തൃശൂര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും ഇടിച്ചുണ്ടായ അപകടത്തില്‍ ഞെട്ടല്‍ വിട്ടൊഴിയാതെ യാത്രക്കാര്‍. ബ്രേക്ക് ചെയ്യാന്‍ പോലും ഡ്രൈവര്‍ക്ക് സാവകാശം കിട്ടുന്നതിനു മുന്‍പു ബസിനു നേരേ വന്നു ലോറി ഇടിക്കുകയായിരുന്നെന്ന് അവിനാശിയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്തിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി രാമചന്ദ്ര മേനോന്.
അപകടത്തില്‍പ്പെട്ട ബസ്സില്‍ പിന്നില്‍ നിന്നു മൂന്നാമത്തെ നിരയിലായിരുന്നു രാമചന്ദ്ര മേനോന്റെ സീറ്റ്. പിന്നിലിരുന്നവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. അമിത വേഗത്തിലായിരുന്നില്ല ബസ് ഓടിയിരുന്നത്. പെട്ടെന്ന് ഒരു വലിയ ശബ്ദം കേട്ടു. സീറ്റെല്ലാം തെറിച്ച് പോയി. അപകടം നടക്കുമ്പോള്‍ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. വലിയൊരു ശബ്ദത്തോടെ ബസിലെ സീറ്റെല്ലാം തെറിച്ച് വീഴുന്നതാണ് ആദ്യം കണ്ടത്.
കണ്ടെയ്നര്‍ വന്നിടിച്ച വലത് വശത്ത് തന്നെയായിരുന്നു രാമചന്ദ്ര മേനോന്റെ സീറ്റ്. ബസിന്റെ മുന്നിലുള്ള മിക്ക നിരയും തകര്‍ന്നു. എല്ലാ സീറ്റുകളും ഇളകിത്തെറിച്ചു. അപകടമുണ്ടായപ്പോള്‍ ബസിലുണ്ടായിരുന്ന എല്ലാവരും പലയിടത്തും പോയി ഇടിച്ചു. മുന്നിലിരുന്ന പെണ്‍കുട്ടി ഗ്ലാസ് പൊട്ടി പുറത്തേക്ക് തെറിച്ച് വീണ് റോഡില്‍ കിടന്ന് പിടച്ചു. ആംബുലന്‍സ് എത്താനെടുത്ത സമയമത്രയും പെണ്‍കുട്ടി റോഡില്‍ കിടന്ന് പിടയുകയായിരുന്ന കാഴ്ച അതിദാരുണമായിരുന്നു.
പോലീസും ആംബുലന്‍സുകളുമെല്ലാം മിനിറ്റുകള്‍ക്കകം പാഞ്ഞെത്തി. പിന്നീട് നോക്കുമ്പോഴാണ് ബസ്സില്‍ എതിര്‍വശത്തുനിന്ന് ലോറി ഇടിക്കുകയായിരുന്നുവെന്ന് മനസ്സിലായത്. മുന്‍നിരയില്‍ ഇരുന്ന യാത്രക്കാര്‍ക്കാണ് അധികവും പരിക്കേറ്റത്.
തലയ്ക്ക് ഇളക്കം സംഭവിച്ചതിനാല്‍ സിടി സ്കാന്‍ അടക്കമുള്ള പരിശോധനകള്‍ നടത്തിയെന്നും യാത്രചെയ്യാന്‍ പ്രശ്നമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനാല്‍ നാട്ടിലേക്ക് മടങ്ങുമെന്നും രാമചന്ദ്രന് പറഞ്ഞു. ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് രാമചന്ദ്ര മേനോന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: