പാരിസ്: വലുപ്പത്തില്‍ ചെറുതെങ്കിലും മൂട്ട സൃഷ്ടിക്കുന്ന അസ്വസ്ഥത വലുതാണ്. ചോര കുടിക്കുന്ന ഈ ജീവി കട്ടിലിലും കസേരയിലുമൊക്കെയായി പെറ്റുപെരുകുമ്പോള്‍ ഇരിക്കാനും വയ്യ കിടക്കാനും വയ്യ എന്ന അവസ്ഥയാവും. ഈ സ്ഥിതിയില്‍ അകപ്പെട്ട ഒരു രാജ്യം ഇപ്പോള്‍ മൂട്ടക്കെതിരായി ഔദ്യോഗികമായിത്തന്നെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.
വീടുകളിലും ഹോട്ടലുകളിലും ജീവിതം അസഹ്യമാക്കിയ മൂട്ടയെ തുരത്താന്‍ ദേശീയ തലത്തില്‍ നടപടിക്കൊരുങ്ങുന്നത് ഫ്രാന്‍സ്. 2018ല്‍ കണക്കെടുത്തപ്പോള്‍ അപ്പാര്‍ട്ട്മെന്റുകളിലും ഹോട്ടലുകളിലുമായി നാലു ലക്ഷത്തോളം മൂട്ടകള്‍ എന്നാണ് കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ അതിലും എത്രയോ അധികം. ഫ്രാന്‍സില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ വരെ പരാതിപ്പെട്ടു തുടങ്ങിയപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടത്.
ഇത് വലിയ പ്രശ്നമാണ്. എല്ലാവരേയും ബാധിക്കും. എന്ന മുന്നറിയിപ്പാണ് ഭവന മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്. മൂട്ടകളെ തുരത്താന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ഡിഡിടി അടക്കമുള്ള കീടനാശിനികളുടെ നിരോധനമാണ് മൂട്ടകള്‍ പെരുകാന്‍ കാരണമെന്നാണ് പരക്കെ അഭിപ്രായം ഉയരുന്നത്. ഇപ്പോള്‍ ഉപയോഗിക്കുന്ന പല കീടനാശിനികളേയും ചെറുക്കാന്‍ മൂട്ടകള്‍ക്ക് കഴിയുന്നു എന്നാണ് 2016ലെ പഠനത്തില്‍ കണ്ടെത്തിയത്.
പാരിസിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ വരെ മൂട്ടകള്‍ ഇടം പിടിച്ചിരുന്നു. മേയര്‍ സ്ഥാനത്തേക്കു മത്സരിച്ച ബെഞ്ചമിന്‍ ഗ്രിവെക്സിന്റെ ഒരു വാഗ്ദാനം നൂറു ദിവസത്തിനുള്ളില്‍ മൂട്ടകളെ തുരത്തും എന്നതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: