ആര്‍എസ്എസിന്റെ രണ്ടാമത്തെ സര് സംഘചാലക് ആയിരുന്നു ഗുരുജിയെന്ന് പരക്കെയറിയപ്പെടുന്ന മാധവസദാശിവ ഗോള്‍വല്‍ക്കര്‍. 1906 ഫെബ്രുവരി 19ന് ജനിച്ച ഗുരുജിയുടെ നൂറ്റിപ്പതിനാലാം ജന്മവാര്ഷിക ദിനമാണിന്ന്. ഗുരുജിയുടെ വ്യക്തിത്വം ഒരു സംഘടനയുടെ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്നയാള്‍ എന്നതിലും ഉപരിയായിരുന്നു. അദ്ദേഹം രാഷ്ട്ര ജീവിതത്തില്‍ അതുല്യമായ സ്ഥാനം തന്റെ പ്രവര്‍ത്തനം കൊണ്ടും പെരുമാറ്റം കൊണ്ടും കൈവരിച്ചു. അനുയായികള്‍ മാത്രമല്ല എതിരാളികളും ശ്രദ്ധാപൂര്‍വം അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടു. രാഷ്ട്രനേതാക്കള്‍ അദ്ദേഹത്തെ ആദരപൂര്‍വം കണ്ടു. ഇന്ന് എതിരാളികള്‍ അദ്ദേഹത്തെപ്പറ്റി അനേകം അപപ്രചാരണം നടത്തുന്നു. എന്നാല്‍ ഗുരുജി അതൊന്നുമായിരുന്നില്ല എന്നത് അദ്ദേഹത്തിന്റെ ജീവിതത്തെ പഠിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാകും.
കശ്മീര്‍ ലയനം- മുസ്ലിം വിരുദ്ധതയുടെ മുനയൊടിയുന്നു
1947ല്‍ ഭാരതം വിഭജിക്കപ്പെട്ടു. അന്നു നിലവിലുണ്ടായിരുന്ന നാട്ടുരാജ്യങ്ങള്‍ക്ക് ഭാരതത്തിലോ, പാക്കിസ്ഥാനിലോ ചേരാനുള്ള അവകാശം ഉണ്ടായിരുന്നു. എന്നാല്‍ കശ്മീരിലെ രാജാവ് ഹരിസിങ് പാക്കിസ്ഥാനിലോ ഭാരതത്തിലോ ചേരാതെ കശ്മീരിനെ ഒരു സ്വതന്ത്ര രാജ്യമായി നിലനിര്‍ത്താന്‍ ആഗ്രഹിച്ചു. എന്നാല്‍ പാ
ക്കിസ്ഥാന് കശ്മീരിനെ ആക്രമിച്ച് തങ്ങളോട് ചേര്‍ക്കാന്‍ വേണ്ട നടപടികളാണ് ചെയ്തത്. അന്നത്തെ ആഭ്യന്തരമന്ത്രി വല്ലഭഭായ് പട്ടേല്‍ ഹരിസിങ്ങിന്റെ നിലപാടിലെ അപ്രായോഗികത അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ഗുരുജിയുടെ സഹായം തേടി. അതുപ്രകാരം ഗുരുജി കശ്മീരിലെത്തി ഹരിസിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഗുരുജിയുടെ വാദങ്ങള്‍ കേട്ടശേഷം ഹരിസിങ് കശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാനുള്ള കരാറിന് ഒപ്പുവയ്ക്കാന്‍ തയാറായി. അങ്ങനെ കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി. പട്ടേലിനെപ്പോലുള്ള ഒരു നേതാവ് ഗുരുജിയെ എങ്ങനെ കണ്ടിരുന്നു എന്നതിന് തെളിവാണ് ഇത്. ഗുരുജി മുസ്ലിം വിരോധിയും മുസ്ലീങ്ങളെ ഭാരതത്തില്‍നിന്നും തുരത്തണമെന്ന അഭിപ്രായക്കാരനുമാണ് എന്നത് ശരിയല്ല. അങ്ങനെയായിരുന്നെങ്കില്‍ മുസ്ലിം ഭൂരിപക്ഷപ്രദേശമായ കശ്മീരിനെ ഇന്ത്യയില്‍ ചേര്‍ക്കാനുള്ള ദൗത്യം പട്ടേല്‍ ഗുരുജിയെ ഏല്‍പ്പിക്കുമായിരുന്നില്ല. മുസ്ലീങ്ങള്‍ക്ക് ഇന്നാട്ടില് തുല്യമായ പൗരത്വം നല്‍കണമെന്ന അഭിപ്രായക്കാരനായിരുന്നു ഗുരുജി. ഇക്കാരണത്താലാണ് അന്നുണ്ടായിരുന്ന ദേശീയ നേതാക്കന്മാരെ ആരേയും ഏല്‍പ്പിക്കാതെ കശ്മീര്‍ ദൗത്യം ഗുരുജിയെ പട്ടേല്‍ ഏല്‍പ്പിച്ചത്.
നെഹ്റുവും അംഗീകരിച്ചു
1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചു. അതേവരെ ഇന്ത്യ-ചൈന ഭായ് ഭായ് മുദ്രാവാക്യം മുഴക്കിയിരുന്നു. പണ്ഡിറ്റ് നെഹ്റുവിന്റെ നയതന്ത്രത്തിനേറ്റ ആഘാതമായിരുന്നു ഇത്. ആസാം പൂര്‍ണമായും ചൈനീസ് നിയന്ത്രണത്തിലാകുന്ന ഘട്ടമെത്തി. ‘എന്റെ ഹൃദയം ആസാമിനൊപ്പം കേഴുന്നു’ എന്ന് പണ്ഡിറ്റ് നെഹ്റു പറയുന്ന ഘട്ടം വരെയെത്തി. എന്നാല്‍ സംഘം സ്വയംസേവകരും പട്ടാളവും നടത്തിയ ധീരോദാത്തമായ നീക്കങ്ങള്‍ ആസാമിനെ രക്ഷിച്ചു. യുദ്ധസമയത്ത് സ്വയംസേവകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞ പണ്ഡിറ്റ് നെഹ്റു റിപ്പബ്ലിക് ദിന പരിപാടിയിലേക്ക് ക്ഷണിച്ചു. അങ്ങനെ ഇന്ത്യന്‍ പട്ടാളത്തോടൊപ്പം ആര്‍എസ്എസിന്റെ യൂണിഫോം അണിഞ്ഞ് മൂവായിരത്തിലധികം സ്വയംസേവകര്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തു. പണ്ഡിറ്റ് നെഹ്റു ആര്‍എസ്എസിന്റെ കടുത്ത വിമര്‍ശകനായിരുന്നു. ഗാന്ധിവധം ആരോപിച്ച് സംഘത്തെ നിരോധിക്കുകപോലും ചെയ്തയാളാണ്. അദ്ദേഹം ആര്‍എസ്എസിനെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുപ്പിച്ചത് ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് യാതൊരു പങ്കുമില്ലെന്ന് മനസ്സിലാക്കിയതിനാലാണല്ലോ. ആര്‍എസ്എസ് ഫാസിസ്റ്റ് ആണെന്ന് ആരോപിക്കുന്നവര്‍ക്ക് പണ്ഡിറ്റ് നെഹ്റുവിന്റെ പ്രവൃത്തി ഒരു സന്ദേശമാണ്.
ശാസ്ത്രിയും അശോക് മിത്രയും
1965ലെ ഇന്ത്യ-പാക് യുദ്ധ സമയത്ത് പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രി ഒരു സര്‍വ്വകക്ഷി സമ്മേളനം ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്തു. പ്രസ്തുത യോഗത്തില്‍ ഗുരുജികൂടി പ്രത്യേകമായി പങ്കെടുക്കണമെന്ന് ശാസ്ത്രി ആഗ്രഹിച്ചു. മഹാരാഷ്ട്രയില്‍ യാത്രയിലായതിനാല്‍ യോഗത്തിനെത്താനാകില്ലെന്ന് ഗുരുജി അറിയിച്ചു. എന്നാല്‍ ഗുരുജി പങ്കെടുക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ശാസ്ത്രി പ്രത്യേക വിമാനം അയച്ച് ഗുരുജിയെ യോഗത്തില്‍ പങ്കെടുപ്പിച്ചു. നാടിന് ആപത്തുവന്നപ്പോള്‍ ഗുരുജിയിലും സംഘത്തിലും എല്ലാവര്ക്കും വിശ്വാസം ഉണ്ടായിരുന്നു.
ഗോവധ നിരോധനത്തിനായി സംന്യാസിമാര്‍ പ്രക്ഷോഭം തുടങ്ങി. ഇതേക്കുറിച്ച് ചിന്തിക്കാന്‍ ഒരു കമ്മിറ്റി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചു. ഗുരുജി ആ കമ്മിറ്റിയില്‍ അംഗമായിരുന്നു. മറ്റൊരംഗം പശ്ചിമ ബംഗാളിലെ ധന മന്ത്രിയും സിപിഎം നേതാവുമായിരുന്ന അശോക് മിത്ര ആയിരുന്നു. ഗുരുജിയെപ്പറ്റി അശോക് മിത്രയ്ക്കുണ്ടായിരുന്ന ധാരണ തീവ്രനിലപാടുകള്‍ ഉള്ളയാള്‍ എന്നതായിരുന്നു. എന്നാല്‍ യോഗത്തില്‍ ആവശ്യത്തിനു മാത്രം സംസാരിക്കുകയും വിനയാന്വിതനായി പെരുമാറുകയും ചെയ്ത ഗുരുജി അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. പിന്നീടൊരിക്കല്‍ ട്രെയിനില്‍ വച്ച് ഒരേ കൂപ്പയില്‍ യാത്രചെയ്തപ്പോള്‍ ഉണ്ടായ അനുഭവം വിശദീകരിക്കുന്നുണ്ട്. ട്രെയിനില്‍ വച്ച് മിത്രയെ കണ്ട ഗുരുജി ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെയാണ് അദ്ദേഹത്തോട് സംസാരിച്ചത്. സൗഹൃദ സംഭാഷണത്തിനുശേഷം രണ്ടുപേരും വായന ആരംഭിച്ചു. ഏതെങ്കിലും ജടിലമായ മതഗ്രന്ഥമായിരിക്കും ഗുരുജി വായിക്കുന്നതെന്ന് മിത്ര കരുതി! എന്നാല്‍ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് അമേരിക്കന്‍ നോവലിസ്റ്റായ ഒരു ഹെന്‍ട്രി മിലറിന്റെ ഏറ്റവും പുതിയ നോവലായിരുന്നു ഗുരുജി വായിച്ചിരുന്നത്. ഈ സംഭവം ഗുരുജിയുടെ മരണശേഷം അശോക് മിത്ര എഴുതിയതാണ്. ഗുരുജി പിന്തിരിപ്പനും കടുത്ത മതവാദിയുമാണെന്ന ധാരണ തിരുത്താന്‍ ഇത് തന്നെ സഹായിച്ചെന്നും അത്യന്തം ആദരവോടെ അശോക് മിത്ര രേഖപ്പെടുത്തുന്നു.
സര്‍വാദരണീയന്‍
1973ല്‍ ഗുരുജി ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തിയവരില്‍ സംന്യാസി ശ്രേഷ്ഠന്മാര്, ഭാരത രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ക്യാബിനറ്റ് മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹിക നേതാക്കള്‍ തുടങ്ങിയ ജീവിതത്തിന്റെ എല്ലാ തുറയിലും പെട്ടവരുണ്ടായിരുന്നു. ജീവിതത്തിലൊരിക്കലും അധികാരസ്ഥാനത്തിനായി ശ്രമിച്ചിട്ടില്ലാത്ത നിയമസഭയിലോ പാര്‍ലമെന്റിലോ അംഗമായിട്ടില്ലാത്ത ഗുരുജിക്ക് ഇന്ത്യന്‍ പാര്‍ലമെന്റ് അനുശോചനം രേഖപ്പെടുത്തി. മഹാത്മജിയ്ക്കാണ് ഇത്തരത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മറ്റൊരു വ്യക്തി. രാഷ്ട്ര ജീവിതത്തില്‍ ഗുരുജി വഹിച്ചിരുന്ന പങ്കിനെക്കുറിച്ച് ആദരപൂര്‍വം വിവിധ കക്ഷി നേതാക്കന്മാരും പ്രധാനമന്ത്രിയടക്കമുള്ള ഭരണാധികാരികളും ഓര്‍ത്തു. ഭാരതത്തിലെ മിക്കവാറും ദേശീയ, ഭാഷാ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി എഡിറ്റോറിയല്‍ എഴുതി. ഗുരുജിയുടെ വ്യക്തിത്വം എത്ര ഉന്നതമാണെന്ന് തെളിയിക്കുന്നതാണിത്.
സമര്‍പ്പിത ജീവിതം
ഗുരുജിയുടെ മരണശേഷം അദ്ദേഹം എഴുതിവച്ച കത്തുകള്‍ സംഘത്തിന്റെ പ്രതിനിധി സഭയില്‍ വായിച്ചു. ഒന്നാമത്തെ കത്തില്‍ തന്റെ പിന്‍ഗാമിയായി ബാളാ സാഹേബ് ദേവറസിനെ നിയോഗിക്കണമെന്നായിരുന്നു. രണ്ടാമത്തെ കത്തില്‍ തനിക്ക് യാതൊരുവിധ സ്മാരകങ്ങളും പണിയരുതെന്ന നിര്‍ദ്ദേശം അനുയായികള്‍ക്ക് നല്കി. മൂന്നാമത്തെ കത്തില്‍ അദ്ദേഹം സ്വയംസേവകരെ അഭിസംബോധന ചെയ്തു. പ്രവര്‍ത്തനത്തിന്റെ ഇടയില്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ സന്ത് തുക്കാറാമിന്റെ വരികള്‍ ഉദ്ധരിച്ച് അദ്ദേഹം ക്ഷമ ചോദിച്ചു. ഫാസിസ്റ്റ് എന്ന് എതിരാളികള്‍ വിശേഷിപ്പിക്കുന്ന ഗുരുജി ജീവിതത്തില്‍ എത്ര വിനയാന്വിതനും മറ്റുള്ളവരെക്കുറിച്ച് എത്രമാത്രം പരിഗണനയുള്ള ആളുമായിരുന്നെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
പാലക്കാട് ആയുര്‍വേദ ചികിത്സക്കായി ഗുരുജി എത്താറുണ്ടായിരുന്നു. ആയുര്‍വേദ ചികിത്സയ്ക്ക് എത്തുമ്പോള്‍ ചികിത്സ ഫലിക്കാനും ആരോഗ്യം വീണ്ടെടുക്കാനും ധന്വന്തരി മൂര്‍ത്തിയെ പ്രാര്‍ത്ഥിക്കുന്ന രീതിയുണ്ടായിരുന്നു. ഇക്കാര്യം ഗുരുജിയെ അറിയിക്കാന്‍ കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകനെ വൈദ്യന് ചട്ടംകെട്ടി. അതുപ്രകാരം ആരോഗ്യത്തിനുവേണ്ടി ഈശ്വരനോട് പ്രാര്‍ത്ഥിക്കണമെന്ന് ഗുരുജിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഗുരുജി അതിനു തയാറായില്ല. അദ്ദേഹം പറഞ്ഞു ഞാന്‍ ഈ ദേഹം ഈശ്വരന്റെ കാര്യത്തിനായി അര്‍പ്പിച്ചു കഴിഞ്ഞതാണ്. ഈശ്വരന് ആഗ്രഹിക്കുന്ന കാലത്തോളം ശരീരം നിലനിര്‍ത്തും. വ്യക്തിപരമായിട്ടുള്ള ഒരു കാര്യത്തിനും ഞാന്‍ ഈശ്വരനോട് ആവശ്യപ്പെടാറില്ല. മറുപടി വൈദ്യരെ അറിയിച്ചപ്പോള്‍ ‘ശരിക്കും മഹാന് തന്നെ’ എന്നായിരുന്നു വൈദ്യരുടെ പ്രതികരണം. ഗുരുജിക്കുവേണ്ടി പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥന നടത്തിയാല്‍ മതിയെന്നും വൈദ്യര് നിര്‍ദ്ദേശിച്ചു. സമര്‍പ്പിത ജീവിതത്തിന്റെ ഉദാഹരണമായിരുന്നു ഗുരുജി.
ഇതെല്ലാം ഗുരുജിയുടെ വ്യക്തിത്വത്തെ കാണിക്കുന്നതാണ്. അദ്ദേഹം എല്ലാവരെയും സ്നേഹപൂര്‍വം വീക്ഷിച്ചു. അദ്ദേഹത്തോട് സംഘത്തിന്റെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമെന്തെന്ന് ചോദിച്ചപ്പോള്‍ Lov-e, Lov-e, Lov-e (സ്നേഹം, സ്നേഹം, സ്നേഹം) എന്നായിരുന്നു മറുപടി. ഇതേ ചോദ്യം സ്റ്റാലിനോട് ചോദിച്ചപ്പോള്‍ ഒമലേ, ഒമലേ, ഒമലേ (വെറുപ്പ്, വെറുപ്പ്, വെറുപ്പ്) എന്നായിരുന്നു മറുപടിയെന്നത് ഓര്‍ക്കേണ്ടതുണ്ട്.
സംഘ പാരമ്പര്യം-തിലക-രാമകൃഷ്ണ വിവേകാനന്ദ പാരമ്പര്യം
സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ക്ക് മൂര്‍ത്തരൂപം നല്കാന് അദ്ദേഹം ശ്രമിച്ചു. രാമകൃഷ്ണ ദേവന്റെ ശിഷ്യനും വിവേകാനന്ദ സ്വാമികളുടെ ഗുരുഭായിയും ആയിരുന്ന അഖണ്ഡാനന്ദ സ്വാമിയുടെ ശിഷ്യനായിരുന്നു ഗുരുജി. മന്ത്രദീക്ഷയ്ക്കുശേഷം അഖണ്ഡാനന്ദ സ്വാമി സ്നേഹപൂര്‍വം തന്റെ കമണ്ഡലം ഗുരുജിക്ക് കൊടുത്തു. താടിയും മുടിയും വളര്‍ത്തിയ ഗുരുജിയോട് ഈ രൂപം നിങ്ങള്‍ക്ക് യോജിക്കുന്നുണ്ട് എന്നാണ് അഖണ്ഡാനന്ദ സ്വാമി പറഞ്ഞത്. സ്വാമിജിയോടുള്ള ഭക്തിയുടെ പ്രതീകമായി ഗുരുജി പിന്നീട് താടിയും മുടിയും വളര്‍ത്തി. ഒരിക്കല്‍ അഖണ്ഡാനന്ദ സ്വാമി അമിതാഭ് മഹാരാജുമായി സംസാരിക്കവെ ഗോള്‍വല്‍ക്കറുടെ ദൗത്യം നാഗ്പൂരില്‍ ഡോ. ഹെഡ്ഗേവാറിനോടൊപ്പം ആണെന്നു പറയുകയും ചെയ്തു. സംഘസ്ഥാപകനായ ഡോക്ടര്‍ജി തിലകന്റെ അനുയായി ആയിരുന്നു. അങ്ങനെ സംഘം സ്വാതന്ത്ര്യസമരത്തിലെ തിലകന്റെ പാരമ്പര്യം ഡോക്ടര്ജിയില്ക്കൂടിയും രാമകൃഷ്ണവിവേകാനന്ദ പാരമ്പര്യം ഗുരുജിയില്ക്കൂടിയും ഉള്‍ക്കൊണ്ടു. സംഘം ഈ രണ്ടു പരമ്പരകളുടെ സംഗമമാണ്. അതിന് പാശ്ചാത്യ രാജ്യങ്ങളില്‍നിന്നുള്ള ഒരു ആശയമായും ബന്ധമില്ല. ഇതു മനസ്സിലാക്കാതെ സംഘത്തെ വിമര്‍ശിക്കുന്നത് തീര്‍ത്തും തെറ്റാണ്.
9447057075
പ്രതികരിക്കാൻ ഇവിടെ എഴുതുക: