കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അടിക്കടിയുണ്ടാകുന്ന നിലപാട് മാറ്റം സിപിഎമ്മിലെ ഭിന്നത രൂക്ഷമാക്കി. അലന്‍ ഷുഹൈബിനെയും ത്വാഹയെയും സിപിഎമ്മില്‍ നിന്ന് പുറത്താക്കിയെന്ന സംസ്ഥാന സെക്രട്ടറിയുടെ പ്രഖ്യാപനമാണ് അവസാനത്തെ വിഷയം.
തുടക്കത്തില്‍ മുഖ്യമന്ത്രി ഇവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും യുഎപിഎ ചുമത്തിയതിനെ ന്യായീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇടത് ബുദ്ധിജീവികളും മറ്റും സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തുവന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. മന്ത്രി തോമസ് ഐസക്കടക്കമുള്ള നേതാക്കള്‍ അലന്റെയും ത്വാഹയുടെയും വീടുകള്‍ സന്ദര്‍ശിച്ചു. എന്നാല്‍ ഇതിനു ശേഷവും മുഖ്യമന്ത്രി, പ്രതികള്‍ മാവോയിസ്റ്റുകളാണെന്ന നിലപാടിലായിരുന്നു.
ഇതിനിടെ, കഴിഞ്ഞ മാസം 23ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍, അലനും ത്വാഹയും പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും അവരെ തെറ്റുതിരുത്തി തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ജയിലിലായിരുന്നതിനാല്‍ ഇവരോട് വിശദീകരണം തേടാന്‍ സാധിച്ചില്ലെന്നും മോഹനന്‍ പറഞ്ഞിരുന്നു. ഇതിനിടെ, എന്‍ഐഎയില്‍ നിന്ന് കേസ് തിരിച്ചു ലഭിക്കുന്നതിനായി കത്തെഴുതിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇടതുബുദ്ധിജീവികളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് നടപടിയെന്നായിരുന്നു അന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നത്. യുഡിഎഫ് മാവോയിസ്റ്റ് പ്രതികള്‍ക്കു വേണ്ടി പരസ്യമായി രംഗത്തുവന്നതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി.
എന്നാല്‍, ചികിത്സ കഴിഞ്ഞെത്തിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അലനെയും ത്വാഹയെയും ഒരു മാസം മുമ്പ് പുറത്താക്കിയതായി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതാണ് പാര്‍ട്ടിക്കുള്ളില്‍ വീണ്ടും വിവാദമുണ്ടാക്കിയത്. അന്വേഷണം പൂര്‍ത്തിയായാല്‍ നടപടിയെടുക്കുന്ന കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുമെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി തന്നെയാണ് ഇവര്‍ ഇരുവരും മാവോവാദികള്‍ തന്നെയാണെന്നും ഇവരെ പുറത്താക്കിയെന്നും സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
അലന്‍, ത്വാഹ വിഷയത്തില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അടിക്കടിയുള്ള മലക്കംമറിച്ചില്‍ അണികളെ പ്രതിരോധത്തിലാക്കി. സിപിഎമ്മില്‍ ഇത് വലിയ പ്രശ്‌നമാണ് സൃഷ്ടിച്ചത്. വെട്ടിലായത് ജില്ലാ സെക്രട്ടറി പി. മോഹനനും. അണികള്‍ക്കിടയില്‍ വിശദീകരണം നല്‍കാനാവാതെ നേതൃത്വം ഉഴലുകയാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെ അനുകൂലമായ മുസ്ലിം വികാരം അലന്‍, ത്വാഹ വിഷയത്തില്‍ പാര്‍ട്ടിക്ക് എതിരാവുമെന്ന ആശങ്കയ്‌ക്കിടയിലാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രഖ്യാപനം. കഴിഞ്ഞ മനുഷ്യശൃംഖലയിലടക്കം അലന്റെയും ത്വാഹയുടെയും രക്ഷാകര്‍ത്താക്കള്‍ പങ്കെടുത്ത് സിപിഎം അനുഭാവം വ്യക്തമാക്കിയിട്ടും പാര്‍ട്ടിയുടെ നടപടി എതിരായത് വിശദീകരിക്കാനാകാതെ നേതൃത്വം കുഴയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: