ബ്രിട്ടിഷ് സ്പോര്‍ട്ടസ് കാര്‍ നിര്‍മാതാക്കളായ എംജിയുടെ (മൊറിസ് ഗരാജ്സ്) ഹെക്റ്ററിന് ഇന്ത്യന്‍ വാഹന വിപണിയില്‍ വന്‍ സ്വീകാര്യതയെന്ന് റിപ്പോര്‍ട്ട്. വിപണിയില്‍ എത്തി കേവലം എട്ട് മാസംകൊണ്ട് ഇരുപതിനായിരത്തിലേറെ ഹെക്റ്റര്‍ വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. ഗ്രീക്ക് ദേവനായ ഹെക്റ്ററില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വാഹനത്തിന് എംജി ഈ പേരു നല്‍കിയിരിക്കുന്നത്.
എംജി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന ആദ്യ വാഹനമായ ഹെക്റ്ററിന്റെ ബുക്കിങ് ഇതിനോടക്കം തന്നെ അരലക്ഷത്തിലേറെയായി. കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറെന്നു പേരുള്ള ഹെക്റ്ററുമായി കമ്പനി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്.
വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങളിലാണ് ഹെക്ടര്‍ ലഭിക്കുക. ആഗോള വാഹനവിപണിയില്‍ ശ്രദ്ധേയരായ എംജി ഹെക്ടറിനായി അഞ്ചു വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി, 5 ലേബര്‍ ചാര്‍ജ് ഫ്രീ സര്‍വീസ്, അഞ്ചു വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ നല്‍കുന്നുണ്ട്. 12.48 ലക്ഷമാണ് ഹെക്ടര്‍ ബേസ് വേരിയന്റിന്റെ വില. അതേസമയം ടോപ്പ് എന്‍ഡ് വേരിയന്‍ിന് 17.28 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.
2,750 എംഎം ആണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 192 എംഎം. 1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകള്‍ ഹെക്ടറിലുണ്ട്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന്. അതേസമയം ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ മാത്രമായിരിക്കും. ഇതിനോടൊപ്പം പെട്രോള്‍ പതിപ്പുകളില്‍ ഹൈബ്രിഡ് ടെക്നോളജി പിന്തുണയുമുണ്ടാകും.
നിലവില്‍ അഞ്ച് സീറ്റുള്ള ഈ വാഹനത്തിന്റെ ഏഴ് സീറ്റര്‍ പതിപ്പുമായി എത്തിയിരിക്കുകയാണ് കമ്പനി. വലുപ്പം കൂടിയ മോഡലായ ഹെക്ടര്‍ പ്ലസ് ദല്‍ഹി ഓട്ടോ എക്സ്പോ 2020 വേദിയിലാണ് അവതരിപ്പിച്ചത്. മൂന്നു വരികളിലായി സീറ്റുകള്‍ ഒരുക്കിയിട്ടുള്ള പുതിയ ഹെക്ടറില്‍ പരമാവധി ഏഴു സീറ്റുകളാണുള്ളത്. ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ തുടങ്ങിയവരാണ് ഹെക്ടറിന്റെ മുഖ്യ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: