ബെംഗളൂരു: പുല്‍വാമ ഭീകരാക്രമണ വാര്‍ഷിക ദിനത്തില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച കശ്മീരി സ്വദേശികളായ മൂന്നു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഐഎസ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ മുദ്രാവാക്യം വിളിച്ചത്. ഹുബ്ബള്ളി കെഎല്‍ഇ എന്‍ജിനീയറിങ് കോളേജിലെ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളായ അമീര്‍, താലിബ്, ബാഷിത് എന്നിവരെയാണ് ഗോകുലം റോഡ് പോലീസ് അറസ്റ്റു ചെയ്തത്. കശ്മീരി ഷോപ്പിയാന്‍ ജില്ലയില്‍ നിന്നുള്ളവരാണ് ഇവര്‍.
താലിബും ബാഷിതും ഒന്നാം വര്‍ഷവും അമീര്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമാണ്. സര്‍ക്കാര്‍ ക്വാട്ടയിലാണ് മൂവരും കോളേജില്‍ പ്രവേശനം നേടിയത്. വെള്ളിയാഴ്ച മൂവരും പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നത് സെല്ഫിയായി ചിത്രീകരിച്ച് വാട്സ്ആപ്പില്‍ ഇടുകയും സ്റ്റാറ്റസ് ആക്കുകയുമായിരുന്നു. പാക്കിസ്ഥാന് സിന്ദാബാദ്, വീ വാണ്ട് ആസാദി, ഫ്രീ കശ്മീര്‍ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് വിളിച്ചത്.
ഇന്നലെ രാവിലെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഹിന്ദുത്വ അനുകൂല സംഘടനകള്‍ കോളേജിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഇതോടെ പ്രിന്‍സിപ്പല്‍ ബസവരാജ് അനാമി വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസില്‍ പരാതി നല്കി. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാജ്യദ്രോഹം, സാമുദായിക ഐക്യം തകര്‍ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
മുഖംമൂടി ധരിപ്പിച്ച് പോലീസ് സ്റ്റേഷനിലെത്തിച്ച വിദ്യാര്‍ത്ഥികളെ ചിലര്‍ ആക്രമിക്കാന്‍ ശ്രമിച്ചതിനെത്തതുടര്ന്ന് ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി ഹുബ്ബള്ളി-ധര്‍ബാദ് പോലീസ് കമ്മീഷണര്‍ ആര്. ദിലീപ് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവ പിടിച്ചെടുത്തു. ഇവ വിശദമായ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
പിടിയിലായവരുടെ പൂര്‍വകാല പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. മൂന്നു വിദ്യാര്‍ത്ഥികളെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതായി കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. പാക് അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ ശക്തമായ നീയമ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര നിയമ-പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: