സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ അര്‍ഹര്‍ക്കുതന്നെ ലഭിക്കുന്നു എന്നുറപ്പാക്കാന്‍ ‘കര്ഷകന്’ എന്ന പദത്തിന് പുനര്‍ നിര്‍വചനം വേണമെന്ന് ധന വകുപ്പിന്റെ പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നതായി വാര്‍ത്ത.
നിലവിലുള്ള നിര്‍വചനം പുതുക്കേണ്ടത് ആരെന്നോ എത്ര കാലത്തിനകം പുതുക്കണമെന്നോ അറിയില്ല. പുതിയ നിര്‍വചനം വരുന്നതോടെ കര്‍ഷകരും കാര്‍ഷിക മേഖലയും കര കയറുമെന്നാശിക്കാം.
‘ധാന്യാദികള്‍ നട്ടുവളര്‍ത്തല്‍’ എന്നാണ് ‘കൃഷി’ എന്ന പദത്തിന് ശബ്ദതാരാവലിയില്‍ കാണുന്ന അര്‍ത്ഥം. കൃഷിക്ക് പില്ക്കാലത്ത് പുതിയ നിര്‍വചനങ്ങളും അര്‍ത്ഥങ്ങളും ഉണ്ടായി.
കൃഷി ഒരു തൊഴിലാണ്. തൊഴിലില്ലായ്മക്കും കേരളത്തില്‍ കൃഷി എന്നു പറയും. സര്‍ക്കാര്‍ അപേക്ഷകളിലും പ്രമാണങ്ങളിലും കാണാറുള്ള ‘തൊഴില്‍’ എന്ന കോളം തൊഴിലില്ലാത്ത പലരും പൂരിപ്പിക്കാറുള്ളത് ‘കൃഷി’ എന്നെഴുതിയാണ്. അങ്ങനെയാണ് കൃഷി കേരളത്തില്‍ തൊഴില്‍ രാഹിത്യത്തിന്റെ പര്യായമായത്. അതെന്തായാലും, ഈ ‘തൊഴില്‍രഹിത കൃഷിക്കാരുടെ’ സ്ഥിതി സാധാരണ കര്ഷകരുടേതിനെക്കാള് ദയനീയം തന്നെ.
‘കൃഷി’ക്ക് കഴിഞ്ഞ ദശാബ്ദങ്ങളിലുണ്ടായ ‘വളര്‍ച്ച’ അഭിമാനകരമാണ്. ആടുവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, താറാവു വളര്‍ത്തല്‍ തുടങ്ങിയ മേഖലകളിലേക്കെല്ലാം കൃഷി വ്യാപിച്ചു. ഇവയിപ്പോള്‍ ആടുകൃഷി, കോഴിക്കൃഷി, താറാവു കൃഷി എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. ഇതിനു മുന്‍പു തന്നെ മീന്‍ വളര്‍ത്തല്‍ ‘മത്സ്യക്കൃഷി’യായി കൃഷിപ്പട്ടികയില് ഇടം നേടിയിരുന്നു. ക്ഷീര കൃഷിക്കാരില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നത് ഇപ്പോഴും തര്‍ക്കവിഷയമാണ്. ആനക്കൃഷി ചെയ്യുന്ന ന്യൂനപക്ഷവും കേരളത്തിലുണ്ട്. ഇറച്ചിക്കച്ചവടക്കാരെ ഇറച്ചിക്കൃഷിക്കാരായി പരിഗണിച്ച് കര്‍ഷകരില്‍ ഉള്‍പ്പെടുത്തണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു.
അഴിമതിക്കൃഷിക്ക് ഏതു കാലാവസ്ഥയിലും കേരളത്തില്‍ റെക്കോഡ് വിളവുണ്ടായിരുന്നു. സാഹിത്യക്കൃഷി ഓരോ കൊല്ലവും വന്‍ വിളവ് തരുന്നുണ്ടെങ്കിലും അതിലധികവും പുസ്തക പ്രസാധകരുടെ ഗോഡൗണുകളില്‍ കെട്ടിക്കിടന്ന് നശിക്കുകയാണ്. ഒരു മുതല്‍ മുടക്കുമില്ലാതെ ആര്‍ക്കും എപ്പോഴും തുടങ്ങാവുന്നതാണ് സംസ്കാരക്കൃഷി. കഴിഞ്ഞ കൊല്ലമുണ്ടായ അതിശക്തമായ മുഞ്ഞബാധ നവോത്ഥാനക്കൃഷിയെ നാമാവശേഷമാക്കി. ഈ മേഖലയിലെ വന്‍കിടക്കാരെല്ലാം പുതിയ കൃഷി തേടിക്കൊണ്ടിരിക്കുകയാണത്രേ.
കര്ഷകന് പുനര്‍ നിര്‍വചനം തയ്യാറാക്കുന്നവര്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാല്‍ നന്ന്. നിര്‍വചനം സമ്പൂര്‍ണമായിരിക്കണം. അല്ലെങ്കില്‍ പുനര്‍വായനയും പുനരെഴുത്തും വേണ്ടി വരും.
പത്രങ്ങളില്‍ നിന്ന്:
”മറ്റു ~ാറ്റുകളുടേതില്നിന്നു വ്യത്യസ്തമായി പകല്‍ സമയത്താണ് ആല്‍ഫയിലെ കോണ്‍ക്രീറ്റ് മാലിന്യനീക്കം നടത്തുന്നത്.” നീക്കുകയോ നീക്കം ചെയ്യുകയോ ചെയ്താല്‍ പോരാ, ‘നീക്കം നടത്തുക’ തന്നെ വേണം!
സിനിമകളിലും നാടകങ്ങളിലും മാത്രമല്ല, പത്രങ്ങളിലും ‘വില്ല’നുണ്ട്. ചില പത്ര ലേഖകര്‍ക്ക് നായകനെക്കാളേറെ ഇഷ്ടം വില്ലനെയാണ്. ഏതു റിപ്പോര്‍ട്ടിലും വില്ലന്‍ കടന്നുവരാം. വില്ലനൊപ്പം മിക്കപ്പോഴും ‘വെല്ലുവിളി’യുമുണ്ടാകും.
”നടന്നുപോകാന്‍ നഗരത്തില്‍ ഇടമില്ലാത്ത സ്ഥിതിയാണ്. ചില സ്ഥലങ്ങളില്‍ ഇളകിമാറിയ ടൈലുകളും കേബിള്ക്കുരുക്കും വില്ലനാകുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ മാലിന്യക്കൂമ്പാരമാണ് കാല്‍നടക്കാര്‍ക്ക് വെല്ലുവിളിയാകുന്നത്.”
”ഒരാഴ്ചയ്ക്കുള്ളില്‍ ഇവിടെയുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. ഇത്തവണയും വില്ലനായത് റോഡിലെ കുഴികള്‍ തന്നെ. നടപ്പാതയിലെ ഇളകിയ സ്ലാബുകളും കാല്‍നടക്കാര്‍ക്ക് വെല്ലുവിളിയായി തുടരുന്നു.”
”പലര്‍ക്കും നിത്യജീവിതത്തിലെ പ്രധാന വില്ലനാണ് മറവി. ഇതുയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാനാവാതെ വിഷമിക്കുന്നവരില്‍ വയോജനങ്ങള്‍ മാത്രമല്ല, യുവാക്കളുമുണ്ട്.”
‘വില്ല’നെയും ‘വെല്ലുവിളിയെ’യും ഉപേക്ഷിക്കേണ്ടതില്ല. രണ്ടിലും ഇത്രയേറെ കമ്പം വേണ്ടെന്നു മാത്രം.
പിന്കുറിപ്പ്:
ഇക്കാലത്ത് എഴുത്ത് അത്ര എളുപ്പമല്ല- എം. മുകുന്ദന് എങ്കിലും വായനക്കാര്‍ക്കുവേണ്ടി വിഷമിച്ചെഴുതുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: