ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വിള്ളല്‍ രൂക്ഷം. കമല്‍നാഥ് സര്‍ക്കാരിന് താക്കീതുമായി എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത്. താത്കാലിക അധ്യാപകരെ സ്ഥിരമാക്കുന്നതുമായി ബന്ധപ്പെട്ട് കമല്‍നാഥ് സര്‍ക്കാര്‍ നല്കിയ വാക്ക് പാലിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന് സിന്ധ്യ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മധ്യപ്രദേശിലെ നിവാദി ജില്ലയിലെ റാലിയില്‍ സംസാരിക്കവെയാണ് കമല്‍നാഥ് സര്‍ക്കാരിനെ സിന്ധ്യ രൂക്ഷമായി വിമര്‍ശിച്ചത്.
സ്ഥിര നിയമനം ലഭിക്കാത്തതിന്റെ പേരില്‍ താത്കാലിക അധ്യാപകര്‍ കഴിഞ്ഞ അറുപത് ദിവസമായി പ്രതിഷേധത്തിലാണ്. താത്കാലിക അധ്യാപകരെ സ്ഥിരമാക്കുകയെന്നത് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ്. പ്രകടനപത്രികയെന്നത് പവിത്രമാണ്. അതിലെ എല്ലാ വാഗ്ദാനങ്ങളും പാലിക്കപ്പെടുന്നില്ലെങ്കില്‍ നിങ്ങള്‍ ഒറ്റയ്ക്കാണെന്ന് ചിന്തിക്കരുത്. തെരുവിലിറങ്ങാന്‍ നിങ്ങളോടൊപ്പമുണ്ടാകും, സിന്ധ്യ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരമേറി ഒരു വര്‍ഷം കഴിഞ്ഞതേയുള്ളു. അധ്യാപകര്‍ അല്‍പ്പം ക്ഷമ കാണിക്കണം. നിങ്ങളുടെ അവസരം വരും. ഇല്ലെങ്കില്‍ നിങ്ങളുടെ ആയുധമായും ആശ്രയമായും ഒപ്പമുണ്ടാകുമെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു.
പ്രകടനപത്രികയെന്നത് അഞ്ച് മാസത്തേക്കല്ല, അഞ്ച് വര്‍ഷത്തേക്കാണെന്നാണ് മുഖ്യമന്ത്രി കമല്‍നാഥ് ഇതിനോട് പ്രതികരിച്ചത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ എത്രത്തോളം പാലിച്ചുവെന്നതിനെക്കുറിച്ച് പാര്‍ട്ടി പ്രസിഡന്റ് സോണിയയുമായി ചര്‍ച്ച നടത്തിയെന്നും കമല്‍നാഥ് പറഞ്ഞു.
ജ്യോതിരാദിത്യ സിന്ധ്യ ഒരിക്കലും തെരുവിലിറങ്ങരുതെന്നാണ് മധ്യപ്രദേശ് പൊതു ഭരണ വകുപ്പ് മന്ത്രി ഗോവിന്ദ് സിങ് പറഞ്ഞത്. സിന്ധ്യ സംസ്ഥാന നേതാവാണ്. അദ്ദേഹത്തിന് തെരുവിലിറങ്ങേണ്ട ആവശ്യമില്ല. നിലവിലെ പ്രശ്നങ്ങള്‍ സിന്ധ്യയും മുഖ്യമന്ത്രിയും തമ്മില്‍ ചര്‍ച്ച ചെയ്യണം, ഗോവിന്ദ് സിങ് പറഞ്ഞു. താത്കാലിക അധ്യാപകരെ പെട്ടെന്ന് സ്ഥിരമാക്കാന്‍ സാധിക്കില്ല. അതിന് നിയമമുണ്ട്. അതനുസരിച്ച് മാത്രമേ അവര്‍ക്ക് സ്ഥിര നിയമനം നല്‍കാനാകൂവെന്നും ഗോവിന്ദ് സിങ് വ്യക്തമാക്കി. ദല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയം നിരാശാജനകമാണെന്നും പുതിയ ആശയങ്ങള്‍ക്കൊത്ത് പാര്‍ട്ടി സ്വയം മാറണമെന്നും സിന്ധ്യ അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: