കേരളത്തിന്റെ തലസ്ഥാനമാണല്ലോ തിരുവനന്തപുരം. എല്ലാവിധ തന്ത്രങ്ങളും കണ്ടുപരിചയമുള്ള നഗരം. അതിനേക്കാള്‍ പരിചിതം കുതന്ത്രങ്ങള്‍. അതും വിദ്യാഭ്യാസമേഖലയിലും പരീക്ഷാ പ്രക്രിയകളിലും. എല്‍ഡിസി മുതല്‍ ഐഎഎസ് വരെയുള്ള പരീക്ഷകള്‍ക്ക് പരിശീലനം നല്കുന്ന ഔദ്യോഗിക-അനൗദ്യോഗിക സ്ഥാപനങ്ങളുടെ വളക്കൂറുള്ള മണ്ണാണ് തിരുവനന്തപുരം. കാലുപിടിക്കാനും കാലുവാരാനും സമര്ത്ഥരെ വളര്‍ത്തുകയും വീഴ്ത്തുകയും ചെയ്യുന്ന നഗരം.
അനന്തപദ്മനാഭന് പള്ളിയുറക്കം നടത്തുന്നത് ഇവിടെയാണല്ലോ. മറ്റെല്ലായിടത്തും പദ്മനാഭന് നില്ക്കുന്ന പ്രതിമയേ ഉള്ളൂ. അനന്തപുരിയിലാകട്ടെ അനന്തശയനമാണ്. ഇവിടെ നിന്നാല്‍ ഭഗവാനെയും കാലുവാരും എന്ന ഭീതിയിലാണത്രേ പദ്മനാഭന് ശയനഭാവത്തില്‍ കഴിയുന്നത്.
സെക്രട്ടേറിയറ്റില്‍ ജോലിയുണ്ടെങ്കിലും ഒപ്പിട്ട് ജോലി സമയത്ത് മുങ്ങുന്ന വിരുതന്മാര് നിരവധിയാണ്. അതില്ലാതാക്കാന്‍ എ.കെ.ആന്റണി മുതല്‍ പിണറായി വിജയന് വരെയുള്ള മുഖ്യമന്ത്രിമാര്‍ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തി മേനി നടിച്ച വര്‍ഷങ്ങള്‍ പലത്. ലക്ഷങ്ങള്‍ മുടക്കി ഏര്‍പ്പെടുത്തുന്ന പഞ്ചിംഗ് യന്ത്രങ്ങള്‍ പണിമുടക്കുന്നത് സ്വാഭാവിക ശീലനം കൊണ്ടല്ല. മണലോ ഉപ്പോ യഥാവിധി യന്ത്രത്തിലിട്ടാല്‍ തന്ത്രം ഫലിക്കും. അതിനുള്ള കുതന്ത്രങ്ങളെല്ലാം പ്രശസ്തമായ തൊഴിലാളി യൂണിയനുകള്ക്കറിയാം. കസേരകളില്‍ തൂവാലയുമിട്ട് മുങ്ങുന്ന ഉദ്യോഗസ്ഥ പ്രമുഖര്‍ സമയവും സന്ദര്‍ഭവും കളയുകയാണെന്ന് കരുതരുത്. എല്ലാവരും അദ്ധ്വാനം പാഴാക്കുന്നുമില്ല. ഭാവിതലമുറയെ വാര്‍ത്തെടുക്കുകയാണ് അവരുടെ മുഖ്യകടമ. പക്ഷേ അതെല്ലാം അനൗദ്യോഗികമാണെന്ന് മാത്രം.
യൂണിവേഴ്സിറ്റികളിലെയും പിഎസ്സിയിലെയും കയ്യിട്ട് വാരലുകളും കാശ് വാരലുമെല്ലാം ഏറെ കേട്ട് തഴമ്പിച്ചതാണ്. ഏറ്റവും ഒടുവിലത്തേത് കെഎഎസ്. കെ.എ.എസ് പ്രാഥമിക പരീക്ഷയിലും പി.എസ്.സിയുടെ ‘കോപ്പിയടി’ എന്ന വാര്‍ത്ത കേരളീയരെ അത്ഭുതപ്പെടുത്തുകയൊന്നും ചെയ്യുന്നില്ല. ശനിയാഴ്ച നടന്ന രണ്ടാം പരീക്ഷയില്‍ ഇരുപതോളം ചോദ്യങ്ങള്‍ തിരുവനന്തപുരത്തെ സ്വകാര്യ ഐ.എ.എസ് അക്കാദമിയുടെ ഗൈഡില്‍ നിന്ന് അതേപടി കടമെടുത്തു. തിരുവനന്തപുരം വെള്ളയമ്പലം അലത്തറ നഗറിലെ എന്‍ലൈവന്‍ ഐ.എ.എസ് പരിശീലന കേന്ദ്രം പുറത്തിറക്കിയ ‘ഹാന്‍ഡ് ബുക്ക് ഓണ്‍ ഇക്കണോമിക്സ് ആന്‍ഡ് കേരള ഹിസ്റ്ററി ഫോര്‍ കെ.എ.എസ്’ എന്ന ബുക്കാണ് ഉച്ചയ്ക്ക് ശേഷം നടന്ന രണ്ടാംപേപ്പറിലെ മിക്ക ചോദ്യങ്ങളും തയാറാക്കാന്‍ ചോദ്യകര്‍ത്താവ് അവലംബിച്ചത്. ഇതുസംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി ചെയര്‍മാനും വിജിലന്‍സിനും പരാതി നല്‍കിയതോടെയാണ് കുതന്ത്രങ്ങളുടെ കുടം തുറന്നത്.
കെ.എ.എസിനോട് അനുബന്ധിച്ച് സ്ഥാപനം പുറത്തിറക്കിയ മറ്റ് പുസ്തകങ്ങളും പരിശോധനയിലാണ്. നിതി ആയോഗ്, കിഫ്ബി, ജി.എസ്.ടി തുടങ്ങി സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സര്‍ക്കാര്‍ പദ്ധതികളെ സംബന്ധിച്ച് നല്കിയ ചോദ്യങ്ങളില്‍ നല്ലൊരു പങ്കും ഈ പുസ്തകത്തില്‍ നിന്നാണ്. ഗൈഡിലെ സാമ്പത്തിക പട്ടികകളും അതേപടി ചോദ്യമായി നല്കി. ഗൈഡ് വായിച്ചവര്‍ക്ക് മലയാള, -ഇംഗ്ലീഷ് ഭാഷകളെക്കുറിച്ചു സാമാന്യ ബോധമുണ്ടെങ്കില്‍ രണ്ടാം പേപ്പറില്‍ 85ന് മുകളില്‍ മാര്‍ക്ക് വാങ്ങാമെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
ചോദ്യങ്ങള്‍ക്ക് സ്വകാര്യ ഗൈഡുകളെയോ മറ്റ് ബുക്ക്ലെറ്റുകളെയോ ആശ്രയിക്കരുതെന്നാണ് പി.എസ്.സി നിര്‍ദേശം. പലപ്പോഴും ഇത് പാലിക്കാറില്ലെന്ന് പി.എസ്.സി അംഗങ്ങള്‍ തന്നെ പറയുന്നു. പി.എസ്.സി ചെയര്‍മാന്റെ ഓഫിസില്‍ നിന്ന് നല്കുന്ന പാനലില്‍ നിന്നുള്ളവര്‍ക്കാണ് പരീക്ഷ കണ്ട്രോളര് ചോദ്യം തയാറാക്കി നല്‍കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കുന്നത്. കത്തിനൊപ്പം മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. തയാറാക്കി നല്കുന്ന ചോദ്യപേപ്പര്‍ കണ്ട്രോളര്പോലും കാണാതെ അന്യസംസ്ഥാനത്തെ സ്വകാര്യ പ്രസുകളിലേക്ക് പോകും. ഇവിടെ നിന്നാണ് പരീക്ഷ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകള്‍ എത്തുക. അതിനാല്‍ ചോദ്യങ്ങള്‍ എങ്ങനെയുള്ളവയാണെന്ന് പരീക്ഷക്ക് ശേഷമേ പി.എസ്.സി അറിയൂവെന്നും കമീഷന് അംഗങ്ങള്‍ പറയുന്നു.
2012ല്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് സ്വകാര്യ ഗൈഡിലെ 42 ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി മറ്റൊന്ന് നടത്തുകയായിരുന്നു. എന്നാല്‍, കോപ്പിയടി തുടര്‍ക്കഥയായതോടെ ചോദ്യകര്‍ത്താവിനെ പാനലില്‍നിന്ന് പുറത്താക്കി തലയൂരുകയാണ് പി.എസ്.സി ഇപ്പോള്‍ ചെയ്യുന്നത്.
2019 ജനുവരിയില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പരീക്ഷയില്‍ 80 ശതമാനം ചോദ്യങ്ങളും സ്വകാര്യ സ്ഥാപനത്തിന്റെ റാങ്ക് ഫയലില്‍ നിന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. യൂണിവേഴ്സല്‍ പബ്ലിക്കേഷന്‍സ് ഇറക്കിയ ഗൈഡില്‍ നിന്നുള്ള 80 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് പകര്‍ത്തിയത്. 2018 ജനുവരി 27ന് പി.എസ്.സി നടത്തിയ ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ കണക്ക് അധ്യാപക പരീക്ഷയിലും ‘ഗേറ്റ് പേപ്പേഴ്സ്’ ഗൈഡില്‍ നിന്ന് 15 ചോദ്യങ്ങളും പകര്‍ത്തിയതായി കണ്ടെത്തിയിരുന്നു.
പി.എസ്.സി പരീക്ഷകളിലെ വിജയ ശതമാനം ഉയര്‍ത്തുന്നതിന് തലസ്ഥാനത്തെ ചില കോച്ചിങ് സെന്റര്‍ ഉടമകള്‍ പി.എസ്.സിയുടെ പരീക്ഷാ പാനലിലെ ചോദ്യകര്‍ത്താക്കളെ സ്വാധീനിച്ചിരുന്നതായി വിജിലന്‍സ് നിരീക്ഷണം. കെ.എ.എസ് അടക്കമുള്ള പരീക്ഷകളുടെ ചോദ്യപേപ്പര്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത്തരമൊരു സംശയമുണ്ടായത്. സംസ്ഥാനത്തെ പ്രമുഖ പി.എസ്.സി പരിശീലന കേന്ദ്രം പുറത്തിറക്കിയ ഗൈഡില്‍ നിന്ന് മൂന്ന് ചോദ്യങ്ങളാണ് ഓപ്ഷന് പോലും മാറ്റാതെ നല്‍കിയത്. കെ.എ.എസിന്റെ രണ്ടാം പേപ്പര്‍ തയാറാക്കുന്നതിന് അവലംബിച്ചെന്ന് സംശയിക്കുന്ന തലസ്ഥാനത്തെ ഐ.എ.എസ് പരിശീലന കേന്ദ്രത്തിന്റെ ഹാന്‍ഡ്ബുക്കുകളും അന്വേഷണസംഘം ശേഖരിച്ചു.
എല്‍.ഡി.സി, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സിവില്‍ പൊലീസ് ഓഫിസര്‍ തുടങ്ങിയ പരീക്ഷകളില്‍ പരിശീലന സ്ഥാപനങ്ങള്‍ പുറത്തിറക്കിയ ഗൈഡുകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചതായി കണ്ടെത്തി. ചോദ്യങ്ങള്‍ തയാറാക്കുമ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളുടെ ഗൈഡുകളെയോ മറ്റ് ബുക്ക് ലെറ്റുകളെയോ ആശ്രയിക്കരുതെന്ന പി.എസ്.സി പരീക്ഷാ കണ്‍ട്രോളറുടെ നിര്‍ദേശം കാറ്റില്‍ പറത്തിയാണ് ഒരു പേജിലുള്ള നാലും അഞ്ചും ചോദ്യങ്ങള്‍ ഓപ്ഷന് പോലും മാറ്റാതെ പകര്‍ത്തിയത്.
സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ പല പി.എസ്.സി ജീവനക്കാരും ഇത്തരം രഹസ്യകേന്ദ്രങ്ങളില്‍ ക്ലാസുകള്‍ എടുക്കുന്നുണ്ട്. ഇവരാണ് ചോദ്യകര്‍ത്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ കോച്ചിങ് സെന്റര്‍ ഉടമകള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത്. പിന്നീട് ചോദ്യകര്ത്താക്കളുമായി നേരിട്ട് ബന്ധപ്പെട്ട് തങ്ങളുടെ ഗൈഡുകളും പുസ്തകങ്ങളും വീടുകളിലേക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്. വ്യാജപേരുകളിലാണ് പി.എസ്.സി ജീവനക്കാര്‍ ക്ലാസെടുക്കുന്നത്. അതിനാല്‍ ഇവരെ സംബന്ധിക്കുന്നതൊന്നും സ്ഥാപന ഉടമകള്‍ സൂക്ഷിക്കാറില്ല.
ചിലര്‍ ഡ്യൂട്ടി സമയത്താണ് തിരുവനന്തപുരം തമ്പാനൂരിലെ പി.എസ്.സി പരിശീലന കേന്ദ്രത്തിലെത്തി രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ വരെ ക്ലാസെടുക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാരും തിരുവനന്തപുരത്തെ സെന്ററുകളില്‍ ക്ലാസെടുക്കാന്‍ എത്തുന്നുണ്ട്. ഇവരില്‍ പലരും ഈ സെന്ററുകളില്‍ പഠിച്ച് ജോലി ലഭിച്ചവരാണ്. ഈ ബന്ധമാണ് ഇപ്പോഴും തുടരുന്നത്.
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ ബന്ധുക്കളുടെ പേരില്‍ നടത്തുന്ന പിഎസ്സി പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് പരിശോധന നടത്തിയത് കഴിഞ്ഞ ദിവസത്തെ കൗതുകം. പൊതുഭരണ വകുപ്പിലെ അസിസ്റ്റന്റ്മാരായ രഞ്ജന്‍ രാജ്, ഷിബു കെ. നായര്‍ എന്നിവര്‍ നടത്തുന്ന പരിശീലന കേന്ദ്രത്തിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. പരിശീലന കേന്ദ്രത്തില്‍ പഠിപ്പിക്കുകയായിരുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ വിജിലന്‍സ് കയ്യോടെ പിടികൂടി. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ സ്വത്ത് പരിശോധിക്കാനൊരുങ്ങി വിജിലന്‍സ്.
പിഎസ്സിയിലെ ചോദ്യപേപ്പര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നും വിജിലന്‍സ് പരിശോധിക്കുകയാണ്. വല്ല കാരണവശാലും പിടികൂടപ്പെടുന്ന ഉദ്യോഗസ്ഥരുടെ കാലാളും കാവലാളുമായും മന്ത്രിമാരെത്തും. സര്‍വകലാശാലയിലെ തട്ടിപ്പിന് ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടപെടല്‍ നമുക്ക് മറക്കാന്‍ വയ്യല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: