ന്യൂദല്‍ഹി: ചൈനയ്ക്ക് പുറത്ത് മറ്റു രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. സിംഗപ്പൂര്‍ യാത്ര പരമാവധി ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരെ വിമാനത്താവളങ്ങളില്‍ കര്‍ശനമായി പരിശോധിക്കും.
വൈറസ് ബാധ ചെറുക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും കൈക്കൊണ്ട മുന്നൊരുക്കങ്ങള്‍, നിലവിലെ സ്ഥിതിഗതികള്‍ എന്നിവ വിലയിരുത്താന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിനു ശേഷമാണ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. നിലവില്‍ ചൈന, ഹോങ്കോങ്, തായ്ലന്ഡ്, സിംഗപ്പൂര്‍, ജപ്പാന് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്.
ഇതുവരെ 21,805 യാത്രക്കാരെ ഇന്ത്യയില്‍ നിരീക്ഷണത്തിലാക്കി. 3,97,152 വിമാനയാത്രികരെയും 9695 കപ്പല്‍ യാത്രികരെയും പരിശോധനയ്ക്കും വിധേയമാക്കി. ചൈനയില്‍ മാത്രം മരണം 2345 ആയി. എഴുപതിനായിരത്തില്‍പ്പരം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനിലും ഇറ്റലിയിലും ഓരോ മരണം വീതം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ കൊറിയയില്‍ ഒരു ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ഇരട്ടിച്ച് 433 ആയി.
ഇതിനിടെ, ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ ചൈന അനുവദിക്കുന്നില്ലെന്ന ആരോപണവും ശക്തം. വുഹാനിലേക്ക് മെഡിക്കല്‍ സാമഗ്രികളുമായി വെള്ളിയാഴ്ച തിരിക്കാനിരുന്ന വ്യോമസേനയുടെ സി-17 വിമാനത്തില്‍ നൂറ് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, വിമാനത്തിന് ഇറങ്ങാന്‍ ചൈന അനുമതി നല്‍കിയിട്ടില്ല. അതേസമയം, മനപ്പൂര്‍വം അനുമതി നല്‍കാത്തതല്ലെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: