ന്യൂദല്‍ഹി: പാക് പാര്‍ലമെന്റില്‍ ജമ്മു കശ്മീര്‍ വിഷയമുന്നയിച്ച തുര്‍ക്കിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇതില്‍ തുര്‍ക്കി ഇടപെടേണ്ടതില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന പാക് പാര്‍ലമെന്റിന്റെ സംയുക്ത യോഗത്തില്‍ തുര്‍ക്കി പ്രസിഡന്റ് തയ്യിപ്പ് എര്‍ദോഗനാണ് കശ്മീര്‍ വിഷയം ഉന്നയിച്ചത്. എര്ദോഗന് കശ്മീര്‍ സംബന്ധിച്ച് നടത്തിയ പ്രസ്താവനകളെല്ലാം ഇന്ത്യ തള്ളി. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ തുര്‍ക്കി ഇടപെടേണ്ടതില്ല. വസ്തുതകള്‍ ശരിക്ക് പഠിക്കണം. പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരപ്രവര്‍ത്തനം ഇന്ത്യക്കും മേഖലയ്ക്കു തന്നെയും ഉയര്‍ത്തുന്ന ഭീഷണികളും നിങ്ങള്‍ മനസിലാക്കണം, രവീഷ് കുമാര്‍ തുടര്‍ന്നു.
പാക് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത എര്ദോഗന്, കശ്മീര്‍ കാര്യത്തില്‍ തുര്‍ക്കി പാക്കിസ്ഥാനൊപ്പമെന്ന് പ്രഖ്യാപിച്ചിരുന്നു. അടിച്ചമര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല. പതിറ്റാണ്ടുകളായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഞങ്ങളുടെ കശ്മീരി സഹോദരന്മാരും സഹോദരികളും അടുത്ത കാലത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ കൈക്കൊണ്ട ചില നടപടികള്‍ കാരണം ( 370-ാം വകുപ്പ് നീക്കിയത്) കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്നും നിങ്ങള്‍ക്ക് (പാക്കിസ്ഥാനികള്‍ക്ക്) കശ്മീര്‍ വിഷയം എത്രയും പ്രിയപ്പെട്ടതാണോ അതുപോലെയാണ് ഞങ്ങള്ക്കുമെന്നും തുര്‍ക്കി പ്രസിഡന്റ് പറഞ്ഞിരുന്നു.
ഓട്ടോമാന്‍ സാമ്രാജ്യവും സഖ്യകക്ഷികളും തമ്മില്‍ തുര്‍ക്കിയിലെ ഗല്ലിപോളയില് യുദ്ധം നടന്നിരുന്നു. രണ്ടു ചേരിയിലുമായി രണ്ടു ലക്ഷത്തോളം സൈനികര്‍ കൊല്ലപ്പെട്ടു. ഗല്ലിപോളയും കശ്മീരും തമ്മില്‍ വ്യത്യാസമില്ല. പാക്കിസ്ഥാന് തന്റെ രണ്ടാമത്തെ വീടാണ്, പ്രധാനമന്ത്രി ഇമ്രാന് ഖാന് സഹോദരനും. എര്ദോഗന് പറഞ്ഞു.മുന്‍പും ഐക്യരാഷ്ട്രസഭയിലടക്കം കശ്മീര്‍ വിഷയമുന്നയിക്കാന്‍ എര്ദോഗന് ശ്രമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: