഏറെയില്ല. അദൈ്വതവും വിശിഷ്ടാദൈ്വതവും നവാദൈ്വതവുമെല്ലാം അദ്ദേഹത്തിന്റെ വിചാരലോകത്തിനു നല്കിയ മിഴിവും മിനുസവും അത്രമേല്‍ ഭദ്രമായിരുന്നു. ആ പുതിയ ഉള്‍ക്കാഴ്ചകളുടെ ഉദ്ഗാനങ്ങളായിത്തീര്ന്ന ആ ദര്ശനാനുഭവസമ്പത്തുമായിട്ടാണു പി. പരമേശ്വരന് സമൂഹത്തിന്റെ എല്ലാ വിചാരതലങ്ങളിലേക്കും ധിഷണയോടെ ഇറങ്ങിച്ചെന്നത്. രാഷ്ട്രീയമായും മതപരമായും ഭിന്നസ്വരങ്ങളുള്ളവര്പോലും അദ്ദേഹത്തില്‍ നിന്നും അകന്നു പോകാതിരുന്നതിനു കാരണമിതാണ്.
ഒന്നിനെയും മാറ്റി നിര്‍ത്താതെ സര്‍വ്വതിനെയും അതിന്റെ സാരാംശത്തില്‍ ഒന്നായിക്കണ്ട് സര്വ്വാത്മദര്ശനത്തിന്റെ വാതില്‍ കടക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ അപൂര്‍വ്വതയായി കാണുന്നത്. ആത്മസാഹോദര്യത്തിന്റെ വിളക്ക് കൊളുത്തി തന്റെ സഹജാതരെ കണ്ടതാണു അദ്ദേഹത്തിന്റെ ജീവിത പുണ്യം. ഏതു ബഹുസ്വരതയുടെ വാദത്തിലും വിജയത്തിലും അസംഗനായി നിന്നു തന്റെ നിയുക്തതാ ബോധത്തെ നിറവേറ്റുവാന്‍ അദ്ദേഹത്തിനു സാധിച്ചു.
ഏതൊരു ആശയത്തിനും മുറിവേല്ക്കാതിരിക്കണമെങ്കില് വിചാരത്തിന്റെ പ്രവാഹം തുടരുക തന്നെ വേണം. ആ പ്രവാഹത്താലാണ് ഏതും മൃദുലവും തിളക്കവും പ്രയോജനവും ഉള്ളതായിത്തീരുന്നത്. ഇത്തരം സദ്ചിന്തകളുള്ളിടത്തോളം പി. പരമേശ്വരന് നമുക്കൊപ്പം എന്നുമുണ്ടാവുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: