ബഹുമാനപ്പെട്ട ഇഎംഎസ് നമ്പൂതിരിപ്പാട് അവര്‍കള്‍ക്ക് സാദര നമസ്കാരം,
സാമുദായിക സൗഹാര്‍ദ്ദവും ദേശീയ താല്‍പ്പര്യവും സംരക്ഷിക്കാന്‍ വേണ്ടി ഇന്ത്യയിലെ നാല് ഇടതുപക്ഷ കക്ഷികള്‍ ദേശവ്യാപകമായി സംയുക്ത പ്രചാരണം നടത്തുവാന്‍ തീരുമാനിച്ചതായി പത്ര വാര്‍ത്ത കണ്ടു. അയോധ്യയില്‍ ശ്രീരാമജന്മഭൂമി ക്ഷേത്രം പണിയുവാനുള്ള പ്രചാരണം വളര്‍ത്തുന്ന വര്‍ഗീയതയ്ക്കെതിരെയാണ് ഈ പരിപാടി എന്ന് പ്രസ്താവനയില്‍ പറയുന്നു. ഭാരതീയ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ ശ്രീ. എല്‍.കെ. അദ്വാനി നടത്തുന്ന രഥയാത്ര പരിപാടി സ്ഥിതിഗതികള്‍ വഷളാക്കുമെന്ന് തങ്ങള്‍ വിലയിരുത്തുന്നതായി പ്രസ്താവന വ്യക്തമാക്കിയിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ നാടിന് ഗുണകരമായേക്കാം എന്നുതോന്നുന്ന ഒരു നിര്‍ദ്ദേശം താങ്കളുടെ ശ്രദ്ധയ്ക്കുവേണ്ടി സമര്‍പ്പിക്കുവാനാണ് ഈ കത്തെഴുതുന്നത്.
ശ്രീരാമജന്മഭൂമി പ്രശ്നത്തില്‍ ഈയിടെയായി താങ്കളുടെ നിലപാടില്‍ വന്നുകാണുന്ന മാറ്റം സ്വാഗതാര്‍ഹമാണ്. ഇന്നവിടെ നില്ക്കുന്ന കെട്ടിടം ഒരു ദേശീയ സ്മാരകമായി നിലനിര്‍ത്തണം എന്നതായിരുന്നുവല്ലോ താങ്കളുടെ ആദ്യ നിലപാട്. അവിടെ ഒരു ക്ഷേത്രം പണിയുന്നതിനെ താങ്കള്‍ ശക്തിയായി എതിര്‍ത്തിരുന്നു. എന്നാല്‍ മദിരാശി പ്രസ്താവനയില്‍ ദേശീയ സ്മാരകം എന്ന ആശയം തന്നെ താങ്കള്‍ ഉന്നയിച്ചിട്ടില്ല. ക്ഷേത്രം പണിയണം എന്ന ആവശ്യം പക്ഷേ തുറന്ന് അനുകൂലിക്കുകയും ചെയ്തിരുന്നു. അത് പള്ളി പൊളിക്കാതെ വേണം എന്ന ഉപാധി മാത്രമേ മുന്നോട്ടുവച്ചിട്ടുള്ളൂ. ശക്തവും ദേശവ്യാപകവുമായ ജനകീയ വികാരത്തിന്റെ അംഗീകാരവും യാഥാര്‍ത്ഥ്യബോധത്തിന്റെ തെളിവുമാണ് ഇത് എന്നതിന് സംശയമില്ല.
ദേശീയ സ്മാരക നിര്‍മാണം എന്ന ആശയം താങ്കള്‍ ഉപേക്ഷിച്ചതിന്റെ കാരണം മനസ്സിലാക്കാന്‍ വിഷമമില്ല. അങ്ങനെയൊരാവശ്യം ഉന്നയിച്ചപ്പോഴായിരുന്നു അദ്ഭുതം തോന്നിയത്. കാരണം അങ്ങാടിപ്പുറത്തെ തളിക്ഷേത്രം പുതുക്കിപ്പണിയുവാന്‍ യശഃശരീരനായ കേളപ്പജി മുന്‍കൈയെടുത്ത സന്ദര്‍ഭത്തില്‍ അതിനെ എതിര്‍ത്തുകൊണ്ട്, പകരം ദേശീയ സ്മാരകമായി അതിനെ സംരക്ഷിക്കണമെന്നു നിര്‍ദ്ദേശിച്ചത് അന്ന് കേരള മുഖ്യമന്ത്രിയായിരുന്ന താങ്കള്‍ തന്നെയായിരുന്നു. ഒടുവില്‍ ജനങ്ങളുടെ ആവശ്യത്തിന് വഴങ്ങി തളിക്ഷേത്രം പണികഴിപ്പിക്കാനുള്ള നീക്കത്തെ താങ്കള്‍ക്ക് അംഗീകരിക്കേണ്ടി വന്നു. താരതമ്യേന അപ്രധാനമായ ഒരു കൊച്ചു ക്ഷേത്രത്തിന്റെ കാര്യത്തില്‍ പോലും ജനവികാരം ഇത്ര ശക്തമാണെങ്കില്‍, ശ്രീരാമജന്മഭൂമിയെപ്പോലുള്ള ഒരു ഐതിഹാസിക തീര്‍ത്ഥാടന കേന്ദ്രത്തിന്റെ കാര്യത്തില്‍ അത് എത്രകണ്ട് പ്രധാനവും തീവ്രവുമായിരിക്കുമെന്ന് സ്വന്തം അനുഭവത്തില്‍നിന്ന് താങ്കള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടാണ് താങ്കളുടെ ആദ്യ നിര്‍ദ്ദേശത്തില്‍ എനിക്ക് അദ്ഭുതം തോന്നിയത്.
ഈ പ്രശ്നം കോടതിയുടെ പരിധിയില്‍പ്പെട്ടതോ കോടതി വിധികൊണ്ട് പരിഹരിക്കാവുന്നതോ അല്ല എന്ന പരമാര്‍ത്ഥവും ഇപ്പോള്‍ താങ്കള്‍ അംഗീകരിച്ചിരിക്കുന്നു. അമ്പലം പണിയണം എന്ന പ്രബലമായ വികാരം അംഗീകരിച്ച് കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക് ഇനി അവശേഷിക്കുന്ന പ്രശ്നം പള്ളി പൊളിക്കുന്നതിനെക്കുറിച്ച് മാത്രമാണ്. ഇന്ന് വാസ്തവത്തില്‍ അവിടെയൊരു പള്ളി നിലവിലില്ല. ‘ബാബറി മസ്ജിദ്’ എന്നറിയപ്പെടുന്നത് ഒരുകാലത്തും ലക്ഷണമൊത്ത ഒരു പള്ളിയായിരുന്നില്ല. ഹിന്ദുക്കളുടെ നിരന്തരമായ എതിര്‍പ്പ് കാരണമാണ് പണി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതെന്നാണ് ചരിത്രം പറയുന്നത്. അതായത് 1936 മുതല്‍ ആ കെട്ടിടത്തിനുള്ളില്‍ ഒരിക്കല്‍പ്പോലും മുസ്ലിങ്ങള്‍ പ്രാര്‍ത്ഥിച്ചിട്ടില്ല. അതേസമയം 1949 ഡിസംബര്‍ മുതല്‍ ദിവസേന ഹിന്ദുക്കള്‍ അവിടെ പൂജകളും അഖണ്ഡ ഭജനകളും നടത്തിവരുന്നുണ്ട്. ഇതെല്ലാം നിയമത്തിന്റെയും, കോടതിയുടെയും, സര്‍ക്കാരിന്റെയും അംഗീകാരത്തോടുകൂടിയാണുതാനും. ഫലത്തില്‍ 41 കൊല്ലമായി അതൊരു ക്ഷേത്രമായാണ് പ്രവര്‍ത്തിക്കുന്നത് എന്നര്‍ത്ഥം. അവിടത്തെ പൂജാരിയെ നിയമിക്കുന്നതും ശമ്പളം കൊടുക്കുന്നതും സര്‍ക്കാര്‍ തന്നെയാണ്. ഈ യാഥാര്‍ത്ഥ്യങ്ങളൊന്നും താങ്കള്‍ക്ക് അറിവില്ലാത്തതാണെന്ന് ഞാന്‍ കരുതുന്നില്ല.
ഇതെല്ലാം വെറും സാങ്കേതിക വാദങ്ങള്‍ ആയിരിക്കാം. മുസ്ലിങ്ങളുടെ ദൃഷ്ടിയില് അത് ഇന്നും ഒരു പള്ളിതന്നെയാണെന്ന് വാദിച്ചേക്കാം. എന്നാല്‍ പതിറ്റാണ്ടുകളായി ഉപയോഗിക്കാത്തതും ഭാരതത്തിലെ അസംഖ്യം പള്ളികളില്‍ ഒന്നുമായതുമായ ‘ബാബറി മസ്ജിദി’നോട് സാധാരണ മുസ്ലിമിന് വൈകാരികമായ ബന്ധമൊന്നുമില്ല. അതേസമയം ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ശ്രീരാമജന്മഭൂമിയെക്കുറിച്ചുള്ള വികാരം അതുല്യമാണ്. അവര്‍ക്ക് ഒരു ശ്രീരാമനും ശ്രീരാമജന്മഭൂമിയും മാത്രമേയുള്ളൂ. സാധാരണ മുസ്ലിമിന് വിശുദ്ധ മെക്ക എങ്ങനെയാണോ അങ്ങനെയാണ് ഹിന്ദുവിന് അയോധ്യ എന്നു പറഞ്ഞാല്‍ തെറ്റില്ല.
ഈ പറഞ്ഞതിനര്‍ത്ഥം പള്ളി നശിപ്പിക്കണമെന്നല്ല. അങ്ങനെ ചെയ്യുന്നത് ഹിന്ദു സംസ്കാരത്തിനോ ഭാരതീയ പാരമ്പര്യത്തിനോ യോജിക്കുന്നതുമല്ല. പ്രശ്നത്തിന് മറ്റു തരത്തില്‍ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കേണ്ടി വരുമെന്നാണ് സൂചിപ്പിക്കുന്നത്. ജന്മസ്ഥലം ഇളക്കി മാറ്റാന്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍, ചെയ്യാവുന്നത്, ‘ബാബറി മസ്ജിദ്’എന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതും 45 കൊല്ലമായി നിരന്തരമായി ആരാധന നടത്തുക വഴി ഹിന്ദുക്കള്‍ ക്ഷേത്രമായി ഉപയോഗിക്കുന്നതുമായ കെട്ടിടം അവിടെ നിന്ന് കേടുപാടുകൂടാതെ മാറ്റി സ്ഥാപിക്കുക മാത്രമാണ്. മുസ്ലിങ്ങള്‍ക്ക് സ്ഥലത്തോടല്ല, കെട്ടിടത്തോടാണ് ആദരവും ആഭിമുഖ്യവും, ഹിന്ദുക്കള്‍ക്ക് മറിച്ചും. ആ നിലയ്ക്ക് പരിഹാരമാര്‍ഗം സ്പഷ്ടമാണ്. അതിനാവശ്യമായ ശാസ്ത്രീയ-സാങ്കേതിക വൈദഗ്ധ്യം ഇന്ന് ഉപലബ്ധമാണ്. ഈജിപ്റ്റില്‍ അസ്വന്‍ അണക്കെട്ട് പണി കഴിപ്പിക്കാന്‍ വേണ്ടി ഒരു വലിയ ആരാധനാലയം മാറ്റി സ്ഥാപിക്കുകയുണ്ടായി. ആന്ധ്രാപ്രദേശില്‍ നാഗാര്‍ജുന പദ്ധതിക്കുവേണ്ടി സംഗമേശ്വര ക്ഷേത്രവും ഈ അടുത്തു മാത്രമാണല്ലോ 600 മീറ്റര്‍ അകലേക്ക് നീക്കം ചെയ്തത്. ഈ ഉപായം ശ്രീരാമജന്മഭൂമിക്കാര്യത്തിലും സ്വീകരിക്കാവുന്നതാണ്.
എന്റെ ഏറ്റവും വിനീതമായ അഭിപ്രായം താങ്കളെപ്പോലുള്ള സമുന്നത നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഐതിഹാസികമായ പങ്കുവഹിക്കാന്‍ കഴിയും എന്നാണ്. ഭാരതത്തിന്റെ ദേശീയ വികാരം വെറും ഹിന്ദുക്കളുടെ മതവികാരം മാത്രമല്ല; അത് മാനിക്കാന്‍ മുസ്ലിം സമൂഹത്തെ ഉപദേശിക്കുവാന്‍ താങ്കളെപ്പോലുള്ളവര്‍ മുന്നോട്ടുവരണം. പ്രത്യേകിച്ച് നഷ്ടമൊന്നുമില്ലാത്ത ഇക്കാര്യത്തില്‍ പ്രാഥമികമായ ഒരു സൗമനസ്യ പ്രകടനത്തിന് മുസ്ലിം സഹോദരങ്ങള്‍ തയ്യാറാകണം. അതുകൊണ്ടുണ്ടാകുന്ന നേട്ടം വലുതും ശാശ്വതവുമായിരിക്കും. അത് ഭാരതത്തിന്റെ ചരിത്രത്തില്‍ ഒരു വഴിത്തിരിവായി നിലനില്ക്കുകയും ചെയ്യും. നേരെ മറിച്ച് ശ്രീരാമജന്മഭൂമി കാര്യത്തില്‍ ഹിന്ദുക്കള്‍ക്കുള്ള തീവ്രമായ അഭിലാഷം അംഗീകരിക്കാതെ അതിനെ തടസ്സപ്പെടുത്തുന്നിടത്തോളം കാലം താങ്കള്‍ വിവക്ഷിക്കുന്ന ”സമുദായ സൗഹൃദവും ദേശീയ ഐക്യവും” വെറും മരീചിക മാത്രമായിരിക്കും.
ഒരു പ്രധാനപ്പെട്ട കാര്യംകൂടി പറഞ്ഞു കൊള്ളട്ടെ. ശ്രീമാന്‍ അദ്വാനിജി നടത്തുന്ന രഥയാത്രയുടെ മഹത്വം താങ്കള്‍ മനസ്സിലാക്കണം. ശ്രീരാമജന്മഭൂമി സമരത്തിലുള്ള ദേശീയവും ഹൈന്ദവുമായ വികാരങ്ങളെ മുഴുവന്‍ ആവാഹിച്ചെടുത്തുകൊണ്ട്, അതിന് സൃഷ്ടിപരവും ദേശസ്നേഹപരവുമായ മാനം നല്കുവാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അദ്വാനിയെപ്പോലെ സമുന്നതനും സമചിത്തനുമായ ഒരു നേതാവ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് ആശ്വാസകരമാണ്. പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള വാഗ്ദാനവുമാണ്. അതിന് കോട്ടം സംഭവിക്കുന്നത് നിയന്ത്രണാതീതവും ആപല്‍ക്കരവുമായ ഭവിഷ്യത്തുക്കള്‍ക്ക് വഴിവച്ചേക്കാം. കാരണം പരിപക്വമായ നേതൃത്വം പരാജയപ്പെടുന്നിടത്ത്, ആ സ്ഥാനത്തേക്ക് കടന്നുവരുന്നത് വികാരംകൊണ്ട് പന്താടുന്ന സങ്കുചിത നേതൃത്വമായിരിക്കും. അങ്ങനെ സംഭവിച്ചാലുള്ള അപകടം ഊഹിക്കാന്‍ പോലും ഭയം തോന്നുന്നു. അതുകൊണ്ട് അവസാനമായി എനിക്ക് പറയാനുള്ളത്, താങ്കളുടെ സ്വാധീനം മുഴുവന്‍ ഉപയോഗപ്പെടുത്തി മേല്‍പ്പറഞ്ഞ തരത്തിലുള്ള ഒരു സൗമനസ്യ പ്രകടനത്തില്‍ മുസ്ലിം സമൂഹത്തെ തയ്യാറാക്കാന്‍ പരമാവധി ശ്രമിക്കണം എന്നാണ്. ഇടതു പക്ഷ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വം ഈ വഴിക്ക് ശ്രദ്ധ തിരിച്ചാല്‍ അത് വലിയൊരു നേട്ടമായിരിക്കും. ചരിത്രം അതിനെ കൃതജ്ഞതയോടും അഭിമാനത്തോടും സ്മരിക്കുകയും ചെയ്യും. ഇടതുപക്ഷ കക്ഷികള്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന പ്രചാരണ പരിപാടികള്‍ ഈ ഉദ്ദേശ്യത്തോടുകൂടിയാണെങ്കില്‍ അത് അത്യന്തം പ്രയോജനകരമായിരിക്കും.
എന്ന്
തിരുവനന്തപുരം
28/09/90 പി. പരമേശ്വരന്
പ്രിയപ്പെട്ട പരമേശ്വര്‍ജി അറിയുന്നതിന്,
ഇതില്‍ ഒരു പ്രസ്താവന ഉള്ളടക്കം ചെയ്തിരിക്കുന്നത് അങ്ങ് ശ്രദ്ധയോടെ വായിച്ചുനോക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇക്കാര്യത്തില്‍ മറിച്ചൊരു അഭിപ്രായം അങ്ങേയ്ക്ക് ഉണ്ടാകുവാനിടയില്ലെന്ന് ഞങ്ങള്‍ക്കറിയാം. ജനു. 1-ാം തീയതി വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം ഹോട്ടലില്‍ വച്ച് ഈ വിഷയത്തെക്കുറിച്ച് ആലോചിക്കാനായി കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന കുറച്ചു പേര് വന്നുചേരുന്നുണ്ട്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് എപ്പോഴും ചിന്തിക്കുകയും അതിലേക്കായി അര്‍പ്പിത ജീവിതം നയിക്കുന്ന അങ്ങയെപ്പോലുള്ളവര്‍ക്ക് ഇതില്‍ സംബന്ധിക്കുവാന്‍ സന്തോഷമേ ഉണ്ടാവുകയുള്ളൂ എന്നറിയാം. ഞങ്ങള്‍ എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും കത്തുകളയച്ചിട്ടുണ്ട്. കാണാന്‍ പറ്റുന്നവരെ എല്ലാവരെയും നേരില്‍ക്കണ്ട് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഞങ്ങളുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് അങ്ങയെ ഞങ്ങളോടൊപ്പം നിര്‍ത്തി അല്ലെങ്കില്‍ അങ്ങയോടൊപ്പം ഞങ്ങളെ നിര്‍ത്തി ഈ വലിയ കാര്യത്തില്‍ പ്രവര്‍ത്തിക്കണമെന്ന്. അതുകൊണ്ട് അങ്ങ് നിശ്ചയമായും വരണം. അനന്തര കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശം നല്‍കണം. തിരുവനന്തപുരം ഹോട്ടലില്‍ വച്ച് 1-ാം തീയതി 4 മണിക്ക് കാണാമെന്ന പ്രതീക്ഷയോടെ
അങ്ങയെ സ്നേഹിക്കുകയും
ആദരിക്കുകയും ചെയ്യുന്ന
23-12-89 നിത്യ ചൈതന്യയതി
പ്രിയപ്പെട്ട പരമേശ്വര്‍ജി,
അങ്ങ് ഏപ്രില്‍ 22, 23 തീയതികളില്‍ തിരുവനന്തപുരത്ത് ഉണ്ടാകുമല്ലോ. 23-ാം തീയതി വൈകുന്നേരം എനിക്ക് ഒഴിവാണ്. അന്ന് ഭാരതീയ വിചാര കേന്ദ്രത്തിന്റെ യോഗം വച്ചാല്‍ ഞാന്‍ പങ്കെടുക്കാം. വിഷയം കൊടുങ്ങല്ലൂര്‍ ഭരണി.
ഞാന്‍ മിക്കവാറും ട്രിവാന്‍ഡ്രം ഹോട്ടലിലായിരിക്കും താമസം. അവിടെ കിട്ടിയില്ലെങ്കില്‍ ആര്. രാമചന്ദ്രന് നായര്‍ (ഐഎഎസ്) അവര്‍കളെ ടെലിഫോണ്‍ ചെയ്താല്‍ എന്നെ കിട്ടും. അദ്ദേഹത്തിന്റെ ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ വരുന്നത്.
സസ്നേഹം
30-03-90 വി.ടി. ഇന്ദുചൂഡന്
പ്രിയ പരമേശ്വര്‍ജി,
നമസ്കാരം-എറണാകുളത്ത് നിന്ന് 1.07.94 ല്‍ എനിക്ക് കോയമ്പത്തൂര്‍ വിലാസത്തില്‍ അയച്ച കത്തും, അതില്‍ ഉള്ളടക്കം ചെയ്ത ഡോ.കെ. ബാലന് പിള്ളയുടെ കത്തും ഇന്ന് ഇവിടെ കിട്ടി. ഞാന്‍ ആശുപത്രിയില്‍ നിന്ന് 2-ാം തീയതി ഒഴിവായി, പാലക്കാട്ട് ചെന്ന്, പെറ്റമ്മയുടെ രണ്ടാം ചരമദിന ചടങ്ങുകളില്‍ പങ്കെടുത്തശേഷം 3 ന് ഡല്‍ഹിയിലും 4 ന് ജമ്മുവിലും എത്തി. 5-ാം തീയതിയിലെ സത്യഗ്രഹ പരിപാടി കഴിഞ്ഞ് ഇവിടെ വീട് റിപ്പയര്‍ തുടങ്ങിയ കാര്യങ്ങളില്‍ കുടുങ്ങി വിശ്രമമില്ലാതെ കഴിയുന്നു. നാളെ പാര്‍ട്ടി ആവശ്യപ്പെട്ട പ്രകാരം മേഘാലയത്തിലേക്കു പാര്‍ലിമെന്ററി ഡെലിഗേഷന് പോകുന്നു. 15 ന് തിരിച്ചുവന്ന് 16 ന് കേരളത്തിലേക്കു പുറപ്പെടുന്നു. പാലക്കാട്ടുനിന്ന് ശാന്തയെയും കൂട്ടി തിരുവനന്തപുരം വഴി 20 ന് ഡല്‍ഹിയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ശാന്ത ചികിത്സക്കായി, കോയമ്പത്തൂരില്‍ വന്നില്ല, ഭേദമായിട്ടില്ല. ഇവിടെ കൊണ്ടുവന്ന് നോക്കാം എന്ന് വിചാരിക്കുന്നു. ഭാസ്കര്‍റാവുജി, ഹരിയേട്ടന് എന്നിവരുമായി ഫോണില്‍ സംസാരിക്കാനേ കഴിഞ്ഞുള്ളൂ. നമ്മുടെ ആലുവ ചൊവ്വര പി.ആര്.കെ. മേനോന് ഡല്‍ഹിയോടു വിടപറഞ്ഞ് ഈ മാസാവസാനം, 31 ന്, കുടുംബസഹിതം നാട്ടിലേക്കു തിരിക്കുകയാണ്. ഡല്‍ഹി ഒരു നഷ്ടം തന്നെയാണ്.
ഡോ. ബാലന്‍പിള്ളയുടെ കാര്യത്തില്‍, എന്റെ അഭിപ്രായത്തില്‍ ചെയ്യാന്‍ പറ്റുന്നത്, അദ്ദേഹം ശ്രീമതിയുടെ സ്ഥലംമാറ്റ കാര്യത്തിലുള്ള കുടുംബ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച്, മന്ത്രിക്ക് ഒരു നിവേദനം അയയ്ക്കുകയും, അതിന്റെ copy എനിക്ക് അയച്ചു തരികയും ചെയ്താല്‍ ഞാന്‍ ആയത് എന്റെ കത്തോടുകൂടി മന്ത്രിക്ക് അയക്കാം. എന്നാല്‍ ചിലപ്പോള്‍ പ്രയോജനം ഉണ്ടാകും.
പരമേശ്വര്‍ജി ഇന്ന് തിരുവനന്തപുരത്ത് വി.ജെ.ടി. ഹാളില്‍ പ്രസംഗിക്കുന്നതായി മാരാര്‍ പറഞ്ഞു. എന്റെ സുഖക്കേട് മാറി എന്ന് പറയാറായിട്ടില്ല. പരമേശ്വര്‍ജിയെപ്പറ്റി കോയമ്പത്തൂരില്‍ കൃഷ്ണകുമാറും, ഡോ. വാരിയരും അന്വേഷിച്ചു. അവര്‍ പരമേശ്വര്‍ജിയെ കാത്തിരിപ്പാണ്.
എന്ന് സസ്നേഹം
ന്യൂഡല്‍ഹി-1
12-07-94 ഒ. രാജഗോപാല്‍
പ്രിയ പരമേശ്വര്‍ജി,
നമസ്തേ, കോട്ടയം യോഗത്തില്‍ വച്ച് രാമജന്മഭൂമി പ്രശ്നത്തെക്കുറിച്ച് സ്ഥലത്തുപോയി അന്വേഷിച്ച് പരസ്പരം ധാരണയ്ക്ക് വഴിയൊരുക്കുന്നതിനായി ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു.
താഴെ പറയുന്നവരാണ് അംഗങ്ങള്‍.
Dr. M.V. Paily (former Vice chancellor)
Sri. D. C. Kizhakemuri
Sri. B. Willingden
Sri. K.E. Maman
Sri. Joseph Pulikkunel (Convener)
ഈ വാര്‍ത്ത പല പത്രങ്ങളിലും വന്നു. 12-ാം തീയതിയായിരുന്നു യോഗം. യുദ്ധം 15-ാം തീയതി പൊട്ടിപ്പുറപ്പെട്ടു. കൗണ്‍സില്‍ തെരഞ്ഞെടുപ്പും. അതുകൊണ്ട് ഫെബ്രുവരിയില്‍ ഒന്നിച്ചുകൂടി ഒരു തീരുമാനമെടുക്കാമെന്ന് പരസ്പരം സമ്മതിച്ചു. മാത്രമല്ല, ദല്‍ഹിയില്‍ വലിയ തണുപ്പും. 7-ാം തീയതി ഒന്നുകൂടി കൂടുന്നുണ്ട്. ഫെബ്രുവരി മാസത്തില്‍ പോകാമെന്നു വിചാരിക്കുന്നു.
2/2/90
മഹാത്മന്,
നമോവാകം, ഞായറാഴ്ച വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ട കുറിപ്പ് വലിയൊരു നഷ്ടബോധം എന്നില്‍ ഉളവാക്കി. ഏറെ കാലത്തിനുശേഷം കിട്ടിയ അവസരം പാഴായിപ്പോയി. അപ്പോള്‍ ഞാനിവിടെ ഇല്ലാതെ വന്നതില്‍ ഖേദിക്കുന്നു. തിരക്കുപിടിച്ച ജോലിയുടെ നടുവിലായതുകൊണ്ട് അടുത്തൊന്നും നമുക്കിരുവര്‍ക്കും അന്യോന്യം കാണാനൊത്തില്ല. എപ്പോഴാണ് കാണുക? കാണുമ്പോള്‍ ചിലതൊക്കെ സംസാരിപ്പാനുണ്ടു- ‘രാഷ്ട്രീയ’മല്ലാത്ത ചില രാഷ്ട്രീയ കാര്യങ്ങള്‍. ആരോഗ്യം തൃപ്തികരമായി തുടരുന്നില്ലേ? ക്ഷേമം ആശംസിക്കുന്നു.
കോഴിക്കോട് സ്നേഹപൂര്‍വം
10-01-94 സ്വന്തം വി. പനോളി
പ്രിയ ശ്രീ. പരമേശ്വരന്,
ഞാന്‍ വൈകിയാണ് താങ്കള്‍ക്ക് മറുപടി അയയ്ക്കുന്നത്. ദീര്‍ഘമായൊരു കത്തെഴുതണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ദൗര്‍ഭാഗ്യവശാല്‍ എനിക്കതിന് കഴിയുന്നില്ല. അതിനാല്‍ താങ്കളുടെ ഹൃദ്യവും ഊഷ്മളവുമായ കത്തിന് ചുരുങ്ങിയ വാക്കുകളില്‍ മറുപടി നല്കട്ടെ.
ഇന്നു രാവിലെയാണ് ഹിന്ദി എഴുത്തുകാരന് നിര്‍മല്‍ വര്‍മ ഹൈഡല്‍ബര്‍ഗ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പ്രബന്ധം ഞാന്‍ വായിച്ചുതീര്‍ത്തത്. അതിന്റെ ഒരു കോപ്പി താങ്കള്‍ക്ക് അയയ്ക്കാം. കാരണം കിഴക്കും പടിഞ്ഞാറും തമ്മിലെ സമാഗമത്തെക്കുറിച്ച് എനിക്ക് വായിക്കാന്‍ കഴിഞ്ഞിട്ടുള്ളതില്‍ ഏറ്റവും ഭാവാത്മകമായ ഒന്നാണത്. അതിനിടെ ചോദിക്കട്ടെ, ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പ്രൊഫ. ജി.എല്‍. മേത്തയെ വായിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഒരു ദിവസം നമുക്കൊരുമിച്ചിരുന്ന് ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണം. സാഹിത്യകാരനെന്ന നിലയ്ക്ക് എന്റെ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് അത് വളരെ പ്രധാനമാണ്.
സെപ്റ്റംബര്‍ 17, 1990 ആത്മാര്‍ത്ഥതയോടെ,
യു.ആര്. അനന്തമൂര്‍ത്തി ,വൈസ് ചാന്‍സലര്‍ (എംജി യൂണിവേഴ്സിറ്റി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: