ശ്രീരാമകൃഷ്ണ-വിവേകാനന്ദ സമാഗമത്തില്‍ പല അപൂര്‍വതകളും അദ്ഭുതങ്ങളും നിറഞ്ഞിരിക്കുന്നു. ഈ വിധത്തിലുള്ള മറ്റൊരു കൂടിച്ചേരല്‍ ചരിത്രമാകെ പരതിയാലും കണ്ടുകിട്ടില്ലെന്ന് വരാം. ഈശ്വരനെ കണ്ടിട്ടുണ്ടോ എന്ന അന്വേഷണവുമായി നരേന്ദ്രന് വളരെക്കാലം അലഞ്ഞതിന് ശേഷമാണ് ദക്ഷിണേശ്വരത്ത് എത്തിച്ചേരുന്നത്. പ്രകടത്തില്‍ അവര്‍ ഇരുവരും അപരിചിതര്‍ മാത്രമാണ്. എന്നാല്‍ കൂടിക്കാഴ്ചാ സമയത്ത് രാമകൃഷ്ണ ദേവന് നരേന്ദ്രനെ സ്വീകരിച്ചത് ഒരു ചിരപരിചിതനെപ്പോലെയാണ്. അന്വേഷി തികച്ചും അപരിചിതനും. ഗുരുവിന്റെ ചിരപരിചിതത്വം ആത്മബോധത്തിലേക്കുയര്‍ന്ന ഒരു ആചാര്യനില്‍ കാണാവുന്ന കേവലതയ്ക്കപ്പുറമുള്ള ജ്ഞാന ചക്ഷുസ്സുള്ളത് കൊണ്ടാണ്. നരേന്ദ്രനാകട്ടെ അന്ന് ആത്മബോധത്തിലേക്കുയര്‍ന്നിട്ടുമില്ല. നവീന വിദ്യാഭ്യാസം അടിച്ചേല്‍പ്പിച്ച എല്ലാ കലുഷതകളും യുക്തിബോധവും നരേന്ദ്രനിലുണ്ടായിരുന്നു. എന്തിനേയും പരീക്ഷിച്ചറിയാനുള്ള കര്‍ക്കശതയും ആ യുവാവില്‍ അന്തര്‍ലീനമായിരുന്നു. കേവലമായ അറിവല്ല ആത്മബോധം. ആത്മബോധം നേടിയവനില്‍ കറയറ്റ സ്നേഹവായ്പും ശിശു സഹജമായ നിഷ്കളങ്കതയും പ്രകടമാണ്. അതുകൊണ്ടാണല്ലോ ശ്രീരാമകൃഷ്ണ ദേവന് നരേന്ദ്രനെ കണ്ട മാത്രയില്‍ തന്നെ മധുര പലഹാരം തീറ്റിക്കുകയും തലോടുകയും ചെയ്യുന്നത്. എന്റെ ഒപ്പം വന്ന കൂട്ടുകാര്‍ പുറത്തുണ്ടെന്നും അവര്‍ക്കും കൊടുക്കണമെന്നും പറയുമ്പോള്‍ ‘നീയ് ഇത് കഴിക്ക്. അവര്‍ക്ക് പിന്നെ കൊടുക്കാം’ എന്ന സ്വരത്തില്‍ വാത്സല്യ നിധിയായ അമ്മ തന്റെ ശിശുവിന് കൊടുക്കുന്ന മാതിരി നിരുപാധികവും ഉറവ വറ്റാത്തതുമായ സ്നേഹമാണ് ഊട്ടുന്നത്. ഈ വൈകാരിക ഭാവത്തില്‍ ആത്മബോധമുള്ള ഗുരു തന്റെ യഥാര്‍ത്ഥ ശിഷ്യനെ കണ്ടെത്തിയതില്‍ നിര്‍വൃതികൊള്ളുന്നു.
ലോകത്തിലെ ഏറ്റവും വലിയ തത്വമന്വേഷിച്ചുകൊണ്ടാണ് ശിഷ്യന് ഗുരുവിന്റെ അടുത്തെത്തുന്നത്. ചിരനാളായി കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മയുടെ കാത്തിരിപ്പും ഉത്കണ്ഠയും നരേന്ദ്രനെ കണ്ട മാത്രയില്‍ ഗുരുവിനുണ്ടാകുന്നു. ഈ മനുഷ്യന് ഭ്രാന്തുണ്ടോ എന്ന നരേന്ദ്രന്റെ സംശയങ്ങളെ അസ്ഥാനത്താക്കിക്കൊണ്ട് ”നീ വരില്ലേ… വരണം ഞാന്‍ കാത്തിരിക്കും” എന്ന ഗുരുഭാവത്തിന്റെ അസ്വാഭാവികത ദര്‍ശിച്ചെങ്കിലും എതിര്‍ക്കാന്‍ കഴിയാത്തവിധം ഈ ഭ്രാന്തനില്‍എന്തോ വൈശിഷ്ട്യം നരേന്ദ്രന് ദര്‍ശിക്കുന്നു. ഗുരുദേവന്റെ പരിധിയില്ലാത്ത സ്നേഹമാണ് ശിഷ്യന് ദര്‍ശിച്ചത്.
എല്ലാ ശിഷ്യന്മാരോടും ശ്രീരാമകൃഷ്ണദേവന് ഇത് കാണിച്ചിട്ടുണ്ട്. ലാട്ടുവിനെ (അത്ഭുതാനന്ദ സ്വാമി) പഠിപ്പിക്കാന്‍ ശ്രീരാമകൃഷ്ണന് വളരെ പരിശ്രമിക്കുന്നുണ്ട്. പരാജയപ്പെട്ടപ്പോള്‍ എല്ലാ ഗുണങ്ങളും ഇവന്റെ ഉള്ളില്‍ വിളങ്ങുമെന്ന് അനുഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ പിന്നീട് ചിലത് വായിച്ച് കേള്‍ക്കുമ്പോള്‍ ലാട്ടുവിന്റെ കണ്ണില്‍ വെള്ളം നിറയുന്നത്. സ്നേഹനിധിയായ അമ്മ എല്ലാ മക്കള്‍ക്കും ഭക്ഷണം ഒരുപോലെ വിളമ്പുന്നു. അത് നരേന്ദ്രനും ലാട്ടുവിനുമെല്ലാം.
നരേന്ദ്രന്റെ അസ്വസ്ഥതയുണ്ടാക്കുന്ന, യുക്തി ശരങ്ങള്‍ക്ക് സമാനമായ ചോദ്യങ്ങള്‍ കേട്ട് ഗുരുദേവന് അസഹിഷ്ണുവാകുന്നില്ല. തന്റെ ശിഷ്യന്റെ സ്വതന്ത്രവീക്ഷണത്തിന് കടിഞ്ഞാണിടുകയോ ബന്ധിക്കുകയോ ചെയ്യുന്നില്ലായെന്നതാണ് ഈ സമാഗമത്തിലെ മറ്റൊരു അപൂര്‍വത. വിനീതനായ ഒരു ശിഷ്യനെപ്പോലെ ഗുരു പറയുന്നതെന്തും തലയാട്ടി സമ്മതിക്കുന്ന നരേന്ദ്രനെ നാം കാണുന്നില്ല. ഇത്തരം അസ്വാഭാവികതകളും അപൂര്‍വ്വതകളും ഉള്ളതുകൊണ്ടാണ് ശ്രീരാമകൃഷ്ണ ദേവന് നരേന്ദ്രനെ ജയിച്ചപ്പോള്‍ പാശ്ചാത്യഭൗതികലോകത്തെ നരേന്ദ്രന് ജയിച്ചത്.
പാശ്ചാത്യലോകത്തിന് അടിവേരുകളില്ലെന്ന് കണ്ടത് കൊണ്ടാണ് വില്യം ഹേസ്റ്റി ആത്മതത്വത്തിനാധാരമായ ഗുരുവിനെ ദര്‍ശിക്കണമെങ്കില്‍ ദക്ഷിണേശ്വരത്തേക്ക് പോകാന്‍ നരേന്ദ്രനോട് നിര്‍ദ്ദേശിച്ചത്. നമ്മുടെ നാട്ടിലെ എല്ലാ പണ്ഡിതന്മാര്ക്കും സമമാണ് വിവേകാനന്ദനെന്ന പ്രതിഭയെന്ന് അഭിപ്രായപ്പെട്ടതും റൈറ്റെന്ന ആംഗലേയ പണ്ഡിതനാണ്. മൂവായിരം കൊല്ലത്തെ ഭാരതത്തിന്റെ ആത്മീയ ജീവിതത്തിന്റെ ആകെ തുകയാണ് ശ്രീരാമകൃഷ്ണ ദേവനെന്ന് റൊമൈന്‍ റോളണ്ട് അഭിപ്രായപ്പെട്ടതും പാശ്ചാത്യ ദേശത്തെ ശൂന്യതയേയും ഭാരതീയ ഗുരു പരമ്പരയുടെ ആത്മബലത്തേയും പ്രകടമാക്കുന്നു.
നിരങ്കുശനും ധീരനുമായ ഒരു യുവാവ് ദക്ഷിണേശ്വരത്തെ ദിവ്യജ്യോതിസ്സാല്‍ സ്വയം ആകൃഷ്ടനായി. പരപ്രേരണയാലോ വ്യാമോഹങ്ങളുടെ നീര്‍ച്ചുഴിയില്‍ കറങ്ങി തിരിഞ്ഞോ ചെന്നെത്തിയില്ല. കാലം കാത്തിരുന്ന സുകൃത മുഹൂര്‍ത്തത്തില്‍ തന്നെയാണ് ആ സമാഗമം സാധ്യമായത്; ശ്രീരാമകൃഷ്ണ വിവേകാനന്ദ സമന്വയം… ശ്രീരാമകൃഷ്ണ ദേവന് കടല്‍ താണ്ടി എങ്ങും പോയില്ല. സഭാതലങ്ങളില്‍ പ്രസംഗിച്ച് ആരെയും കോരിത്തരിപ്പിച്ചില്ല. സംവാദ വേദികളില്‍ ആ ശബ്ദം മുഴങ്ങിയില്ല. സംന്യാസി സംഘം സ്ഥാപിച്ചില്ല. ഭാരതനാടിന്റെ ആത്മസത്തയെ ഉണര്‍ത്താന്‍ ഒരിടത്തും ഓടി നടന്നില്ല. എന്നാല്‍ അതെല്ലാം അദ്ദേഹം ചെയ്തുവെന്നതാണ് അത്ഭുതം.
ചിക്കാഗോ മതമഹാസമ്മേളന വേദിയില്‍ തന്റെ അരുമ ശിഷ്യനിലൂടെ മുഴങ്ങിയത് വന്ദ്യഗുരുവിന്റെ ശബ്ദം തന്നെയാണ്. അമേരിക്കന്‍ തെരുവീഥികളില്‍ അദ്ദേഹത്തിന്റെ പാദങ്ങള്‍ പതിഞ്ഞു. ആര്‍ഷഭാരതത്തെ, ആംഗലേയ ഭൂമിയോടടുപ്പിച്ചു. ശ്രീരാമകൃഷ്ണ മിഷന് ജനിച്ചതും സംന്യാസി മഠങ്ങള്‍ ആവിര്‍ഭവിച്ചതും ശ്രീരാമകൃഷ്ണന്റെ അനുഗ്രഹസിദ്ധിയിലൂടെ തന്നെ. ഗുരുത്വമെന്തെന്നറിയുന്നവര്‍ക്കേ അത് മനസ്സിലാകൂ.
ചിക്കാഗോ പ്രസംഗവേദിയില്‍ താനെന്ത് പറയുമെന്നറിയാതെ വിവേകാനന്ദ സ്വാമികള്‍ എഴുന്നേറ്റ് നിന്നു. ഒരു നിമിഷം പതറി പോയത്രെ. നിറഞ്ഞു കവിഞ്ഞ ആ സദസ്സിന്റെ എതിര്‍വശത്ത് താന്‍ തന്റെ ഗുരുവിനെ സമൂര്‍ത്തമായി ദര്‍ശിച്ചുവെന്ന് സ്വാമിജി ഒരിക്കല്‍ അനുസ്മരിക്കുകയുണ്ടായി. ഹിമാലയമുണ്ടെങ്കില്‍ ഗംഗാപ്രവാഹവും ഉണ്ടാകണമല്ലോ? അവിടെ പ്രസംഗിച്ചത്നരനല്ല; സാക്ഷാല്‍ നാരായണന് തന്നെയാണ്.
ഭാരതത്തില്‍ രണ്ട് ദായക്രമങ്ങളെക്കുറിച്ച്പറയാറുണ്ട്. പുത്രദായവും ശിഷ്യദായവും. ഭാരതം പുത്രദായത്തെക്കാള്‍ ശിഷ്യദായത്തിന്പരിശുദ്ധി കല്‍പ്പിച്ചിരിക്കുന്നു. ആഴിയില്‍ ചെന്ന്ചേര്‍ന്ന പുഴ മടങ്ങിവരുന്നില്ല. അതുപോലെ ഗുരുവിന്റെ ആത്മബോധത്തില്‍ ശിഷ്യന് ലയിച്ച് ചേര്‍ന്നാല്‍ പിന്നെ ഗുരുവും ശിഷ്യനും ചേര്‍ന്ന് ഒരു അദ്ഭുത ശക്തി കേന്ദ്രമായി മാറും. രാമനെക്കൊണ്ട് വസിഷ്ഠനും, ശുകനെ കൊണ്ട് വേദവ്യാസനും ലവകുശന്മാരെക്കൊണ്ട് വാത്മീകിയും, ശങ്കരാചാര്യരെക്കൊണ്ട് ഗോവിന്ദ ഗൗഡപാദരുമെന്നപോലെ വിവേകാനന്ദനെ കൊണ്ട് ശ്രീരാമകൃഷ്ണ ദേവനും വിഖ്യാതനായി. ഉത്തമ ഗുരു ശിഷ്യന്മാരുടെ ഹൃദയ സംവാദം ശുദ്ധ സ്ഫടിക നിര്‍മ്മലമായിരിക്കും.
തന്റെ ഗുരുവിനെക്കുറിച്ച് പല വേദികളില്‍ പറയണമെന്ന് വിചാരിച്ചിട്ടും പറയാന്‍ സ്വാമിജിയ്ക്കു കഴിയുന്നില്ല. കാരണം ഭൗതിക പ്രമത്തതയില്‍; ഭോഗലാലസതയില്‍ കഴിഞ്ഞ് കൂടുന്ന ഇക്കൂട്ടരോട് തന്റെ ആചാര്യനെക്കുറിച്ച് എങ്ങനെ പറയും എന്നോര്‍ത്ത് പല ഘട്ടത്തിലും സ്വാമിജി അസ്വസ്ഥനാകുന്നു. നീ എന്നെ എവിടെ ചുമന്നുകൊണ്ട് പോകുന്നുവോ അവിടെ ഞാനുണ്ടാകുമെന്ന് ഗുരുദേവന്റെ വാക്കുകളാണ് ശരിക്കും സ്വാമിജിയെ വിഖ്യാതനാക്കിയത്. ഒരു ശിഷ്യന് ഇതിനെക്കാള്‍ ചാരിതാര്‍ഥ്യം എന്തുണ്ടാകാനാണ്? സമസ്ത വിദേശികള്‍ക്കും സ്വാമിജി സ്വന്തമാണെന്ന ബോധമുണ്ടാക്കാന്‍ നിമിത്തം ആത്മബോധമുള്ള ഒരു ഗുരുവിന്റെ അനുഗ്രഹത്താലാണ്. രത്നവ്യാപാരിക്ക് തന്റെ രത്നത്തിന്റെ മൂല്യത്തെക്കുറിച്ച് ഉത്തമബോധ്യമുള്ളത് പോലെ ശ്രീരാമകൃഷ്ണ ദേവന് തന്റെ ശിഷ്യന്റെ ഉള്ളറിയാന്‍ കഴിഞ്ഞു. കാഴ്ചക്കാരോരുത്തരും രത്നത്തിന് പല വില കാണുമ്പോള്‍ യഥാര്‍ത്ഥ ഉടമയ്ക്ക് മാത്രമേ യുക്തമായ വില കണ്ടെത്താനാകൂ… നരേന്ദ്രന്റെ വീടിന്റെ ദാരിദ്ര്യം കേട്ടറിഞ്ഞ്; ‘നിനക്ക് വേണ്ടി വീടുകള്‍ തോറും തെണ്ടി നടക്കാന്‍ ഞാന്‍ തയ്യാറാണെന്ന് ഗുരുവിന്റെ വാക്കുകള്‍ മുക്തനുവേണ്ടി ഞാന്‍ എന്തും ചെയ്യുമെന്ന ഗീതാകാരന്റെ തത്വത്തെ അനുസ്മരിപ്പിക്കുന്നു.
അമ്മയ്ക്ക് തന്റെ കുഞ്ഞിനുവേണ്ടി സ്തന്യംപകരാനുള്ള വ്യഗ്രതപോലെ ഉത്തമശിഷ്യന് വിദ്യ പകരാന്‍ കൊതിച്ച ഒരു ഗുരുവിനെ ശ്രീരാമകൃഷ്ണ ദേവനിലൂടെ നമുക്ക് കണ്ടെത്താം. ഈ വ്യഗ്രത വച്ച് പുലര്‍ത്തുന്ന എത്ര ഗുരുനാഥന്മാരുണ്ട് നമുക്ക്. കൊടുക്കേണ്ട വിദ്യ കൊടുക്കാനുള്ള മനോഭാവം, അത് സമയത്ത് കൊടുക്കാനുള്ള ആഗ്രഹം ഇതൊക്കെ നഷ്ടമാകുന്നു. കൊടുക്കാനൊന്നുമില്ലാത്ത ഗുരു ഒരു ബാധ്യത തന്നെ. ആധുനിക ലോകത്തെ അദ്ഭുതമായി ശ്രീരാമകൃഷ്ണ വിവേകാനന്ദന്മാര് മാറുന്നതും അതുകൊണ്ടുതന്നെ.
96055 25107
പ്രതികരിക്കാൻ ഇവിടെ എഴുതുക: