ഇന്ത്യയും അമേരിക്കയും ഇന്ന് നല്ല സൗഹൃദത്തിലുള്ള രാജ്യങ്ങളാണ്. രാഷ്ട്ര നായകര്‍ അങ്ങോട്ടും ഇങ്ങോട്ടും വരുമ്പോള്‍ ആചാരപരമായ വരവേല്പ് നല്‍കും. സൗഹൃദപരമായ ചര്‍ച്ചകള്‍ നടക്കും. അതൊക്കെ മര്യാദയുടെ ഭാഗമാണ്. അതില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരുണ്ടാകാം. അവര്‍ക്കതിന് സ്വാതന്ത്ര്യമുണ്ട്.
അമേരിക്കയില്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സ്വീകരണത്തെ മറികടക്കാനുള്ള ഒരുശ്രമവും ഇതുവരെ വിജയിച്ചിട്ടില്ല. ഫ്രാന്‍സിസ് മാര്‍പ്പാപ്പ യുഎസില്‍ പങ്കെടുത്ത പരിപാടിക്ക് ശേഷം ഇത്രയധികം ആളുകള്‍ ഒരു രാഷ്ട്രനേതാവിനെ കാണാനെത്തുന്നത് ഇതാദ്യമായാണ്. എന്‍ ആര് ജി ഫുട്ബോള്‍ സ്റ്റേഡിയത്തിലാണ് ഹൗഡി മോഡി പരിപാടി നടന്നത്. മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുത്തു.
”ഈ കാണുന്നത് പണ്ട് ‘അമേരിക്കയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്’ ക്യാഷ് ഇറക്കാതെ കിട്ടിയ സ്വീകരണം”; മോദിയുടെ ‘ഹൗഡി, മോഡി’യെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ ഇന്നത്തെപ്പോലെ അന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഹൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോഡി’ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികള്‍ വലിയ സ്വീകരണം നല്‍കിയിരുന്നു. ട്വിറ്റര്‍ പോലുള്ള സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ഹൗഡി മോഡിക്ക് ലഭിച്ചത്. ആവേശഭരിതരായ ട്വിറ്റര്‍ ഉപയോക്താക്കള്‍ ചരിത്രത്തില്‍ ഇതിന് മുമ്പ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് അഭിപ്രായപ്പെട്ടത്.
1961 ല്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അമേരിക്കയില്‍ എത്തിയപ്പോള്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയും അമേരിക്കന്‍ ജനതയും അദ്ദേഹത്തിന് നല്‍കിയത് മോദിക്ക് ലഭിച്ചതിനെക്കാള്‍ വലിയ സ്വീകരണമായിരുന്നു എന്നാണ് ചിത്രം സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
അതേസമയം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ഇന്ദിര ഗാന്ധിയുടെയും ചിത്രം അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഉള്ളതല്ലെന്നും സോവിയറ്റ് യൂണിയന്‍് സന്ദര്‍ശിച്ചപ്പോഴുള്ളതാണെന്നുമാണ് മറ്റു ചിലര്‍ ചൂണ്ടിക്കാട്ടിയത്.
1955ല്‍ നെഹ്റുവിന്റെ സോവിയറ്റ് യൂണിയന് സന്ദര്‍ശനവേളയില്‍ 50,000 ത്തിലധികം ജനങ്ങളാണ് അദ്ദേഹത്തെ സ്വാഗതം ചെയ്യാനെത്തിയത്. നെഹ്റു വിദേശ രാജ്യങ്ങളില്‍ പോലും വളരെ അധികം ജനപ്രിയത ഉള്ള നേതാവുമായിരുന്നു എന്നും അദ്ദേഹത്തെ അന്നത്തെ മഹാശക്തികളായ യുഎസ്എ, യുഎസ്എസ്ആര്‍ എന്നിവ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത് എന്നുമാണ് സമൂഹ മാധ്യമങ്ങളിലെ മോദി വിരുദ്ധരുടെ പോസ്റ്റുകള്‍.
ഇന്ത്യന്‍ പ്രധാനമന്ത്രിയെ അമേരിക്ക സ്വീകരിച്ചത് റെഡ് കാര്‍പ്പറ്റില്‍; പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് നല്‍കിയത് ചുവന്ന ചവിട്ടുമെത്ത; മോദിയെ സ്വീകരിച്ച് ആനയിക്കാന്‍ അമേരിക്കന്‍ ഭരണകൂടം നേരിട്ടെത്തി; വിമാനത്താവളത്തില്‍ ഒറ്റപ്പെട്ട ഇമ്രാന് ഖാനെ അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ല. 74-ാമത് യുഎന്‍ പൊതുസഭയുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനും അമേരിക്കയിലെത്തിയത്. ഹൂസ്റ്റണിലെ ജോര്‍ജ് ബുഷ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മോദിക്ക് യുഎസ് ഉദ്യോഗസ്ഥര്‍ പൂച്ചെണ്ടുമായാണ് സ്വാഗതമോതിയത്. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്ററും യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷല വര്‍ധഡനും യുഎസ് വ്യാപാര രാജ്യാന്തര വകുപ്പ് തലവന്‍ ക്രിസ്റ്റഫര്‍ ഓള്‍സനും മറ്റു മുതിര്‍ന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു.
എന്നാല്‍, പാക് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ യുഎസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആരും ഉണ്ടായിരുന്നില്ല. യുഎസിലെ പാക് അംബാസഡര്‍ മാത്രമാണ് അദ്ദേഹത്തെ കാണാന്‍ വിമാനത്താവളത്തില്‍ എത്തിയത്. ഇമ്രാന് ഒരു പൊതുപരിപാടിയും അമേരിക്കയില്‍ ഉണ്ടായില്ല. മറ്റൊരു രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നേതാവിന്റെ പരിപാടിക്കായി അമേരിക്കയില്‍ ഒത്തുചേരുന്ന ഏറ്റവും വലിയ ജനക്കൂട്ടമായിരിക്കും ഹൂസ്റ്റണിലേത്. ചുഴലിക്കാറ്റും മഴയും മൂലം ഹൂസ്റ്റണില്‍ പ്രതികൂല കാലാവസ്ഥയാണുള്ളതെങ്കിലും മോദിയെത്തുന്നതിന്റെ ആവേശം അലതല്ലി.
ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി അഭിസംബോധന ചെയ്യുന്ന ആദ്യ പൊതുപരിപാടി കൂടിയായി ഹൗഡി മോഡി മാറി. ചടങ്ങ് അവിസ്മരണീയമാക്കാന്‍ 1500ല്‍ പരം സന്നദ്ധസേവകര്‍ മുന്നൊരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
ദൃഢമായ സൗഹാര്‍ദ്ദം വിളിച്ചോതുന്ന തരത്തില്‍ ഇരുരാജ്യങ്ങളുടെയും പതാകകളേന്തി കാര്‍ റാലി സംഘടിപ്പിച്ചിരുന്നു. ‘വീണ്ടും നമോ’ എന്നെഴുതിയ വസ്ത്രങ്ങള്‍ ധരിച്ചാണ് സംഘാടകരും സന്നദ്ധസേവകരുമെത്തിയത്. ഇരു രാജ്യങ്ങളുടെയും ഐക്യത്തിന്റെയും സംസ്കാരങ്ങളുടെയും ആഘോഷമായി ചടങ്ങ്. ഇന്ത്യന്‍ സമൂഹത്തിന്റെ ഊര്‍ജവും 400 പേര് അണിനിരന്ന, വോവണ്‍ എന്ന സാംസ്കാരിക പരിപാടിയോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്.
നാളെ കഴിഞ്ഞ് ട്രംപ് ഇന്ത്യയിലെത്തുമ്പോള്‍ അമേരിക്കയിലെ സ്വീകരണത്തെ വെല്ലുന്ന സ്വീകരണം നല്‍കണമെന്ന് രാജ്യം ആഗ്രഹിക്കുന്നു. ഹൗഡിമോഡിക്ക് പകരം അഹമ്മദാബാദില്‍ ‘നമസ്തെ ട്രംപ്’ എന്ന പേരിലാണ് സ്വീകരണമൊരുക്കുന്നത്. മൂന്നുമണിക്കൂറാണ് ട്രംപ് അഹമ്മദാബാദിലുണ്ടാവുക. ട്രംപിനെ സ്വീകരിക്കാന്‍ വലിയ പ്രോട്ടോകോള്‍ സംവിധാനമൊരുക്കുന്നുണ്ട്. ചില മേഖലയില്‍ സുരക്ഷാര്‍ത്ഥം മതിലൊരുക്കുന്നുണ്ട്. ഇത് ട്രംപ,് ചേരികള്‍ കാണാതിരിക്കാനാണെന്നും റോഡുവക്കിലെ ചേരിയിലെ 45 കുടുംബങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെന്നും പ്രചരിപ്പിക്കുകയാണ്.
ആരെയും ആട്ടിയോടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. 45 പേര് തങ്ങുന്ന ചേരിക്ക് പകരം പുതിയ ഭവനങ്ങള്‍ നല്കാന് കഴിവുള്ള സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരുമാണ് ഇപ്പോഴുള്ളത്.
വിശിഷ്ടാതിഥികള്‍ എത്തുമ്പോള്‍ പാര്‍ശ്വപ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പതിവുണ്ട്. 60 വര്‍ഷം മുന്‍പ് പ്രധാനമന്ത്രി നെഹ്റു കണ്ണൂരില്‍ വന്നപ്പോള്‍ ചേരികളില്‍ താമസിക്കുന്നവരെയും യാചകരെയും നാഴികകള്‍ക്കപ്പുറം കടത്തിക്കൊണ്ടുപോയത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അറിയാത്തതല്ല. ഇടുക്കി പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനത്തിന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊച്ചിയിലെത്തിയപ്പോഴും സമാന സാഹചര്യമുണ്ടായതും മറന്നുകൂടാ. ഇതെല്ലാം ഓര്‍ത്തുകൊണ്ടാവണം മതിലെഴുത്ത് നടത്തുന്നത്.
(9447352725)
പ്രതികരിക്കാൻ ഇവിടെ എഴുതുക: