ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തിന് കവചമൊരുക്കാന്‍ കേന്ദ്രം വലിയ പദ്ധതി തയാറാക്കി. ദല്‍ഹിയെ വ്യോമാക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനും പൂര്‍ണമായും സംരക്ഷിക്കാനും ഉതകുന്ന യുഎസ് നിര്‍മിത മിസൈല്‍ പ്രതിരോധ സംവിധാനമായ നസാംസ് 2 വാങ്ങാനാണ് ആലോചന. ഇന്ത്യയുടെ തീരുമാനം യുഎസ് കോണ്‍ഗ്രസിനെ ട്രംപ് ഭരണകൂടം അറിയിച്ചു. ഇനി ഇതിന് യുഎസ് കോണ്‍ഗ്രസിന്റെ അനുമതി കൂടി മതി. 12,000 കോടി രൂപ (1.80 ബില്ല്യണ്‍ ഡോളര്‍)യുടേതാണ് പദ്ധതി.
നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം 2 (നാസാംസ്) എന്നാണ് സംവിധാനത്തിന്റെ പേര്. ഇന്ത്യയെ ആക്രമിക്കാന്‍ വരുന്ന വിമാനങ്ങളെ തുരത്താനും മിസൈലുകള്‍ തകര്‍ക്കാനും കഴിയുന്ന യുഎസ് സംവിധാനത്തിനൊപ്പം ഇന്ത്യന്‍, റഷ്യന്‍, ഇസ്രയേലി മിസൈല്‍ വേധ സംവിധാനങ്ങള്‍ കൂട്ടി ചേര്‍ത്താകും ദല്‍ഹിക്ക് കവചം ഒരുക്കുക. ചെറിയ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണം പോലും ചെറുക്കാന്‍ ഇതിന് കഴിയും. ചര്‍ച്ചകളെല്ലാം മുന്നേറിക്കഴിഞ്ഞു. കരാര്‍ ഒപ്പിട്ടാല്‍ രണ്ടു മുതല്‍ നാലു വര്‍ഷത്തിനുള്ളില്‍ സംവിധാനം മുഴുവനായി ഇന്ത്യക്ക് ലഭിക്കും.
ടെര്‍മിനല്‍ ഹൈ ആള്‍ട്ടിട്യൂഡ് എയര്‍ ഡിഫന്‍സ്, പേട്രിയറ്റ് അഡ്വാന്‍സ്ഡ് കേപബിലിറ്റി തുടങ്ങിയ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും തങ്ങളില്‍ നിന്ന് വാങ്ങണമെന്നഭ്യര്‍ഥിച്ച് അമേരിക്ക ഇന്ത്യക്കു മേല്‍സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ഇവ വാങ്ങാന്‍ ഇന്ത്യ റഷ്യക്ക് കരാര്‍ നല്‍കിക്കഴിഞ്ഞു. 40,000 കോടി രൂപയ്‌ക്കാണ് അഞ്ച് സ്‌ക്വാഡ്രണ്‍ എസ് 400 ട്രയംഫ് മിസൈല്‍ സംവിധാനം ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങുന്നത്.
നാസാംസ്
നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം 2 എന്നത് ഭൂമിയില്‍ നിന്ന് തൊടുത്തു വിടുന്ന സ്റ്റിങ്ങര്‍ പോലുള്ള മിസൈലുകളും യന്ത്രത്തോക്കുകളും വിമാനങ്ങളില്‍ നിന്നോ കോപ്ടറുകളില്‍ നിന്നോ വിക്ഷേപിക്കുന്ന മീഡിയം റേഞ്ച് മിസൈലുകളും ത്രിമാന കാഴ്ച ലഭിക്കുന്ന റഡാറുകളും കമാന്‍ഡ്, കണ്‍ട്രോള്‍ യൂണിറ്റുകളുമുള്ള വിപുലമായ ഒന്നാണ്. പൂര്‍ണമായും കമ്പ്യൂട്ടര്‍ നിയന്ത്രിതം. വലിയ കെട്ടിടങ്ങള്‍ക്കു ചുറ്റിലും തുടര്‍ച്ചയായി വെടിയുതിര്‍ക്കാന്‍ പോലും ഇതിന് കഴിയും. അതായത് അമേരിക്കയില്‍ വിമാനമുപയോഗിച്ച് കെട്ടിടത്തില്‍ ഇടിച്ചുകയറ്റിയതു പോലുളള ആക്രമണങ്ങള്‍ പോലും തടയാന്‍ കഴിയും.
പല പാളികളായിട്ടാണ് കവചം. ഏറ്റവും പുറത്തെ പാളിയില്‍ (ലെയര്‍) ഡിആര്‍ഡിഒ നിര്‍മിച്ച ബാലിസ്റ്റിക് മിസൈലാകും സുരക്ഷ നല്‍കുക, 15 മുതല്‍ 25 കിലോമീറ്റര്‍ വരെ ഉയരത്തില്‍ പറന്ന് ശത്രുവിമാനം തകര്‍ക്കാന്‍ കഴിയുന്ന മിസൈലും 80 മുതല്‍ 100 കിലോമീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന പ്രിഥ്വി മിസൈലുമാണ് ഇതിന് ഉപയോഗിക്കുക. രണ്ടാം പാളിയില്‍ റഷ്യന്‍ സംവിധാനവും. റഷ്യന്‍ ട്രയംഫ് മിസൈലുകള്‍ക്കു പുറമേ ഇസ്രായേല്‍ നിര്‍മിത ബരാക്. മിസൈലുകളും ഇന്ത്യയുടെ ആകാശ് മിസൈലുകളും ഇതിലുപയോഗിക്കും. മൂന്നാം പാളിയിലാണ് യുഎസ് സംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: