ശിശുവിന്റെ സ്വഭാവം അതായത് മനോനില പൂര്‍വജന്മത്തെ ആശ്രയിച്ചായിരിക്കും. കഴിഞ്ഞജന്മത്തില് ദേവനായിരുന്നെങ്കില് കുട്ടിയുടെ മനസ്സ് ശുദ്ധവും ഊര്‍ജ്ജസ്വലവും ആകും. കഴിഞ്ഞത് മൃഗജന്മം ആയിരുന്നെങ്കില്‍ ഈ ജന്മത്തില്മലിനവും ആലസ്യം നിറഞ്ഞതും ആകും (തേഷാം വിശേഷാല്‍ ബലവന്തി യാനി. ഭവന്തി മാതാപിതൃകര്മ്മജാനി. താനി വ്യവസ്യേദ്സദൃശസ്യ ലിംഗം. സത്വം യഥാനൂകമപി വ്യവസ്യേല്‍. ചരകസംഹിത 4. 2. 27. അനൂകം പ്രാക്തനാവ്യവഹിതദേഹജാതിസ്തേനയഥാനൂകം ഇതി യോ ദേവശരീരാദ് അവ്യവധാനേനാഗത്യഭവതി സ ദേവസത്വോ ഭവതി….ചക്രപാണി 4. 2. 2327). ഒരു വ്യക്തി മരിക്കുമ്പോള്‍ അയാളുടെ ആത്മാവ് വായു, അഗ്നി, ജലം, ഭൂമി എന്നിവയുടെ സൂക്ഷ്മകണങ്ങളും മനസ്സും ചേര്‍ന്ന സുക്ഷ്മശരീരത്തോടുകൂടി കര്‍മ്മഫലം അനുസരിച്ചു മറ്റൊരു ദമ്പതികളുടെ ശുക്ലാര്ത്തവങ്ങളുമായി അദൃശ്യമായി ചേര്‍ന്ന് മറ്റൊരു ഭ്രൂണമായി പരിണമിക്കുന്നു (ഭൂതൈശ്ചതുര്ഭിസ്സഹിതാ സുസൂക്ഷ്മൈര് മനോജവോ ദേഹമുപൈതി ദേഹാല്‍. കര്മ്മാത്മകത്വാന്നതു തസ്യ ദൃശ്യാം ദിവ്യം വിനാദര്ശനമസ്തി രൂപം ചരകസംഹിതാ 4. 2. 3). ശരീര നിര്മ്മിതിക്ക്ശുക്ലാര്ത്തവമേളനമാണു കാരണമെങ്കിലും, മരിച്ച ഒരു വ്യക്തിയുടെ ദേഹത്തില്‍ നിന്നും അയാളുടെ സൂക്ഷ്മശരീരം വേര്‍പെട്ട് മറ്റൊരു ഗര്ഭപാത്രത്തിലുള്ളശുക്ലാര്ത്തവങ്ങളുമായി ബന്ധപ്പെടുമ്പൊഴേ ആ ശുക്ളാര്ത്തവമേളനത്തിന് ശരീരോത്പാദനശേഷി കൈവരുന്നുള്ളൂ (യദ്യപി ശുക്രരജസീ കാരണേ തഥാപിയദൈവാതിവാഹികം സൂക്ഷ്മഭൂതരൂപശരീരം പ്രാപ്നുതഃ തദൈവ തേ ശരീരം ജനയതഃ നാന്യദാ ചക്രപാണി 4. 2. 36) എന്നതാണ് ചരകാചാര്യന്റെ നിലപാട്. ഈ വിഷയത്തില്‍ സുശ്രുതന് പറയുന്നത് ഇപ്രകാരമാണ് അതിസൂക്ഷ്മങ്ങളും നിത്യങ്ങളുമായ ബോധതത്വങ്ങള് ശുക്ളാര്ത്തവമേളനസമയത്തു തന്നെ പ്രകടമാകുന്നു (പരമസൂക്ഷ്മാശ്ചേതനാവന്താഃ ശാശ്വതാ: ലോഹിതരേതസഃസന്നി പാതേഷ്വഭിവ്യജ്യന്തേ സുശ്രുതസംഹിത 3. 1. 16). ദാസ്ഗുപ്തയുടെഅഭിപ്രായത്തില് സുശ്രുതന്റെ ഈ നിലപാടു പിന്നീട് ചരകന്റെ നിലപാടുമായിയോജിക്കത്തക്കവിധത്തില് പരിഷ്കരിക്കപ്പെട്ടു. സുശ്രുതസംഹിതയില്‍ പിന്നീടു (3. 3. 4) പറയുന്നത് ആത്മാവ് തന്റെ സൂക്ഷ്മഭൂതശരീരസഹിതം ശുക്ലാര്ത്തവമിശ്രിതവുമായി ബന്ധപ്പെടുന്നു എന്നാണ്.
സൂക്ഷ്മഭൂതശരീരത്തോടു കൂടിയ ഈ ആത്മാവിനെ ഭൂതാത്മാവ് എന്നാണ് സുശ്രുതന് വിളിക്കുന്നത്. സുശ്രുതസംഹിതയില്‍ത്തന്നെ മറ്റൊരിടത്ത് (3. 4. 3) വേറൊരു തരത്തിലുള്ള പ്രസ്താവന കാണാം അഗ്നി, സോമന്, സത്വം, രജസ്സ്, തമസ്സ്, പഞ്ചേന്ദ്രിയങ്ങള്‍, ഭൂതാത്മാവ് എന്നിവയാണ് വളരുന്ന ഭ്രൂണത്തിന്റെ ഘടകങ്ങള്‍ എന്നാണ് അവിടെ പറയുന്നത്. ഇവയെ പൊതുവില്‍ പ്രാണന്മാര് എന്നും പറയുന്നതായി ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു. ഈ ഭൂതാത്മാവിന് കര്മ്മപുരുഷന് എന്ന സംജ്ഞയും സുശ്രുതന് നല്കിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: