ഭക്തി രസത്തിലൂടെ സാംസ്കാരിക നവോത്ഥാനം നടത്തിയ മഹത് വ്യക്തികളാണ് പൂന്താനം നമ്പൂതിരിയും തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛനും. സ്മൃതി പ്രോക്തങ്ങളായ നിയമങ്ങളും അനാചാരങ്ങളും തീര്‍ത്ത കൊടിയ ജാതീയത, അതിന്റെ മൂര്‍ധന്യത്തിലെത്തിയപ്പോള്‍ വേദാന്ത തത്വങ്ങള്‍ സരള ഭാഷയിലൂടെ സാമാന്യ ജനതയ്ക്ക് ഭക്തിരസാമൃതത്തിലൂടെ നല്‍കിക്കൊണ്ട് ജനതയെ സാംസ്കാരിക മൂല്യങ്ങളാല്‍ കോര്‍ത്തിണക്കിയവര്‍. സംസ്കൃത ഭാഷയിലെഴുതപ്പെട്ട പല ഗ്രന്ഥങ്ങളിലേയും സാരസര്‍വ്വസ്വം, പ്രത്യേകിച്ച് അദൈ്വത ഭാവന ഭക്തിമാര്‍ഗ്ഗത്തിലൂടെ ജനങ്ങളിലെത്തിച്ചു. ജാതി വര്‍ഗ ചിന്തകള്‍ക്കതീതമായി സര്‍വ്വരിലുമുള്ള ഏകാത്മ തത്ത്വം വിവേചിച്ചറിയാനുള്ള പ്രായോഗിക മാര്‍ഗം തന്നെയായിരുന്നു അവ.
അധ്യാത്മ രാമായണവും ജ്ഞാനപ്പാനയും ഹരിനാമ കീര്‍ത്തനവും നൂറ്റാണ്ടു പലതും കഴിഞ്ഞിട്ടും ജനമനസ്സുകളെ ഇന്നും ഒന്നിപ്പിക്കുന്നു. ഇന്ന് തുഞ്ചനും പൂന്താനവും ജനിച്ച ഭൂമിയില്‍ സര്‍ക്കാര്‍ വക സ്മൃതി മണ്ഡപങ്ങളുയര്‍ന്നു. സാഹിത്യ മേഖലയിലെ പ്രമുഖര്‍ ട്രസ്റ്റുകളുണ്ടാക്കി, രാഷ്ട്രീയക്കാരുടെ ദാസ്യവേല ചെയ്യാനും ഭരണക്കാരുടെ പ്രത്യയ ശാസ്ത്രങ്ങള്‍ ചുളുവിലയ്ക്ക് ചര്‍ച്ച ചെയ്യാനുമുള്ള ഇടങ്ങളായി. എല്ലാ വര്‍ഷവും നടത്തുന്ന തുഞ്ചന്‍ ഉത്സവവും, പൂന്താനം സാഹിത്യോത്സവവും നമ്മോട്പറയുന്നത് അതാണ്. തുഞ്ചന്‍ ഉത്സവാഘോഷം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചുവരുത്തിയ പ്രഗത്ഭ ഹിന്ദി -ആസാമി ചലച്ചിത്ര സംവിധായകന് ജാനു ബറുവ അതിന് യോഗ്യനാവുന്നത്, ഒരുപക്ഷേ അദ്ദേഹം പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് തന്റെ ചലചിത്രം ഭോഗാ കിര്‍ഗീ (യൃീസലിംശിറീം) ആസാം ചലച്ചിത്ര അവാര്‍ഡ്മത്സര ഇനത്തില്‍ നിന്നും പിന്‍വലിച്ചതിനാലാവും. എന്നിരുന്നാലും ചില യാഥാര്‍ത്ഥ്യങ്ങള്‍ അദ്ദേഹം പറയാതിരുന്നില്ല.
ആസാമിലെ അഹോം വംശ രാജാവായിരുന്ന ചൗലുങ് സുഖാപ (1228- 1268) രാമായണ, മഹാഭാരത കഥകളിലൂടെയും അവ പ്രദാനം ചെയ്യുന്ന മൂല്യങ്ങളിലൂടെയും ചിന്നിച്ചിതറി കിടന്നിരുന്ന പല വംശീയ വിഭാഗങ്ങളെയും ഒരുമിപ്പിച്ചു. അങ്ങനെ ശരി തെറ്റുകളെ വിവേചിച്ചറിയാന്‍ അവര്‍ക്കു കഴിഞ്ഞു എന്ന കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. ഭാരതത്തിനകത്തും പുറത്തും രാമകഥ മനുഷ്യരെ കൂട്ടിയിണക്കുമ്പോള്‍, രാമകഥ രചിച്ചവരുടെ സ്മൃതി മണ്ഡപങ്ങളിലുയരുന്ന, വിഭാഗീയത സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് സാംസ്കാരിക പ്രവര്‍ത്തനമല്ല.
കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെക്കുറിച്ചായിരുന്നു സുനില്‍ പി ഇളയിടം സംസാരിച്ചത്. ശ്രുതി പാരമ്പര്യങ്ങളിലാരംഭിച്ച് വസിഷ്ഠനിലൂടെ രാജാധികാരവും പുരുഷാധികാരവും ഒത്തുചേര്‍ന്ന രാമന്റെ പാരമ്പര്യവും ബുദ്ധനിലാരംഭിച്ച് വാല്മീകിയിലൂടെ ഭാരതത്തിലാകമാനം പടര്‍ന്നു പന്തലിച്ച ദയയുടേയും കരുണയുടേയും അനുകമ്പയുടെയും പാരമ്പര്യമുള്ള, രാമന് മാപ്പുകൊടുക്കാന്‍ പാകത്തില്‍ വികസിച്ച സീതയും ആയിരുന്നു പ്രധാന വിഷയം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ രാമനും സീതയും ഉയര്‍ത്തുന്നത് രണ്ടു പാരമ്പര്യങ്ങളാണ്, അവ പരസ്പരം വിരുദ്ധവുമാണ്. കുമാരനാശാന് ഇതില്‍ ബൗദ്ധദയാനുകമ്പാ പാരമ്പര്യവാദിയായിരുന്നു. എന്നെല്ലാമുള്ള സാഹിത്യപരമായ കണ്ടെത്തലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കുകയല്ലാതെ മറ്റെന്താണ് ലക്ഷ്യം? ചില സ്മൃതികള്‍ ജാതിയെ അരക്കിട്ടുറപ്പിക്കുന്നുവെങ്കില്‍ അതിന് ശ്രുതിയുമായി ബന്ധമില്ല. ഇത്തരം സ്മൃതി പാരമ്പര്യത്തെയാണ് ആശാന് തന്റെ കാവ്യങ്ങളിലൂടെ ശക്തമായി വിമര്‍ശിച്ചത്.
ശ്രുതി കാലങ്ങളില്‍ ടെറിട്ടോറിയല്‍ സ്റ്റേറ്റ് എന്ന സങ്കല്പം പോലുമില്ല എന്നിരിക്കെ, വേദമന്ത്രങ്ങളില്‍ പലതിന്റെയും ദ്രഷ്ടാക്കള്‍ സ്ത്രീകളാണെന്നറിഞ്ഞിട്ടും ടെറിട്ടോറിയല്‍ സ്റ്റേറ്റിനെ ബാധിക്കുന്ന രാജാധികാരവും മറ്റും എവിടെന്നു കിട്ടി?
”ന രാജ്യം ന രാജാസീത്
ന ദണ്ഡോ ന ച ദാണ്ഡികാഃ
ധര്‍മ്മേണൈവ പ്രജാ സര്‍വ്വേ
രക്ഷന്തിസ്മ ഃ പരസ്പരം”എന്ന ഭീഷ്മോപദേശം അറിയാത്തവരാകില്ല ഇത്തരം മഹാഭാരത പ്രഭാഷകര്‍. എന്തായാലും വാല്മീകിയുടെയോ എഴുത്തച്ഛന്റെയോ ആശാന്റെയോ രാമനും സീതയും അങ്ങനെയല്ല. ആയിരുന്നു എങ്കില്‍ ഭാരതത്തിനകത്തും പുറത്തുമായി മുന്നൂറിലധികം രാമകഥകള്‍ കാലത്തെ അതിജീവിച്ച് നില്‍ക്കില്ലായിരുന്നു. ഇനി കുമാരനാശാന് ശ്രുതി എന്താണെന്നും സ്മൃതി എന്താണെന്നും അറിയില്ലാ എന്ന വാദമാണെങ്കില്‍ ആശാന്റെ മറ്റൊരു ഖണ്ഡകാവ്യമായ ദുരവസ്ഥ അതിനു മറുപടി പറയുന്നുണ്ട്
” ഭേദങ്ങളറ്റ പൊരുളിനെക്കാഹള –
മൂതിവാഴ്ത്തീടുന്നു വേദം നാലും
വൈദികമാനികള്‍
മര്‍ത്ത്യരില്‍ ഭേദവും
ഭേദത്തില്‍ ഭേദവും ജല്പിക്കുന്നു !
എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ നിന്നി –
ലെന്താണീക്കാണുന്ന വൈപിരീത്യം ? ”
വേദങ്ങള്‍ ഭേദത്തെ കല്പിക്കുന്നില്ലെന്നു മാത്രമല്ല ബ്രഹ്മ വിദ്യ എന്നിവിടെ അര്‍ത്ഥമാക്കുന്നത് ‘ബ്രഹ്മ പ്രതിപാദനപരമായ ഹിന്ദുമത ശാസ്ത്രം’ എന്നു പ്രത്യേകം അടിവരയിടുന്നുണ്ട്. താനുദ്ദേശിച്ചത് എന്തെന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കരുതെന്ന് നിശ്ചയമുള്ളതുകൊണ്ടുതന്നെയാണ് ആശാന് ‘ വൈദിക മാനികള്‍ ‘ എന്ന് പറഞ്ഞത്.
ആശാന്റെ ചിന്താവിഷ്ടയായ സീത, തുഞ്ചന്‍പറമ്പില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അത് സമൂഹത്തെ വിഭജിക്കാനാവരുതെന്ന് പ്രഭാഷകരും സംഘാടകരും ഓര്‍ത്താല്‍ നന്ന്. ഒന്നായതിനെ പിരിച്ച്രണ്ടാക്കാനല്ല, രണ്ടാകുമ്പോഴുള്ള ഇണ്ടലിനെക്കുറിച്ചാണവിടെ ചര്‍ച്ച ചെയ്യേണ്ടത്. ശങ്കരന്റെ മതം തന്നെയാണ് നമ്മുടെയും മതമെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനുംസഹചാരിയും നാരായണ ധര്‍മ്മ പ്രവര്‍ത്തകനുമായ കുമാരനാശാന് കാണാത്ത വൈരുദ്ധ്യങ്ങളെ ചിന്താവിഷ്ടയായ സീതയില്‍ കണ്ടെത്തുമ്പോള്‍ അത് മാര്‍ക്സിയന്‍ കുടില തന്ത്രമായേ കാണാനാവൂ.പൂന്താനം സാഹിത്യോത്സവവും വിഭിന്നമല്ല.
”കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗര്‍ദ്ദഭം ”
എന്ന പൂന്താനം വരികളെ അന്വര്‍ത്ഥമാക്കുന്നതാണ് പൂന്താനം സാഹിത്യോത്സവത്തിലെ പല ചര്‍ച്ചകളും. ജ്ഞാനപ്പാന അര്‍ത്ഥമറിഞ്ഞ് ഒരാവര്‍ത്തി വായിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ നിലവില്‍ ഈ ലോകത്തിന്. ഭൂഖണ്ഡങ്ങള്‍ അബദ്ധവശാല്‍ കണ്ടുപിടിച്ച് അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കിയ യൂറോപ്യര്‍ക്ക് പൂന്താനം പറഞ്ഞ സപ്ത ദ്വീപുകളെ മനസ്സിലാവില്ല. സ്ഥല കാലങ്ങളില്‍ നിന്നു കൊണ്ട് കാലാതിവര്‍ത്തിയായ സത്യത്തെ നിര്‍വ്വചിക്കുന്ന പൂന്താനത്തിന്റെ ദാര്‍ശനിക ഭൂമികയാവണം അവിടെ ചര്‍ച്ച ചെയ്യേണ്ടത്. പത്ത് കിട്ടുകില്‍ നൂറുമതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും തോന്നുന്ന മാനസികാവസ്ഥയെ വേദാന്ത തത്വം കൊണ്ട് സംഹരിക്കുന്ന ധൈഷിണിക വ്യായാമമല്ലേ അവിടെ നടക്കേണ്ടത്.
വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്ന് നടിക്കുന്നവരെ തിരിച്ചറിയാനുള്ള പാഠമാണവിടെ പഠിപ്പിക്കേണ്ടത്. അതിന് പകരം ‘പൗരത്വം, ഭരണ ഘടന, ദേശീയത’ എന്ന വിഷയത്തില്‍ സാംസ്കാരിക സമ്മേളനം നടത്തി രാഷ്ട്രീയ ചര്‍ച്ചകള്‍ പൊടി പൊടിക്കാനാണിവര്‍ മുതിര്‍ന്നത്. ഭാരതീയമായ ദര്‍ശനങ്ങളുടെയും സംസ്കാരത്തിന്റെയും പഠനങ്ങള്‍ക്ക് ജനം കാതോര്‍ക്കുന്ന കാലം വരാന്‍ ഏറെ പ്രയത്നിച്ചവരാണ് തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛനും പൂന്താനവും.
(ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍) 9447730660
പ്രതികരിക്കാൻ ഇവിടെ എഴുതുക: