രാജാ രവിവര്‍മ്മ പുരസ്കാരം നല്കാന് പറ്റിയ ഇനമാണ് എം.എഫ്. ഹുസൈനെന്ന് കണ്ടെത്തിയത് എം.എ. ബേബി സാംസ്കാരിക വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ്. ബേബിയെ ആ കടുംകൈക്ക് പ്രേരിപ്പിച്ചത് ഹുസൈന് സരസ്വതീ ദേവിയെ നഗ്നയാക്കി വരച്ചതായിരുന്നു. ഹുസൈന് തന്നെ എത്രയോ ചിത്രങ്ങള്‍ വേറെയും വരച്ചിരിക്കുന്നു. ബേബിക്ക് പക്ഷേ കക്ഷിയെ അവാര്‍ഡിതനാക്കണമെന്ന്, അതും രാജാ രവിവര്‍മ്മയുടെ പേരില്‍ത്തന്നെ അവാര്‍ഡിതനാക്കണമെന്ന് തോന്നിയത് സരസ്വതീ ദേവിയെ അങ്ങനെ വരച്ചപ്പോള്‍ മാത്രമാണ്.
അത് ബേബിയുടെ മാത്രം മനോവൈകൃതമല്ലെന്ന് തെളിയിക്കുന്നതാണ് ഗുരുവായൂര്‍ ദേവസ്വം പൂന്താനം ദിനത്തില്‍ ജ്ഞാനപ്പാന പുരസ്കാരം നല്കാന് മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേശകനെത്തന്നെ തെരഞ്ഞെടുത്തത്. അതിനപ്പുറമുള്ള വലിയ യോഗ്യതയായി ഗുരുവായൂരിലെ ബാര്‍ മുതലാളി കം ദേവസ്വം മുതലാളിക്ക് കണ്ടെത്താനായത് മാധ്യമോപദേഷ്ടാവ് ഭഗവാന് ശ്രീകൃഷ്ണനെ ‘പാപ വിമുക്തനാക്കാന്‍’ നടത്തുന്ന പരിശ്രമങ്ങളാണ്. അതിനെ മാനിക്കാതിരുന്നാല്‍ ദേവസ്വം പ്രസിഡന്റ് മോഹന്‍ദാസ്, പിണറായിയുടെ ദാസനായിരിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.
ഇത് കേരളമാണ് എന്ന താക്കീതിന്റെ അര്‍ത്ഥമറിയാത്തവരാണ് ജ്ഞാനപ്പാന പുരസ്കാരത്തെച്ചൊല്ലി ബേജാറാവുന്നത്. കേരളം ഇങ്ങനെയാണെന്ന് അത്തരക്കാര്‍ ഇനിയെങ്കിലും അറിയണം. ശ്രീകൃഷ്ണനെപ്പോലെ വര്‍ഗീയവാദിയായ ഒരു ഈശ്വരന് വേറെയില്ലാത്തതുകൊണ്ടാണല്ലോ ആര്‍എസ്എസും ബാലഗോകുലവുമൊക്കെ അദ്ദേഹത്തിന്റെ ജന്മദിനം മാത്രം കൊണ്ടാടുന്നത് എന്നതാണ് ‘മതേതര പുരോഗമന ജനാധിപത്യ’ കേരളത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടാണ് ശ്രീകൃഷ്ണന് എന്ന മതവര്‍ഗീയ വിപത്തിന്റെ പിടിയില്‍ നിന്ന് കുതറി ശുദ്ധമതേതരത്വത്തിന്റെ കറുത്ത പര്‍ദ്ദയ്ക്കുള്ളിലേക്ക് കുടിയേറിയ കമല സുരയ്യയ്ക്ക് അപ്പോള്‍ത്തന്നെ എഴുത്തച്ഛന് പുരസ്കാരം കൊടുത്ത് ആദരിച്ചു കളഞ്ഞത്. പിണറായിയുടെ ഉപദേശകന് ജ്ഞാനപ്പാനപുരസ്കാരം കൊടുത്തതിന്റെ പേരില്‍ സാംസ്കാരിക കേരളം വല്ലാണ്ടങ്ങ് കലിപ്പിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് സാരം.
രാമനെയും കൃഷ്ണനെയും മുതല്‍ സകല ഹിന്ദു ദേവീദേവന്മാരെയും വിമര്‍ശിച്ചും പരിഹസിച്ചും കലയെന്നും കവിതയെന്നും കഥയെന്നുമൊക്കെയുള്ള പേരില്‍ ഒരുപാട് ഐറ്റങ്ങള്‍ ഇറങ്ങിയ നാടാണ് കേരളം. തുല്യനിന്ദാ സ്തുതിര്‍ മൗനികള്‍ക്ക് അതുകൊണ്ട് എന്തുണ്ടാവാനാണ്. കുട്ടിക്കൃഷ്ണമാരാരുടെ ഭാരതപര്യടനം മുതല്‍ എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം വരെയുള്ള കൃതികളില്‍ ശ്രീകൃഷ്ണനെ വിചാരണ ചെയ്തിട്ടുണ്ട്. ശ്രീരാമനെ ചെളിവാരിയെറിയുന്നത് പുരോഗമന വാദികളുടെ ഒരു ശീലമാണ്. ഇതൊന്നും കൊണ്ട് പക്ഷേ ഹിന്ദുസംസ്കൃതിയോ ദര്‍ശനമോ തകര്‍ന്നിട്ടില്ല. ‘വിമൃശൈ്യതദശേഷേണ യഥേച്ഛസി തഥാകുരു’ എന്ന മഹാസ്വാതന്ത്ര്യത്തിന്റെ വിശ്വകാഹളം മുഴങ്ങിയ നാടാണിത്. അല്ലെങ്കില്‍ത്തന്നെ ഇങ്ങോട്ടെന്ന പോലെ അങ്ങോട്ടുമെന്ന് ഭഗവാന് കൃഷ്ണന് തന്നെ പണ്ടേ വ്യക്തമാക്കിയിട്ടുമുണ്ട്. ശിശുപാലന് മുതല്‍ പൗണ്ഡ്രകന് വരെയുള്ള അഹമ്മതിയുടെ എല്ലാ ആള് രൂപങ്ങള്‍ക്കും അത് ഭഗവാന് മനസ്സിലാക്കിക്കൊടുത്തിട്ടുമുണ്ട്. സംഗതി പുത്തരിയല്ലെന്ന് സാരം.
പ്രശ്നം ഭക്തോത്തംസനായ പൂന്താനത്തിന്റെ പേരിലുള്ള പുരസ്കാരംപിണറായിയുടെ ഒരു ചൂണ്ടക്കൊളുത്തിന് കൈമാറാമെന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ ധാര്‍ഷ്ട്യമാണ്. പ്രഭാവര്‍മ്മയ്ക്ക് പുരസ്കാരം നല്‍കിയത് കവിയായതുകൊണ്ടല്ലെന്ന് ആദ്യമറിയേണ്ടത് അദ്ദേഹം തന്നെയാണ്. അതൊരു പ്രതിഫലമാണ്…കോലകങ്ങളില്‍ സേവകനായിട്ട് കോലം കെട്ട് നടക്കുന്നതിനുള്ള പ്രതിഫലം.
കവി കം ഇവന്റ് മാനേജരായ ഒരു മുതിര്‍ന്ന എഴുത്തുകാരന് ഒപ്പമുണ്ടായിരുന്നവരെ ഇടയ്ക്ക് ഭീഷണിപ്പെടുത്തിയിരുന്നത് ‘പ്രഭാവര്‍മ്മ വിളിക്കുന്നു, പ്രഭാവര്‍മ്മ വിളിക്കുന്നു’ എന്ന് പറഞ്ഞായിരുന്നു. ആ വിളി കേട്ടാല്‍ തനിക്ക് കിട്ടാന്‍ ഇടം വേറെയുണ്ടെന്നും ഇനാം അതിലേറെയുണ്ടെന്നുമാണ് സാരം. കരുതിയിരുന്നില്ലെങ്കില്‍ ആ വിളി കേട്ട് താനങ്ങ്
പോയ്ക്കളയുമെന്നായിരുന്നു ഭീഷണിയുടെ പൊരുള്‍. എഴുത്തുകാര്‍ക്കും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുമിടയില്‍ കയ്യിലിരുപ്പ് കൊണ്ട് വെറുക്കപ്പെട്ട് ശൂന്യമായിപ്പോയ ഇടതുപാളയത്തിലേക്ക് ആളെക്കൂട്ടാനുള്ള ചൂണ്ടക്കൊളുത്തിന്, എടുക്കുന്ന ജോലിക്ക് കിട്ടുന്ന കൂലിയെന്ന രീതിയില്‍ നല്കുന്ന ഒന്നിനെച്ചൊല്ലി ആരെങ്കിലും ഖിന്നതപ്പെട്ടാല്‍ അവര്‍ക്കാണ് പ്രശ്നം.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ അമരത്തിരിക്കാന്‍ പിണറായി വിജയന്റെ ദാസന് ആവാമെങ്കില്‍ അവിടിരുന്നുകൊണ്ട് പൂന്താനത്തെ അപമാനിക്കാനും അയാള്‍ക്ക് അവകാശമുണ്ടെന്ന് മനസ്സിലാക്കാതിരിക്കുന്നതാണ് തെറ്റ്. ഗുരുവായൂരിലെ പാര്‍ത്ഥസാരഥീക്ഷേത്രം രാത്രിക്ക് രാത്രി പോലീസേമാന്മാര് കയ്യേറിയിട്ട് ഇന്നേവരെ എഴുന്നേറ്റ് നിന്നൊന്ന് മുഷ്ടി ചുരുട്ടാത്തവര്‍ക്ക് ഇപ്പോള്‍ പ്രതിഷേധിക്കാനും അവകാശമില്ല. ഗുരുവായൂര്‍ നടയില്‍ ഭജനമിരുന്ന പാവങ്ങളെ ക്രിസ്ത്യന്‍ അഗതി മന്ദിരങ്ങള്‍ക്ക് പിടിച്ചുകൊടുത്തപ്പോള്‍ ഒന്നുരിയാടാത്തവര്‍ക്ക് ഇപ്പോള്‍ കോപിക്കാനും അവകാശമില്ല.
പൂന്താനം ജനിച്ചിട്ടേയില്ലെന്ന് സത്യവാങ്മൂലം നല്കിയ പഴയ ഒരു സാംസ്കാരിക മന്ത്രിയുണ്ട് ഇപ്പോഴും പിണറായിയുടെ മന്ത്രിസഭയില്‍. ആളും പ്രഭാവര്‍മ്മയെ പോലെ ഒരു മഹാകവിയാണ്. അവാര്‍ഡ് അദ്ദേഹത്തിന് നല്‍കാത്തതില്‍ ആശ്വസിക്കുക.
മനസ്സില്‍ വിജയേട്ടന് മാത്രം കളിയാടുമ്പോള് ചിലതൊക്കെ വേണ്ടെന്ന് തോന്നുക സ്വാഭാവികമാണ്. എങ്കിലും അവാര്‍ഡ് കൊടുക്കുന്നവരും വാങ്ങാന്‍ പോകുന്നവരും കുറഞ്ഞത് ജ്ഞാനപ്പാനയെങ്കിലും ഒന്ന് വായിച്ചുനോക്കുന്നത് നല്ലതാണ്, അതിലുണ്ട് കാര്യങ്ങള്‍…..
”വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗര്‍ദ്ദഭം.
കൃഷ്ണ കൃഷ്ണ! നിരൂപിച്ചു കാണുമ്പോള്‍
തൃഷ്ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും.”
9495544672
പ്രതികരിക്കാൻ ഇവിടെ എഴുതുക: