കേപ്ടൗണ്‍: മുംബൈ അധോലോക കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. രവിപൂജാരിയുടെ ജാമ്യാപേക്ഷ സെനഗല്‍ സുപ്രീംകോടതി തളളിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെയാണ് രവി പൂജാരിയെ പിടികൂടിയത്.
ഇതിനുമുമ്പ് സെനഗലില്‍ വെച്ച് പിടിയിലായെങ്കിലും ജാമ്യത്തില്‍ ഇറങ്ങിയശേഷം രവി പൂജാരി ദക്ഷിണാഫ്രിക്കയിലേക്ക് മുങ്ങുകയായിരുന്നു. കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. അറസ്റ്റിലായ രവി പൂജാരിയെ പിന്നീട് സെനഗലില്‍ എത്തിച്ചു. ദക്ഷിണാഫ്രിക്കന്‍ ഏജന്‍സികളും രവി പൂജാരിയെ പിടികൂടാനുള്ള ഓപ്പറേഷനില്‍ പങ്കെടുത്തിരുന്നു. ബുര്‍ക്കിനഫാസോ പാസ്പോര്‍ട്ട് ഉപയോഗിച്ച് ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജ പേരിലാണ് രവി പൂജാരി ആഫ്രിക്കയില്‍ കഴിഞ്ഞിരുന്നത്.
അതേസമയം രവി പൂജാരിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കര്‍ണാടക പോലീസ് സംഘവും, റോയുടെ ഉദ്യോഗസ്ഥരും സെനഗലില്‍ എത്തി. ഇന്നോ അല്ലെങ്കില്‍ തിങ്കളാഴ്ചയോ പൂജാരിയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്ര ആഭ്യന്തര വകുപ്പ് സെനഗലുമായി ബന്ധപ്പെട്ടിരുന്നു. കേന്ദ്രവും കര്‍ണ്ണാടകയും സംയുക്തമായാണ് ഇതിനായി മേല്‍നോട്ടം വഹിക്കുന്നത്.
ഇന്ത്യയില്‍ തിരിച്ചെത്തിച്ചശേഷം രവി പൂജാരിയെ മംഗളൂരുവിലേക്ക് കൊണ്ടുപോകാനാണ് സാധ്യത. കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ് ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളിലായി രവി പൂജാരിക്കെതിരെ 200 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇയാളെ ഇന്ത്യക്ക് വിട്ടുകിട്ടുന്നതോടെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കേരള പോലീസ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: