ഒരു മനുഷ്യശിശു പിറക്കുന്നതിന്റെ ആദ്യഘട്ടങ്ങളെ (ശുക്ലാര്‍ത്തവങ്ങള്‍, ആത്മാവിനാശ്രയമായ സൂക്ഷ്മശരീരം, ആത്മാവിന്റെ മരണാനന്തരഗതി, ഗര്‍ഭപാത്രത്തില്‍ വെച്ചു നടക്കുന്ന ശുക്ലാര്‍ത്തവങ്ങള്‍,സൂക്ഷ്മശരീരം, ആത്മാവ് എന്നിവയുടെ മേളനവും ഭ്രൂണത്തിന്റെ ഉല്പത്തിയും,അതില്‍ മാതാപിതാക്കളുടെയും ശിശുവിന്റെ കര്‍മ്മഫലത്തിന്റെയും പങ്ക്)ക്കുറിച്ച് ആയുര്വേദാചാര്യന്മാരുടെ വീക്ഷണങ്ങള്‍ നാം മനസ്സിലാക്കി. ഇവയെപ്പറ്റി ഇതരഭാരതീയദര്ശനങ്ങളുടെ നിലപാടുകളെന്തെന്നും നമുക്കുനോക്കാം.
ചരകസംഹിതയിലെ സൂക്ഷ്മശരീര (ആതിവാഹികശരീരം) സിദ്ധാന്തം സാംഖ്യദര്‍ശനത്തില്‍ നിന്നും സ്വീകരിച്ചതാണ്. ചരകസംഹിതയുടെ വ്യാഖ്യാതാവായ ചക്രപാണി (തേന ആഗമാദേവ സാംഖ്യദര്ശനരൂപാല് ആതിവാഹികശരീരാല് സംഹിതാ 4. 2. 36) ഇതു വ്യക്തമാക്കുന്നുണ്ട് സാംഖ്യകാരികയിലെ മുപ്പത്തി ഒന്‍പതാമത്തെ കാരികയില്‍ സൂക്ഷ്മശരീരത്തെയും മാതാപിതാക്കളില്‍ നിന്നും പാരമ്പര്യമായി ലഭിക്കുന്ന ശരീരത്തെയും വിശദമാക്കുന്നുണ്ട്. മാതാപിതാക്കള്‍ വഴി കിട്ടുന്ന ശരീരം അനിത്യവും സൂക്ഷ്മശരീരം നിത്യവുമാണ്. ഓരോ ജന്മമെടുക്കുമ്പോഴും അതാതു മാതാപിതാക്കളിലൂടെ ഒരു പുതിയശരീരത്തെ സ്വീകരിക്കുകയും മരണസമയത്ത് അതിനെ ഉപേക്ഷിക്കുകയും ചെയ്യുന്നു. മോക്ഷം കിട്ടുന്നതുവരെ സൂക്ഷ്മശരീരം നിലനില്ക്കും. മഹത്, അഹങ്കാരം, മനസ്സുള്‍പ്പടെ പതിനൊന്ന് ഇന്ദ്രിയങ്ങള്‍, പഞ്ചതന്മാത്രകള് എന്നിങ്ങനെ പതിനെട്ടു ഘടകങ്ങള്‍ ചേര്‍ന്നതാണ് ഈ സൂക്ഷ്മശരീരം. ഇത് അദൃശ്യമാണ്. എങ്കിലും അനുമേയമാണ്.
പുരുഷാര്ത്ഥപ്രാപ്തിക്കു വേണ്ടിയാണ് പുരുഷന് ഈ സൂക്ഷ്മശരീരം. ധര്‍മ്മാധര്‍മ്മങ്ങള്‍, മറ്റു ബൗദ്ധികമായ നേട്ടങ്ങളും കോട്ടങ്ങളും എന്നിവയുടെയെല്ലാം സംസ്കാരം മുദ്രിതമായ ബുദ്ധിയുമായി ഇതിനുള്ള ബന്ധം നിമിത്തം മേല്‍പ്പറഞ്ഞ ധര്മാദികളുമായി ഈ ശരീരത്തിനും ബന്ധം വരുന്നു. ചെമ്പകപ്പൂവിന്റെ സുഗന്ധം അതുമായി ബന്ധപ്പെടുന്ന വസ്ത്രത്തിലേക്കു പകരുന്നതു പോലെയാണിത്. തന്മൂലം പ്രകൃതിപുരുഷവിവേകമെന്ന ജ്ഞാനം തെളിയുന്നതുവരെ ഓരോ ജന്മമെടുക്കുമ്പോഴും ഒരു പുതിയശരീരത്തെ സ്വീകരിക്കുകയും മരണസമയത്ത് അതിനെ ഉപേക്ഷിക്കുകയും ചെയ്യുന്നു. ജ്ഞാനം ലഭിച്ച് ബുദ്ധി ഈ വക ബന്ധങ്ങളില്‍ നിന്നും മുക്തമാകുന്നതുവരെ ജനനമരണചക്രവും തുടരുന്നു. അഹങ്കാരം, ഇന്ദ്രിയങ്ങള്‍ എന്നിവയോടു കൂടിയ ബുദ്ധിക്ക് മരണത്തിനും ജനനത്തിനുമിടയിലെ ഇടവേളകളില്‍ നിലനില്ക്കാന് ഒരു ആശ്രയശരീരം കൂടിയേ തീരൂ. അതാണ് ഈ സൂക്ഷ്മശരീരകല്പനയുടെ പൊരുള്‍. ഈ സൂക്ഷ്മശരീരത്തിന്റെ ആകൃതി മുതലായവയെ സാംഖ്യപ്രവചനകാരികയില് (5. 103)
വര്‍ണിക്കുന്നുണ്ട്. തള്ളവിരലിന്റെ ആകൃതിയും വലുപ്പവുമുള്ള ഇത് ഒരു മുറിയില്‍ സ്വന്തം പ്രഭ വഴി നിറഞ്ഞുനില്ക്കുന്ന ദീപം കണക്കേ ശരീരം ആസകലം നിറഞ്ഞു നില്ക്കുന്നു (യഥാ ദീപസ്യ സര്വഗൃഹവ്യാപിത്വേപി കലികാകാരത്വം….. തഥൈവ ലിംഗദേഹസ്യ ദേഹവ്യാപിത്വേപ്യംഗുഷ്ഠപരിമാണത്വം (സാംഖ്യപ്രവചനഭാഷ്യം 5. 103).
പ്രതികരിക്കാൻ ഇവിടെ എഴുതുക: