1990ലാണ് അബ്ദുള്‍ നാസര്‍ മദനി എന്ന ഇസ്ലാം മതപ്രഭാഷകന് കേരളത്തില്‍ ഐഎസ്എസ് എന്ന സംഘടന രൂപീകരിക്കുന്നത്. മുസ്ലീങ്ങള്‍ക്ക്, ആര്‍എസ്എസ്സിനു ബദലായി ഒരു സംഘടന എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മദനിയുടെ ഐഎസ്എസ്സിന്റെ രൂപീകരണം. എന്നാല്‍ മദനിയുടെ നേതൃത്വത്തില്‍ നാട്ടില്‍ മത തീവ്രവാദം പ്രചരിപ്പിക്കാനും അക്രമങ്ങള്‍ സൃഷ്ടിക്കാനും വേണ്ടിയായിരുന്നു ഐഎസ്എസ്സിന്റെ രൂപീകരണമെന്ന് വേഗത്തില്‍ വെളിപ്പെട്ടു. 1991ല്‍ ഉത്തര്‍പ്രദേശിലെവിടെയോ മുസ്ലീം പള്ളി പൊളിച്ചു എന്ന് വ്യാപക പ്രചാരണം നടത്തി കേരളത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടാണ് അബ്ദുള്‍ നാസര്‍ മദനി തന്റെ തീവ്രവാദ മുഖം ഐഎസ്എസ്സിലൂടെ ആദ്യമായി പുറത്തെടുത്തത്. ഇസ്ലാമിക് സേവക് സംഘ് എന്ന ഐഎസ്എസ്സിന്റെ നേതൃത്വത്തില്‍ അന്ന് കേരളത്തിലാകെ കലാപാന്തരീക്ഷം സൃഷ്ടിച്ചു. പക്വതയുള്ള ജനങ്ങള്‍ കുറെയൊക്കെ സംയമനം പാലിച്ചതിനാലാണ് കേരളത്തെയാകെ ചുട്ടെരിക്കാന്‍ പോന്ന വലിയ സംഘര്‍ഷമായി അന്നത് മാറാതിരുന്നത്.
എങ്കിലും കൊല്ലം ജില്ലയില്‍ മദനിക്ക് നേരിട്ടു സ്വാധീനമുള്ള കരുനാഗപ്പള്ളി, ഓച്ചിറ മേഖലകളില്‍, ഉത്തര്‍പ്രദേശില്‍ മുസ്ലീം പള്ളി പൊളിച്ചു എന്ന പ്രചാരണവും മദനിയുടെ കലാപാഹ്വാനവും ചെറുതല്ലാത്ത പ്രശ്നങ്ങള്‍ക്ക് കാരണമായി. നിരവധി കടകളും വ്യക്തികളും ആക്രമിക്കപ്പെട്ടു. ‘ബോലോ തക്ബീര്‍ വിളികളോടെ’ അക്രമകാരികള്‍ അഴിഞ്ഞാടി. ഇന്നത്തേപോലെ വാര്‍ത്തകള്‍ വേഗത്തിലെത്തുന്ന കാലമായിരുന്നില്ല അത്. എങ്കിലും മദനിയും കൂട്ടരും പ്രചരിപ്പിച്ച പള്ളി പൊളിക്കല്‍ വാര്‍ത്ത ശുദ്ധകളവായിരുന്നെന്ന് തിരിച്ചറിഞ്ഞു. ഉത്തര്പ്രദേശിലെന്നല്ല, രാജ്യത്തെവിടെയും അക്കാലത്ത് അത്തരത്തിലൊരു സംഭവം നടന്നിരുന്നില്ല. ഇല്ലാത്ത സംഭവം പ്രചരിപ്പിച്ച് വര്‍ഗ്ഗീയ കലാപംസൃഷ്ടിക്കുകയായിരുന്നു മദനിയുടെ ലക്ഷ്യം. അയോധ്യയിലെ ക്ഷേത്ര ഭൂമി തര്‍ക്കം രൂക്ഷമായി, സജീവമായി നില്ക്കുന്ന സമയമായിരുന്നു അത്. ഹിന്ദുക്കള്‍ പള്ളിപൊളിച്ചു എന്ന് പ്രചരിപ്പിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. വര്‍ഗ്ഗീയകലാപം സൃഷ്ടിക്കുകയും അതിലൂടെ തനിക്കും തന്റെ സംഘടനയ്ക്കും വേരുറപ്പിക്കുകയും ചെയ്യാമെന്ന ക്രൂരമായ മോഹമായിരുന്നു മദനിക്കും കൂട്ടര്‍ക്കും. മദനിയെന്ന തീവ്രപക്ഷക്കാരന് പിന്നീട് എന്തുസംഭവിച്ചു എന്നത് ചരിത്രം. കോയമ്പത്തൂര്‍ ബോംബ് സ്ഫോടന പരമ്പരകേസില്‍ പ്രതിചേര്‍ക്കപ്പെട്ട മദനി ജയിലില്‍ അടയ്ക്കപ്പെട്ടു. മദനിയെ ആ കേസില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസും സിപിഎമ്മും നയിക്കുന്ന രണ്ടു മുന്നണികളും വഴിവിട്ട ശ്രമങ്ങള്‍ നടത്തിയിട്ടും മദനിക്ക് രക്ഷപ്പെടാനായില്ല.
കേരളത്തിലെ ചില മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും മദനിക്കുവേണ്ടി രംഗത്തുവന്നു. മദനി ചെയ്ത കുറ്റങ്ങളെയും തീവ്രവാദത്തെയും വെള്ളപൂശുന്ന സമീപനം സ്വീകരിച്ച കേരളത്തിലെ മുഖ്യധാരാ ദൃശ്യമാധ്യമങ്ങളടക്കം, മദനിയെ വിശുദ്ധനായി വാഴ്ത്താനും അയാള്‍ ചെയ്ത കൊടിയ കുറ്റത്തെ വിശുദ്ധവത്കരിക്കാനുമുള്ള ശ്രമങ്ങളാണ് ഇന്നും നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ തലതൊട്ടപ്പന് മദനിയാണെന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങളും തെളിവുകളും ഉണ്ടായിട്ടും കേരളത്തിലെ ചില മാധ്യമങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും അത് മനസ്സിലാകുന്നില്ല. അല്ലെങ്കില്‍ മനസിലായിട്ടും ആയില്ലെന്ന് നടിക്കുന്നു. ഒരു മഹാനഗരത്തില്‍ പരമ്പരയായി ബോംബ് സ്ഫോടനം നടത്തി, നിരപരാധികളായവരെ കൊലചെയ്യാന്‍ പദ്ധതിയിട്ട സംഭവത്തില്‍ പ്രതിയായ ആളെ, വിശുദ്ധനാക്കാന്‍ ശ്രമിക്കുന്ന മലയാള മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ലക്ഷ്യം വേറെ പലതുമാണ്.
ദൃശ്യമാധ്യമങ്ങള്‍ വാര്ത്തകളെത്തിക്കുന്നതില് വിപ്ലവം നടത്തുന്ന ഇക്കാലത്തും ആ സമീപനത്തില്‍ നിന്ന് അവര്‍ പിന്നാക്കം പോയിട്ടില്ലന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി മലയാളത്തിലെ മുന്‍നിര ദൃശ്യമാധ്യമങ്ങളുടെ വാര്‍ത്ത നല്കല് രീതി. ദല്‍ഹിയിലുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കലാപം കേരളത്തിലുമുണ്ടാകട്ടെ എന്ന ഉദ്ദേശ്യത്തോടെയാണ് ഏഷ്യാനെറ്റ് അടക്കമുള്ള ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത്. ദല്‍ഹിയില്‍ മുസ്ലീം പള്ളി കത്തിച്ചു എന്നും ഹിന്ദുക്കള്‍ ഏകപക്ഷീയമായി മുസ്ലീംങ്ങള്‍ക്ക് നേരെ അക്രമം നടത്തുന്നു എന്നും നിരന്തരം വാര്‍ത്ത നല്‍കുക വഴി ഏഷ്യാനെറ്റ് ന്യൂസും മറ്റ് ചില ചാനലുകളും 1991ല്‍ മദനി കേരളത്തില്‍ പരീക്ഷിച്ച തന്ത്രമാണ് ആവര്‍ത്തിച്ചത്. വര്‍ഗ്ഗീയ വിദ്വേഷമുണ്ടാക്കുന്ന പ്രചാരണം നടത്തി കേരളത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ഗൂഢോദ്ദേശ്യമായിരുന്നു അവര്‍ക്ക്. എന്നാല്‍ ദേശീയമാധ്യമങ്ങള്‍ ദല്‍ഹിയിലെ സംഭവത്തിന്റെ നേര്‍ചിത്രം പ്രകോപനമില്ലാതെ ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഹിന്ദുക്കള്‍ മുസ്ലീങ്ങള്‍ക്കെതിരെ കലാപംനടത്തുന്നു എന്ന് പ്രചരിപ്പിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസും മറ്റും ശ്രമിച്ചത്. എന്നാല്‍ ഇവരുടേത് ഗൂഢോദ്ദേശ്യത്തോടെയുള്ള പ്രചാരണമാണെന്ന് വേഗത്തില്‍ കേരളം തിരിച്ചറിഞ്ഞു. ദേശീയതലത്തിലുള്ള, അന്യഭാഷാ മാധ്യമങ്ങള്‍ ദല്‍ഹി സംഘര്‍ഷത്തിന്റെ യഥാര്‍ത്ഥമുഖം വെളിച്ചത്തു കൊണ്ടുവന്നു. അതു കണ്ട്, തിരിച്ചറിഞ്ഞവര്‍ ഏഷ്യാനെറ്റിന്റെ ഗൂഢോദ്ദേശ്യം മനസ്സിലാക്കുകയും ചെയ്തു.
കേരളത്തില്‍ നിന്നുള്ള ജമാഅത്തെ ഇസ്ലാമിയുടെ ചാനല്‍ മാധ്യമവും ഈ ഗണത്തില്‍പെടുന്ന വാര്‍ത്താ റിപ്പോര്‍ട്ടിങ്ങാണ് നടത്തിയത്. ദല്‍ഹിയില്‍ ഹിന്ദുക്കള്‍ മുസ്ലീങ്ങളെ ആക്രമിക്കുന്നു എന്ന് നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരുന്നവര്ക്ക് പക്ഷേ, അബദ്ധം പറ്റുകയും ചെയ്തു. സംഘര്‍ഷ സ്ഥലത്ത് ദൃശ്യങ്ങളെടുക്കാന്‍ എത്തിയവരെ അക്രമികള്‍ തടഞ്ഞു വച്ചു. അക്രമികളാരാണെന്ന് വ്യക്തമാകുകയും ചെയ്തു. അവരില്‍ നിന്ന് രക്ഷപ്പെടാന്‍ ഞങ്ങള്‍ കേരളത്തില്‍ നിന്നുള്ള മുസ്ലീം ചാനലിന്റെ മാധ്യമ പ്രവര്‍ത്തകരാണെന്നും മുസ്ലീംങ്ങളാണെന്നും തെളിവ് സഹിതം അവര്‍ക്ക് ബോധിപ്പിക്കേണ്ടിവന്നു. മാധ്യമം ചാനലിനു തന്നെ അത് ലൈവായി റിപ്പോര്‍ട്ട് ചെയ്യേണ്ടിയും വന്നു. ദല്‍ഹിയില്‍ അക്രമം നടത്തുന്നവരാരാണെന്ന് മലയാളികള്‍ക്ക് അതോടെ ബോധ്യമായി.
പള്ളികത്തിച്ചുവെന്നും, അത് ഫയര്ഫോഴ്സുകാര് കെടുത്തിയ ശേഷം വീണ്ടും വന്ന് കത്തിച്ചുവെന്നുമായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ട്. തനിക്കുമുന്നില്‍ പള്ളി കത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറുടെ വിവരണം. പള്ളികത്തിച്ചു എന്നത് വ്യാജ പ്രചാരണമാണെന്നും അത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പോലീസ് തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടും ഏഷ്യാനെറ്റ് ന്യൂസ് അത് തിരുത്താന്‍ തയ്യാറായിട്ടില്ല. അക്രമികള്‍ ജയ്ശ്രീറാം വിളിച്ചുകൊണ്ടാണ് അക്രമം നടത്തുന്നതെന്നായിരുന്നു മറ്റൊരു പ്രചരണം. എന്നാല്‍ മുസ്ലീം തീവ്രവാദികള്‍, പൗരത്വനിയമ വിരുദ്ധ സമരക്കാര്‍ എന്നപേരില്‍ നടത്തുന്ന അക്രമവും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളികളൊന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ കണ്ടതേയില്ല. ദല്‍ഹിയില്‍ അക്രമം നടത്തുന്നതെല്ലാം ഹിന്ദുക്കളാണെന്നും മുസ്ലീങ്ങള്‍ അതിനെ പ്രതിരോധിക്കുകയാണെന്നുമായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ കണ്ടെത്തല്‍. അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ആരൊക്കെയാണെന്ന് അന്വേഷിക്കുന്നവര്‍ക്ക് അക്രമങ്ങള്‍ ഏകപക്ഷീയമാണോ എന്ന് ബോധ്യമാകും.
ദല്‍ഹിയില്‍ ഉണ്ടായ സംഘഷര്ഷങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ അസത്യം പ്രചരിപ്പിക്കുകയാണുണ്ടായത്. അതിനു പിന്നില്‍ വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ട്. ദല്‍ഹിക്ക് പിന്നാലെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്കും നരേന്ദ്രമോദി സര്‍ക്കാരിനുമെതിരായ സമരം വ്യാപിക്കുക എന്നതാണ് അതില്‍ പ്രധാനം. നരേന്ദ്രമോദിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് വ്യാജപ്രചാരണങ്ങളിലൂടെ തോല്‍പ്പിക്കാമെന്ന വൃഥാമോഹമാണിതിനുപിന്നില്. കേരളത്തിലടക്കം കലാപത്തിനുള്ള ആഹ്വാനം നല്‍കുകയായിരുന്നു ഏഷ്യാനെറ്റ് ചാനല്‍. അതിലൂടെ വാര്‍ത്ത നല്കുമ്പോള് പാലിക്കേണ്ട നിയമപരവും ധാര്‍മ്മികവുമായ എല്ലാ സീമകളും അവര്‍ ലംഘിച്ചിരിക്കുന്നു. തെറ്റാണ് ചെയ്തതെന്ന് മനസ്സിലായിട്ടുപോലും അത് തിരുത്താന്‍ തയ്യാറാകാത്തവരുടെ ലക്ഷ്യമെന്തെന്ന് മനസ്സിലാക്കാവുന്നതേയുള്ളു. എരിതീയില്‍ എണ്ണയൊഴിച്ച്, അതാളിക്കത്തിക്കുക എന്നതാണവര്‍ ലക്ഷ്യമിടുന്നത്.
പത്രപ്രവര്‍ത്തനത്തിന് കേരളത്തില്‍ മാന്യമായ സ്ഥാനമുണ്ട്. പത്രപ്രവര്‍ത്തകര്‍ക്കും ആ സ്ഥാനം നല്‍കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ മാന്യമായി പത്രപ്രവര്‍ത്തനം ചെയ്യുന്നവരെപോലും നാണിപ്പിക്കുന്നതരത്തില്‍ തീവ്രവാദികള്‍ക്കടക്കം വേണ്ടി, വിടുപണിചെയ്യുന്നത് തൊഴിലാക്കി, പത്രപ്രവര്‍ത്തനത്തെ ഏഷ്യാനെറ്റ് ചാനല്‍ മാറ്റിയിരിക്കുന്നു. ആരെങ്കിലും വെച്ചു നീട്ടുന്ന നാല് അപ്പക്കഷണത്തിനായി, എന്തുനെറികെട്ട പ്രവര്‍ത്തനവും ചെയ്യുന്നതല്ല പത്രപ്രവര്‍ത്തനം. ഏഷ്യാനെറ്റ് ചാനല്‍ ചെയ്തുകൊണ്ടിരിക്കുന്നത് മാധ്യമ പ്രവര്ത്തനമല്ലെന്നതാണ് മാന്യമായ ഭാഷയിലുള്ള വിലയിരുത്തല്‍. ദേശവിരുദ്ധതയാണവര് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആ ചാനലിനെതിരെ നടപടിയുണ്ടാകണമെന്നത് നാടിന്റെ സമാധാനത്തിന് അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: