പുരുഷന്റെ ശുക്ലവും സ്ത്രീയുടെ രക്തവും ഗര്‍ഭപാത്രത്തില്‍ വെച്ച് ചേര്‍ന്നു ഭ്രൂണമായി പരിണമിക്കുന്നതു മുതല്‍ക്കാണല്ലോ. ഈ പ്രക്രിയയുടെവിവിധവശങ്ങളെക്കുറിച്ച് ആയുര്‍വേദവും ഇതരഹിന്ദുദര്‍ശനങ്ങളും സ്വീകരിച്ചിരിക്കുന്ന നിലപാടുകളെ ദാസ്ഗുപ്ത ചര്‍ച്ച ചെയ്യുന്നുണ്ട്. ഗര്‍ഭം എന്നത് ജീവന്റെ അധിഷ്ഠാനവും ആകാശം, വായു, അഗ്‌നി, ജലം, ഭൂമി എന്നീ അഞ്ചു ഭൂതങ്ങളുടെ വികാരഫലവുമാണ് എന്നു ചരകാചാര്യര്‍ പറയുന്നു. ശുകഌ ആകാശമൊഴിച്ചുള്ള നാലു ഭൂതങ്ങള്‍ തുല്യഅളവില്‍ ചേര്‍ന്നതാണ്. ഗര്‍ഭാശയത്തില്‍ പ്രവേശിക്കുന്ന ഈ ശുക്ലം അവിടെവെച്ച് ആകാശവുമായും കൂടിച്ചേരുന്നു. ആകാശം അഥവാ അന്തരിക്ഷം സര്‍വവ്യാപി ആയതിനാല്‍ അതിനു ചലനം ഇല്ല. എങ്ങും നിറഞ്ഞു നില്‍ക്കുന്ന ഒന്നിന് ചലിക്കാന്‍ ഇടമില്ലല്ലോ. ഈ ശുക്ലം ആറു രസങ്ങള്‍ ചേര്‍ന്നതുമാണ്(ഗര്‍ഭസ്തുഖലുഅന്തരിക്ഷവായ്വഗ്‌നിതോയഭൂമിവികാരശ്ചേതനാധിഷ്ഠാനഭൂതഃചരകസംഹിതാ, 4 4 6.വായ്വഗ്‌നിഭൂമിഅബ്ഗുണപാദവത് തത് ഷഡ്‌ഭ്യോ രസേഭ്യഃ പ്രഭവാശ്ച തസ്യ 4.2. 4. ആകാശം തു യദ്യപി ശുക്രേ പാഞ്ചഭൗതികേ അസ്തി തഥാപി ന പുരുഷശരീരം നിര്‍ഗത്യ ഗര്‍ഭാശയം ഗച്ഛതി. കിന്തു ഭൂതചതുഷ്ടയമേവ ക്രിയാവദ്യാതി ആകാശംതു വ്യാപകമേവ തത്രാഗതേന ശുക്രേണ സംബന്ധം ഭവതി (ചക്രപാണി,ആയുര്‍വേദദീപികാ, 4. 2. 4).
സുശ്രുതാചാര്യരുടെ അഭിപ്രായം മറ്റൊരുതരത്തിലാണ്. ശുക്രത്തിന് സോമന്റെയും ആര്‍ത്തവത്തിന് അഗ്‌നിയുടേയും സ്വഭാവമാണുള്ളത്. എന്നാല്‍ ഭൂമി, വായു, ആകാശം (ഈ ക്രമം ദല്‍ഹണന്‍ നല്‍കുന്നതാണ്) എന്നിവയുടെ കണങ്ങളും ഇവയോടു പ്രത്യേകം പ്രത്യേകം ചേരുന്നു. ഇവയെല്ലാം ഒരുമിച്ചു ചേര്‍ന്ന് ഭ്രുണത്തെ ഉല്‍പാദിപ്പിക്കുന്നു(സൗമ്യം ശുക്രം ആര്‍ത്തവമാഗ്‌നേയംഇതരേഷാമപി അത്ര ഭൂതാനാം സാന്നിധ്യം അസ്തി അണുനാ വിശേഷേണ പരസ്പരോപകാരാദ് പരാനുഗ്രഹാദ് പരസ്പരാനുപ്രവേശാച്ച സുശ്രുതസംഹിതാ, 3.3. 1). ശുക്ലവും ആര്‍ത്തവരക്തവും ചേര്‍ന്നതുകൊണ്ടു മാത്രം ഭ്രൂണം രൂപപ്പെടുകയില്ല. വായു, അഗ്‌നി, ജലം, ഭൂമി, മനസ്സ് (മനസ്സാണ് ചിന്തയ്‌ക്കും അറിവിനും കാരണം) എന്നിവ ചേര്‍ന്ന സൂക്ഷ്മശരീരത്തോടു കൂടിയ ആത്മാവ് തന്റെ കര്‍മ്മഫലം മൂലം ആ ശുക്ലാര്‍ത്തവസംയുക്തവുമായി ചേരുക കൂടി വേണം. ആത്മാവിന്റെ സൂക്ഷ്മശരീരഘടകങ്ങളായ നാലുഭൂതങ്ങള്‍ എല്ലാസൃഷ്ടിയുടെയും പൊതുകാരണം ആണെങ്കിലും ശിശുശരീരത്തിന്റെ മൗലികദേഹഘടനയെ നിശ്ചയിക്കുന്നത് അവയല്ല (യാനി തു ആത്മനി സൂക്ഷ്മാണി ഭൂതാനി ആതിവാഹികരൂപാണി താനി സര്‍വസാധാരണത്വേന അവിശേഷസാദൃശ്യകാരണാനീതി നേഹ ബോദ്ധവ്യാനി ചക്രപാണി, ആയുര്‍വേദദീപികാ, 4. 2. 2327). മാതൃരക്തം, പിതൃശുക്ലം, ശിശുവിന്റെ കര്‍മ്മഫലം എന്നീ മൂന്നെണ്ണമാണ് ദേഹപ്രകൃതത്തെ നിര്‍ണ്ണയിക്കുന്നത്. അമ്മ സ്വാംശീകരിച്ച ഭക്ഷണത്തിന്റെ സ്വാധീനവും ശിശുവിന്റെ കര്‍മ്മഫലത്തെ ആശ്രയിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: